കഞ്ചിക്കോട്: പാലക്കാട് ജില്ലയില്‍ അനധികൃത ഇഷ്ടികച്ചൂളകള്‍ക്കെതിരെ ആദ്യമായി വിജിലന്‍സും നടപടിതുടങ്ങി. ചുള്ളിമടയില്‍ ബുധനാഴ്ച 17 ചൂളകളില്‍ നടത്തിയ റെയ്ഡില്‍ കോടികള്‍ വിലമതിക്കുന്ന ഇഷ്ടികകളും അനുബന്ധസാധനങ്ങളും പിടികൂടി. ഇവ റവന്യു വകുപ്പിന് കൈമാറി. 20 ലക്ഷം ഇഷ്ടികകള്‍ കണ്ടുകെട്ടി. ഏഴിടത്ത് മണ്ണുകുഴിച്ചെടുത്തതിനുമാത്രം ജിയോളജി വകുപ്പിന് 66,18,120 രൂപ പിഴ ഈടാക്കാനും നിര്‍ദേശം നല്‍കി. ഇഷ്ടികകളുടെ വില കണക്കാക്കിയിട്ടില്ല.

നാലുമാസമായി ഇവിടെ ലൈസന്‍സില്ലാതെ ഇഷ്ടിക നിര്‍മിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബുധനാഴ്ച 8.30ന് ഡിവൈ.എസ്.പി. എം. സുകുമാരന്റെ നേതൃത്വത്തിലായിരുന്നു മിന്നല്‍പരിശോധന. നാലുമാസമായി തുടരുന്ന ഇഷ്ടിക നിര്‍മാണത്തിനെതിരെ റവന്യു-ഫോറസ്റ്റ്-കൃഷി-മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പുകള്‍ കണ്ണടച്ചെന്നാണ് സൂചന.

പുതുശ്ശേരി സെന്‍ട്രല്‍ വില്ലേജിലെ ചുള്ളിമട കൊട്ടാമുട്ടിയിലാണ് അനധികൃത ഇഷ്ടികച്ചൂളകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഏഴ് വ്യക്തികളുടെ 32 ഏക്കറോളം പാട്ടത്തിനെടുത്തായിരുന്നു ഇഷ്ടികനിര്‍മാണം. ജെ.സി.ബി. ഉപയോഗിച്ച് അഞ്ചുമുതല്‍ 15 അടിയോളം താഴ്ചയില്‍ കുഴിച്ചാണ് മണ്ണെടുത്തിരുന്നത്. അതുതന്നെ 30 അടിയോളം വിസ്തൃതിയുള്ള കുളങ്ങളായി. ഭൂഗര്‍ഭജലത്തിന്റെ തോതുകുറഞ്ഞ് കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണിത്.

ഇതരസംസ്ഥാന തൊഴിലാളികളും തദ്ദേശവാസികളും ഇവിടെ കുടില്‍കെട്ടി താമസിച്ചായിരുന്നു ഇഷ്ടിക നിര്‍മാണമെന്ന് അധികൃതര്‍ പറഞ്ഞു. ചൂളനടത്തിപ്പിനെതിരെ നടപടി സ്വീകരിച്ചെന്ന് വരുത്തിത്തീര്‍ക്കുന്നതിനായി വില്ലേജോഫീസില്‍നിന്ന് ഇത്തരം കേന്ദ്രങ്ങള്‍ക്ക് സ്റ്റോപ്പ്‌മെമ്മോ നല്‍കുന്ന പൊതുരീതി ഇവിടെയുമുണ്ടായി. തൃപ്തികരമായ മറുപടി ലഭിക്കാത്തപക്ഷം ഒരാഴ്ചയ്ക്കുശേഷം ചൂളകള്‍ക്കെതിരെ തുടര്‍നടപടിയുണ്ടാകണമെന്നാണ് ചട്ടം.

എന്നാല്‍, സ്റ്റോപ്പ്‌മെമ്മോ നല്‍കിയ വില്ലേജധികൃതര്‍ തുടര്‍നടപടി സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തമായെന്നും അധികൃതര്‍ പറഞ്ഞു. സി.ഐ. എം. ശശിധരന്‍, എ.എസ്.ഐ. ബി. സുരേന്ദ്രന്‍, പി.ബി. നാരായണന്‍, ഷംസീര്‍ അലി, കെ.ആര്‍. അനില്‍കുമാര്‍, എ.ബി. സന്തോഷ്, ആര്‍. രതീഷ്, എം.ആര്‍. രതീഷ് എന്നിവരാണ് റെയ്ഡ് നടത്തിയത്. ഗസറ്റഡ് ഓഫീസര്‍ ജില്ലാ ജിയോളജിസ്റ്റ് കെ.കെ. സജീവന്‍, അസി. ജിയോളജിസ്റ്റ് വി. വിനോദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.