കണ്ണൂർ: ‘പിണറായി വിജയൻ സീതാറാം യെച്ചൂരിയെ ചോദ്യംചെയ്യുന്നതിന് സമാനമാണ് പാർട്ടി സംസ്ഥാന സെക്രട്ടറി, ദേശീയ സെക്രട്ടറി ഡി. രാജയെ ചോദ്യംചെയ്തത്. ദേശീയ സെക്രട്ടറിയെ അടക്കിയിരുത്താൻ നോക്കിയത് ശരിയായില്ല.’ - ചൊവ്വാഴ്ച മട്ടന്നൂരിൽ നടന്ന സി.പി.ഐ. മേഖലാ യോഗത്തിലാണ് ആനി രാജ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് ഒരു പ്രതിനിധി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കുറിപ്പ് നൽകിയത്.

സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് അവതരിപ്പിച്ചതിനുശേഷമാണ് അംഗങ്ങൾ സംസ്ഥാന സെക്രട്ടറി കാനത്തിന്റെ മറുപടിക്കായി ചോദ്യങ്ങൾ എഴുതിനൽകിയത്. പാർട്ടി ജില്ലാ അസി. സെക്രട്ടറിയും ആനി രാജയുടെ സഹോദരനുമായ കെ.ടി. ജോസായിരുന്നു യോഗത്തിന്റെ അധ്യക്ഷൻ. ആനി രാജയുടെ നാട്ടിൽനിന്നുള്ള മണ്ഡലം പ്രതിനിധിതന്നെയാണ് ഡി. രാജയുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചതും.

‘പാർട്ടിച്ചട്ടക്കൂട് ലംഘിച്ചതല്ല, പോലീസിനെക്കുറിച്ച് ആനി രാജ പറഞ്ഞ അഭിപ്രായം കേരളത്തിലെ പാർട്ടിക്കില്ല. യു.പി.യിലെ പോലീസും കേരളത്തിലെ പോലീസും ഒരുപോലെയാണെന്നും കേരളാ പോലീസിൽ ആർ.എസ്.എസ്. ഫ്രാക്‌ഷൻ പ്രവർത്തിക്കുന്നുവെന്നും പാർട്ടി വിലയിരുത്തിയിട്ടില്ല. ഇത്തരം രാഷ്ട്രീയവിഷയത്തിൽ സംസ്ഥാനഘടകത്തിന്റെ സമ്മതമില്ലാതെ മറ്റൊരാൾ പ്രതികരിക്കുന്നതും ശരിയല്ല. എന്തായാലും സംസ്ഥാന സെക്രട്ടറിയും വിമർശനത്തിന് അതീതനല്ല. അംഗങ്ങൾക്ക് വിമർശിക്കാം’- കാനം മറുപടിയായി പറഞ്ഞു.

ഇനിമുതൽ പാർട്ടിയോഗത്തിലെ വിഷയങ്ങൾ സാമൂഹികമാധ്യമങ്ങളിലും മറ്റും ചർച്ചയാക്കുന്നതും കമന്റിടുന്നതും അച്ചടക്കലംഘനമായി കരുതും. അതേസമയം, അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരല്ല- സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഇരിക്കൂർ സീറ്റ് വിട്ടുകൊടുത്തതോടെ കണ്ണൂരിൽ സി.പി.ഐ.ക്ക് മത്സരിക്കാൻ സീറ്റില്ലാതാക്കിയെന്ന വിമർശനത്തിന്, ഞാൻ മത്സരിച്ച കാഞ്ഞിരപ്പള്ളി സീറ്റും വിട്ടുകൊടുത്തിട്ടുണ്ടെന്നായിരുന്നു മറുപടി. പുതിയ കക്ഷികൾ മുന്നണിയിലേക്ക് വരുമ്പോൾ ചില സീറ്റുകൾ വിട്ടുകൊടുക്കേണ്ടിവരും. യു.ഡി.എഫിൽനിന്ന്‌ ഘടകക്ഷികൾ ഇങ്ങോട്ട് വന്നപ്പോൾ യു.ഡി.എഫ്. ദുർബലമായി. പക്ഷേ, എൽ.ഡി.എഫിൽ വോട്ട് വിഹിതം കൂടിയില്ല. കേരളാ കോൺഗ്രസ് അണികൾ ഇപ്പോഴും ഇടതുവിരുദ്ധപക്ഷത്തായതാണ് കാരണം. ഇരിക്കൂറിൽ എൽ.ഡി.എഫിന്റെ പരാജയത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.

കനയ്യകുമാർ പാർട്ടിവിടുമെന്ന ആശങ്കയെക്കുറിച്ചുള്ള കുറിപ്പിൽ, ‘ഒന്നും പറയാൻ പറ്റില്ല. കഴിഞ്ഞ ദേശീയ എക്‌സിക്യുട്ടീവിൽ അദ്ദേഹത്തെ കണ്ടിരുന്നു. കഴിഞ്ഞദിവസം എൻ.ഡി.ടി.വി.യിൽ വാർത്തയും കണ്ടു. എന്തു സംഭവിക്കും എന്നുപറയാൻ പറ്റില്ലല്ലോ’ എന്നായിരുന്നു മറുപടി. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് പഞ്ചായത്തുതലത്തിലും മറ്റും എൽ.ഡി.എഫ്. സംവിധാനമുള്ളത്. അതുകഴിഞ്ഞാൽ എല്ലാം തോന്നിയപോലെയാണെന്നും കാനം കുറ്റപ്പെടുത്തി. മട്ടന്നൂരിന് പുറമേ കണ്ണൂരിലും മേഖലാ യോഗം നടന്നു. യോഗങ്ങളിൽ ജില്ലാ സെക്രട്ടറി പി. സന്തോഷ്‌കുമാർ, വി.കെ. സുരേഷ്ബാബു, സി.പി. മുരളി, എ. പ്രദീപൻ, പി.പി. ഷൈജൻ തുടങ്ങിയവരും പങ്കെടുത്തു.