കാഞ്ഞങ്ങാട്: മക്കളുടെ വേർപാട് താങ്ങാനാകാതെ കൃഷ്ണനും സത്യനാരായണനും പൊട്ടിക്കരഞ്ഞപ്പോൾ, ഫോണിന്റെ മറുതലയ്ക്ക് എ.ഐ.സി.സി. അധ്യക്ഷൻ രാഹുൽഗാന്ധിയുടെ ശബ്ദം ഇടറി: ‘‘കോൺഗ്രസ് ഒപ്പമുണ്ട്. കേരളത്തിൽ വരുമ്പോൾ ഞാൻ തീർച്ചയായും അവിടെയെത്തും...’’ രാഹുൽഗാന്ധിയുടെ ഇംഗ്ലീഷിലുള്ള മറുപടി ഡി.സി.സി. ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ തർജമ ചെയ്തു കൊടുക്കുമ്പോൾ ഇരുവരും മുഖംപൊത്തിക്കരഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്കാണ് രാഹുൽഗാന്ധിയുടെ ഫോൺ വിളിയെത്തിയത്. ഡൽഹിയിൽനിന്ന് കെ.സി. വേണുഗോപാലിന്റെ ഫോണിൽ നിന്ന് യു.ഡി.എഫ്. കൺവീനർ എ. ഗോവിന്ദൻ നായരുടെ ഫോണിലേക്കാണ് വിളിച്ചത്. രണ്ടുപേരുടെയും കൈയിൽ ഫോൺ കൊടുക്കാൻ രാഹുൽഗാന്ധി പറഞ്ഞു. അപ്പോഴേക്കും കൃപേഷിന്റെ അച്ഛൻ കൃഷ്ണന് സഹിക്കാനായില്ല. ശരത്ത് ലാലിന്റെ അച്ഛൻ സത്യനാരായണൻ ചേർത്തുപിടിച്ചെങ്കിലും രാഹുൽഗാന്ധിയുടെ ആശ്വാസ വാക്കുകൾക്കിടെ അദ്ദേഹം മുഖം പൊത്തിക്കരഞ്ഞു.

പീതാംബരൻ ഒട്ടേറെ കേസുകളിൽ പ്രതി

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്ത്‌ലാലും കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ പീതാംബരൻ ഒട്ടേറെ കേസുകളിലെ പ്രതി. കഴിഞ്ഞ വർഷം ഇരിയയിലെ വീടുകത്തിക്കൽ, കല്യോട്ടെ വാദ്യകലാസംഘം ഓഫീസിന് തീയിടൽ, പെരിയ മൂരിയാനത്തെ മഹേഷിനെ തലയ്ക്കടിച്ച സംഭവം തുടങ്ങിയ കേസുകളിൽ ഇയാൾ പ്രതിയാണ്.