കാഞ്ഞങ്ങാട്: കല്യോട്ടെ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണത്തിൽ സാഹചര്യത്തെളിവുകൾ ശേഖരിക്കാനും സാക്ഷിമൊഴികൾ രേഖപ്പെടുത്താനും വൈകുന്നത് കേസ് ദുർബലപ്പെടുത്തുമെന്ന് ആശങ്ക. പ്രതികൾ നൽകിയ മൊഴിമാത്രം അടിസ്ഥാനമാക്കിയാണ് പോലീസിന്റെ അന്വേഷണം.

കേസ് ക്രൈംബ്രാഞ്ചിനുവിട്ട സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘവും മെല്ലെപ്പോക്കിലാണ്. താനാണ് ശരത്ത്‌ലാലിനെയും കൃപേഷിനെയും കൊന്നതെന്നും മറ്റാർക്കും കൊലയിൽ നേരിട്ട് പങ്കില്ലെന്നും ഒന്നാംപ്രതി പീതാംബരൻ ആദ്യ ചോദ്യംചെയ്യലിൽ പോലീസിനോട് പറഞ്ഞിരുന്നു.

ഇതു വിശ്വാസിക്കാതെ കൂട്ടുപ്രതികളെ വെവ്വേറെ മുറികളിൽ പോലീസ് ചോദ്യംചെയ്തു. ഇവർ ആദ്യം പരസ്പര വിരുദ്ധമായ മൊഴി നൽകിയതോടെ അന്വേഷണസംഘം കുഴങ്ങി. തുടർച്ചയായി ചോദ്യം ചെയ്തപ്പോൾ പ്രതികൾ നടന്ന സംഭവം ഒന്നൊന്നായി വിവരിച്ചു.

പ്രതികൾ പറഞ്ഞ മൊഴിയനുസരിച്ചുള്ള തിരച്ചലിൽ ആയുധങ്ങൾ കിട്ടിയതോടെ കൃത്യമായ ദിശയിലാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്ന നിഗമനത്തിൽ പോലീസ് എത്തി. സാഹചര്യത്തെളിവുകളുടെ പശ്ചാത്തലത്തിൽ ചോദ്യംചെയ്യാനായി ഒട്ടേറെപ്പേർ പോലീസിന് മുമ്പിലുണ്ട്. ദൃക്‌സാക്ഷിയില്ലാത്ത കേസായതിനാൽ ഇത്തരം സാക്ഷിമൊഴികളാണ് കേസിനെ ബലപ്പെടുത്തുകയെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കല്യോട്ട് താനിത്തോട്-കൂരാങ്കര റോഡിൽ കൊലനടന്ന സ്ഥലത്തിന്റെ തൊട്ടടുത്തുള്ള ശാസ്താ ഗംഗാധരന്റെയോ പ്രതികൾ സഞ്ചരിച്ചുവെന്ന് പറയുന്ന വാഹനങ്ങൾ നിർത്തിയിട്ട ശാസ്താ മധുവിന്റെയോ വീട്ടുകാരെ പോലീസ് ചോദ്യംചെയ്തിട്ടില്ല. ശാസ്താ ഗംഗാധരന്റെ വീടിന്റെ പുറത്തെ ലൈറ്റ് ഇട്ടിരുന്നുവെങ്കിൽ പ്രദേശത്ത് ഇരുട്ട് ഉണ്ടാകുമായിരുന്നില്ലെന്ന് നേരത്തേ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇക്കാര്യം പോലീസ് മുഖവിലയ്ക്കെടുക്കുകയോ ആ വീട്ടുകാരോട് ചോദിക്കുകയോ ചെയ്തില്ല.

ഗംഗാധരന്റെ മകൻ ഗിജിൻ ഈ കേസിൽ റിമാൻഡിലാണ്. മറ്റൊരു പ്രതി സുരേഷിന് ഗിജിന്റെ ഷർട്ട് കൊടുത്തുവെന്ന് പ്രതികളുടെ മൊഴിയുണ്ട്. ഗംഗാധരന്റെ വീട്ടുകാരോട് ഇക്കാര്യം ചോദിച്ച് ഉറപ്പുവരുത്താൻ പോലീസ് തയ്യാറായിട്ടില്ല. ശരത്ത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കളുടെ മൊഴിയും ഇത്രയും ദിവസം കഴിഞ്ഞിട്ടും പോലീസ് രേഖപ്പെടുത്തിട്ടില്ല.

പ്രതികളുടെ മൊഴിക്കുപിന്നാലെമാത്രമാണ് പോലീസ് ഇതുവരെ സഞ്ചരിച്ചത്. ശരത്തിന്റെ അകന്ന ബന്ധുവും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ കെ. ശ്രീകുമാറാണ് കേസിലെ പരാതിക്കാരൻ. ഇദ്ദേഹത്തെ പോലീസ് ചോദ്യംചെയ്തിരുന്നു. പീതാംബരനെ ആക്രമിച്ച കേസിലെ പ്രതിയുമാണ് ശ്രീകുമാർ. അതുകൊണ്ടുതന്നെ ഇയാളുടെ മൊഴി പീതാംബരനോടുള്ള മുൻവൈരാഗ്യം കൊണ്ടുണ്ടായതാണെന്ന് വ്യാഖാനിക്കപ്പെടാം. ഇതും കേസ് ദുർബലപ്പെടുത്തുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഫോണിൽ വിവരം കൈമാറിയത് ആര് ?

കൊലനടന്ന ദിവസം കല്യോട്ട് ഭഗവതി ക്ഷേത്രകഴകത്തിൽ പെരുങ്കളിയാട്ടത്തിന്റെ സ്വാഗതസംഘം നടന്നിരുന്നു. ഇവിടെനിന്ന് ശരത്തും കൃപേഷും ബൈക്കിൽ പോകുന്നവിവരം അക്രമിസംഘത്തെ അറിയിച്ചതാരാണെന്ന സംശയം ബാക്കി നിൽക്കുന്നു. കേസിൽ അറസ്റ്റിലായ അശ്വിന്റെ ഫോൺ പരിശോധിച്ചതുവഴി ആളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നിട്ടും ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാൻ പോലീസിന്‌ കഴിഞ്ഞിട്ടില്ല.

Content Highllights: Kanjangaadu Periye Double Murder case, Kasargode Double Mureder