കാഞ്ഞങ്ങാട്: കാസർകോട് കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ത്‌ലാൽ എന്നിവരെ വെട്ടിക്കൊന്ന സംഭവത്തിൽ സി.പി.എം. പെരിയ ലോക്കൽ കമ്മിറ്റിയംഗം അയ്യങ്കാവ് വീട്ടിൽ പീതാംബരൻ(48) അറസ്റ്റിൽ. പാർട്ടിയുടെ ഏച്ചിലടുക്കം മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. അറസ്റ്റിന് പിന്നാലെ പീതാംബരനെ സി.പി.എമ്മിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കി. കാസർകോട് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണനാണ് പുറത്താക്കിയ വിവരം അറിയിച്ചത്.

ഇയാൾക്കുപുറമേ ഏഴ്‌ സി.പി.എം. പ്രവർത്തകർ പോലീസ് കസ്റ്റഡിയിലുണ്ട്. ഞായറാഴ്ച രാത്രിയാണ് ശരത്ത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊന്നത്. ഇതിനുശേഷം കല്ല്യോട്ട് കണ്ണാടിപ്പാറയെന്ന സ്ഥലത്തിനടുത്തുള്ള വീട്ടിൽ ഒളിച്ചുതാമസിക്കുകയായിരുന്നു പീതാംബരനും കൂട്ടരും. ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിക്ക് ഇവിടെനിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. ഇവിടെനിന്ന് ഒരു കാർ പോലീസ് കസ്റ്റഡിയിലെടുത്തു. ഗൂഢാലോചനക്കുറ്റമാണ് പീതാംബരനെതിരേ എടുത്തിട്ടുള്ളത്. കൊല നടത്തിയവരെ എത്തിച്ചതും ഇയാളാണെന്ന് പോലീസ് പറഞ്ഞു.

മുന്നാട് സഹകരണ കോളേജിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട രണ്ടുപേരോടും പീതാംബരന് കടുത്ത വിരോധമുണ്ടെന്ന് പോലീസ് പറഞ്ഞു. ശബരിമലയിൽ രണ്ടുയുവതികൾ കയറിയ ദിവസം അതിൽ പ്രതിഷേധിച്ച് കല്ല്യോട്ട് പ്രകടനം നടന്നിരുന്നു. പ്രകടനത്തിൽ പങ്കാളികളായ കോളേജിലെ വിദ്യാർഥികളെ ക്ലാസിൽ കയറ്റരുതെന്ന് എസ്.എഫ്.ഐ. പ്രവർത്തകർ ആവശ്യപ്പെട്ടു. ഇത് അടിപിടിയിലെത്തി.

ഇതിന്റെ തുടർച്ചയായി കല്ല്യോട്ട് വഴി പോകുന്ന കോളേജ് ബസ് ശരത്ത്‌ലാലിന്റെ നേതൃത്വത്തിൽ തടഞ്ഞു. പീതാംബരനും കുറച്ചുപേരും സംഘടിച്ചെത്തി ബസ് തടഞ്ഞവരുമായി തർക്കിച്ചു. സംഘട്ടനത്തിൽ പീതാംബരന്റെ കൈപൊട്ടി. ഈ സംഭവത്തിൽ പോലീസ് വധശ്രമത്തിന് കേസെടുത്തു. 11 പേർ ഉൾപ്പെട്ട പട്ടികയിൽ ഒന്നാം പ്രതിയായിരുന്നു ശരത്ത്‌ലാൽ. കൃപേഷ് ആറാം പ്രതിയും. കൃപേഷ് അന്നത്തെ സംഘട്ടനത്തിൽ ഇല്ലെന്ന് പോലീസ് പിന്നീട് കണ്ടെത്തി. ശരത്ത് അടക്കമുള്ളവർ കഴിഞ്ഞ എട്ടിനാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. അന്നുമുതൽ ശരത്തിനെ വകവരുത്താൻ പീതാംബരൻ പദ്ധതി തയ്യാറാക്കിയെന്ന് പോലീസ് പറഞ്ഞു.

സംഭവദിവസം കല്ല്യോട്ടെ ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ സ്വാഗതസംഘ രൂപവത്കരണ യോഗംകഴിഞ്ഞ് ശരത്‌ലാൽ വീട്ടിലേക്ക് മടങ്ങുന്നത് പീതാംബരന്റെ നേതൃത്വത്തിൽ അക്രമിസംഘം കൃത്യമായി നീരിക്ഷിച്ചു. രാത്രി ഏഴരയോടെ കൃപേഷും ശരത്ത്‌ലാലും കല്ല്യോട്ട്-താനിത്തോട് റോഡിലൂടെ ബൈക്കിൽ വരുന്നുണ്ടെന്ന് സി.പി.എം. പ്രവർത്തകൻ പീതാംബരനെ ഫോണിൽ അറിയിച്ചതായും പോലീസ് പറഞ്ഞു. തുടർന്ന് മൂന്നുകാറിലും ഒരു ജീപ്പിലുമായി പ്രതികൾ കൃത്യം നടന്ന സ്ഥലത്തെത്തി. ഈ സമയം പീതാംബരൻ രണ്ടുതവണ ഇതേ റോഡിലൂടെ ബൈക്കിൽ അങ്ങോട്ടുമിങ്ങോട്ടും പോയിരുന്നുതായി ദൃക്‌സാക്ഷികൾ മൊഴി നൽകി.

സി.പി.എം. നേതാക്കൾ പോലീസിനെ ഭീഷണിപ്പെടുത്തി പ്രതിയെ മോചിപ്പിച്ചു

സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് പിടികൂടിയയാളെ മൂന്ന് സി.പി.എം. ജില്ലാ നേതാക്കളെത്തി പോലീസിനെ ഭീഷണിപ്പെടുത്തി മോചിപ്പിച്ചു. സജിയെന്നു പറഞ്ഞയാളെയാണ് നേതാക്കൾ ഇടപെട്ടു മോചിപ്പിച്ചത്. ഇയാളുടേതെന്ന് പറയുന്ന കാർ പോലീസ് കസ്റ്റഡിയിലെടുത്തു.

പള്ളിക്കര പാക്കത്തെ വെളുത്തോളി ചാലിലുള്ള ചെറൂട്ടിവളപ്പ് എന്നുപറയുന്ന വിജനമായ സ്ഥലത്ത് ‌ഒരുകാർ നിർത്തിയിട്ടിരിക്കുന്നതായി തിങ്കളാഴ്ച രാത്രി നാട്ടുകാർ പോലീസിനെ അറിയിച്ചു. പോലീസെത്തി പരിശോധിക്കുന്നതിനിടെ ഒരുസംഘം ആളുകൾ അവിടെയെത്തി.

സജിയെന്നയാൾ കാർ തന്റെതാണെന്ന് പോലീസിനോട് പറഞ്ഞു. സംശയംതോന്നിയ സജിയെ പോലീസ് പിടിച്ച് ജീപ്പിൽ കയറ്റി. ഇതോടെ ഒപ്പമുണ്ടായിരുന്നവർ കടന്നു. അധികം താമസിയാതെ മൂന്നു സി.പി.എം. ജില്ലാ നേതാക്കളെത്തി പോലീസിനെ ഭീഷണിപ്പെടുത്തി സജിയെ കൂട്ടിക്കൊണ്ടുപോയി.

ആസൂത്രണം ചെയ്യേണ്ടകാര്യമില്ല

കാസർകോട്ടെ ഇരട്ടക്കൊലപാതകം ആസൂത്രണംചെയ്യേണ്ട ഒരാവശ്യവും സി.പി.എമ്മിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നണിയുടെ ജാഥ നടക്കുമ്പോൾ രാഷ്ട്രീയത്തിന്റെ ആദ്യക്ഷരമറിയുന്ന കൂട്ടരാരും ഇങ്ങനെ ചെയ്യില്ല. കൊലപാതകത്തിൽ പാർട്ടിക്ക്‌ ബന്ധമില്ല. നിലപാട് പാർട്ടി സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. പൂർണമായും തെറ്റും അപലപനീയവുമായ നടപടിയാണിത്.

-മുഖ്യമന്ത്രി പിണറായി വിജയൻ

പരിഷ്കൃതസമൂഹത്തിൽ സ്ഥാനമില്ല

രാഷ്ട്രീയപ്രതിയോഗികളെ ഉന്മൂലനംചെയ്യുന്ന തത്ത്വശാസ്ത്രത്തിന് പരിഷ്കൃതസമൂഹത്തിൽ സ്ഥാനമില്ല്ലെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുനിൽ തോമസ്. മട്ടന്നൂരിലെ ഷുഹൈബ് വധക്കേസിൽ ഒന്നുമുതൽ നാലുവരെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയാണ് അദ്ദേഹത്തിന്റെ പരാമർശം. പ്രദേശത്ത് ശാന്തിയും സമാധാനവും നിലനിൽക്കണമെന്നും അതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി അറിയിച്ചു.