കണ്ണൂര്‍: ഇടതുമുന്നണിയല്ല, മറിച്ച് കേരളത്തിലെ ജനമാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാരിനെ ഭയക്കുന്നതെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കണ്ണൂര്‍ പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ ഇടതുമുന്നണിക്ക് ഭയമാണെന്നാണ് നേരത്തേ മുഖ്യമന്ത്രി പറഞ്ഞത്. ഈ സര്‍ക്കാര്‍ വീണ്ടും വരുമോ എന്ന് ജനം ഭയക്കുന്നുണ്ട്. അഞ്ച് കൊല്ലംകൊണ്ട് മുന്‍വര്‍ഷങ്ങളിലേക്കാള്‍ ഇരട്ടിയിലധികം കടമാണ് ഈ സര്‍ക്കാര്‍ ഉണ്ടാക്കിയത്. ക്ഷേമപെന്‍ഷനുകള്‍ മുഴുവന്‍ കുടിശ്ശികയാണ്. ഉമ്മന്‍ചാണ്ടിയുടെ ചെക്കുകള്‍ക്ക് കടലാസുവിലപോലുമില്ല. എല്ലാം മടങ്ങുകയാണ്. കേരളത്തിന്റെ സമ്പദ്ഘടനതന്നെ തകര്‍ത്ത സര്‍ക്കാരാണ് ഉമ്മന്‍ ചാണ്ടിയുടേതെന്ന് കാനം ആരോപിച്ചു.

സര്‍ക്കാര്‍ കാണിച്ച അഴിമതിക്കെതിരെ കെ.പി.സി.സി. പ്രസിഡന്റ് തന്നെ രംഗത്ത് വരുന്നു. എന്നാല്‍, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രണ്ടായിരം കോടിയുടെ അഴിമതിക്കേസിലെ പ്രതികളുടെ അടുത്താണ് സുധീരന്‍ ഈ പരാതിയുമായി പോയത്. തനിക്ക് സീറ്റ് വേണ്ടെന്നുപറഞ്ഞ് ടി.എന്‍.പ്രതാപന്‍ ഡല്‍ഹിയില്‍ പോയി സീറ്റുനേടിവന്നു. ഇതെല്ലാം ഒരു നാടകമാണ്- കാനം പറഞ്ഞു.

നികേഷ്‌കുമാറിനെ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, താന്‍ ഇടതുപക്ഷ വീക്ഷണം പുലര്‍ത്തുന്ന ആളാണെന്ന് നികേഷ് തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ എന്നായിരുന്നു മറുപടി. സി.പി.ഐ.ക്ക് എം.വി.രാഘവനുമായോ നികേഷ്‌കുമാറുമായോ എന്തെങ്കിലും അതിര്‍ത്തി പ്രശ്‌നങ്ങളില്ല. സി.പി.ഐ.യുടെ 27 സ്ഥാനാര്‍ഥികളില്‍ 15 പേരും പുതുമുഖങ്ങളാണ്. ആറുപേര്‍ രണ്ടാംതവണ മാത്രം മത്സരിക്കുന്നവരും.
 
ഗൗരിയമ്മയുടെ പാര്‍ട്ടി ഇടത് സഖ്യത്തിലെ അംഗമല്ല. മുന്നണിയോട് സഹകരിക്കുക മാത്രമാണ് ചെയ്യുന്നത്. സഹകരിക്കുന്ന എല്ലാ കക്ഷികള്‍ക്കും സീറ്റ് നല്‍കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. തുടര്‍ന്നും അവരുടെ സഹകരണം തേടിയിട്ടുമുണ്ട്.
 
ജെ.എന്‍.യു. സമരനായകനായ കനയ്യകുമാറിനെ ഉടന്‍തന്നെ കേരളത്തിലെത്തിക്കുമെന്നും കാനം പറഞ്ഞു. സി.പി.ഐ. ജില്ലാ സെക്രട്ടറി പി.സന്തോഷ്‌കുമാര്‍, ഷൈജന്‍, പി.സി.സന്തോഷ് എന്നിവരും മുഖാമുഖത്തില്‍ പങ്കെടുത്തു.