കൊച്ചി: യെമെനിലെ ദുരിതജീവിതത്തിൽനിന്ന് രക്ഷപ്പെട്ടെത്തിയ മത്സ്യത്തൊഴിലാളികളെ ശനിയാഴ്ച ബന്ധുക്കൾക്കൊപ്പം വിട്ടു.

യെമെൻ തീരത്തെ ബോട്ടിൽ കുടുങ്ങിയ ഇവർ അതേ ബോട്ടിൽ ഇന്ത്യയിലേക്ക്‌ രക്ഷപ്പെടുകയായിരുന്നു. യാത്രയ്ക്കിടെ വെള്ളിയാഴ്ച തീരരക്ഷാസേന കണ്ടെത്തി കൊച്ചിയിലെത്തിച്ചു. നിയമപരിശോധനകൾക്കുശേഷമാണ് വിട്ടയച്ചത്.

പാസ്പോർട്ടും മറ്റെല്ലാരേഖകളും പക്കലുണ്ടായിരുന്നത് പരിശോധന സുഗമമാക്കി. ലക്ഷദ്വീപിലെത്തിയപ്പോൾ സംഘം തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളി സംഘടനയെ വിവരമറിയിച്ചിരുന്നു. അവർ തമിഴ്‌നാട്, കേരള സർക്കാരുകളെയും കോസ്റ്റ് ഗാർഡിനെയും അറിയിച്ചു. തുടർന്ന് തീരരക്ഷാസേനയും നാവികസേനയും തിരച്ചിൽ തുടങ്ങി.

ഡോണിയർ വിമാനം കണ്ടെത്തിയ ബോട്ടിനെ തീരരക്ഷാസേനയുടെ കപ്പൽ കൊച്ചിയിലെത്തിച്ച് രേഖകൾ പരിശോധിച്ചു. കോസ്റ്റ്ഗാർഡ് പോലീസ് സ്റ്റേഷനിൽ വിവിധ ഏജൻസികൾ ചോദ്യംചെയ്തു. അസ്വാഭാവിക വിവരങ്ങളൊന്നുമില്ലാത്തതുകൊണ്ടും പരിശോധന തൃപ്തികരമായിരുന്നതിനാലും കൊച്ചി കസ്റ്റംസ് ഓഫീസിൽ എമിഗ്രേഷൻ നടപടികൾക്കുശേഷം സംഘം സ്വദേശത്തേക്കുമടങ്ങി.

ഗൾഫിലേക്ക് തൊഴിൽതേടിപ്പോയി യെമെനിലെത്തിയ സംഘത്തിൽ രണ്ടുമലയാളികളും ഏഴ് തമിഴരുമാണുണ്ടായിരുന്നത്. കൊല്ലം സ്വദേശികളായ ഇ. നൗഷാദ്, നിസാർ അലിയാർ, കന്യാകുമാരി സ്വദേശികളായ വിൻസ്റ്റൺ, ആൽബർട്ട് ന്യൂട്ടൻ, എസ്കാലിൻ, അമൽ വിവേക്, ഷാജൻ, സഹായ ജഗൻ, സഹായ രവികുമാർ എന്നിവരാണിവർ.

ബോട്ടിൽ കഴിഞ്ഞത് 11 മാസം

കഴിഞ്ഞ ഡിസംബറിൽ വിസിറ്റിങ് വിസയിലാണ് ഇവർ തൊഴിൽതേടി ഷാർജയിലേക്ക്‌ പോയത്. ഒമാനിലേക്ക് കൊണ്ടുപോകാമെന്നുപറഞ്ഞ് സ്പോൺസർ എത്തിച്ചത് യെമെനിൽ. അവിടെ സ്പോൺസറുടെ ബോട്ടിൽ ജോലിക്കുകയറി. യെമെൻ വിസയില്ലാത്തതിനാൽ അവിടെ ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഭക്ഷണവും ബോട്ടിനുള്ള ഇന്ധനവുംമാത്രമാണ് സ്പോൺസർ നൽകിയിരുന്നത്.

content highlights: kalpeni Indian fishermens Yemen sea escape