കല്പറ്റ: പ്രളയാനന്തരം വയനാട്ടിൽ സ്കൂളുകളിൽ എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്. ഗോത്രവിഭാഗത്തിൽപ്പെട്ട വിദ്യാർഥികളാണ് കൊഴിഞ്ഞുപോയവരിൽ ഭൂരിഭാഗവും. ‘കാണാതായവരുടെ’ വീടുകളിലെത്തി സ്കൂളുകളിൽ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.

വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് മനസ്സിലാക്കാൻ ബ്ളോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വിവരശേഖരണം നടക്കുകയാണ്. ജില്ലയിലെ 307 സ്കൂളുകളിൽ 76 എണ്ണത്തിലെ കണക്കാണ് ഇതുവരെ ശേഖരിച്ചത്. ഇതുപ്രകാരം 2500-ലധികം വിദ്യാർഥികൾ പ്രളയാനന്തരം സ്കൂളിലെത്തിയിട്ടില്ല. മറ്റിടങ്ങളിലെ കണക്കുകൾ ശേഖരിച്ചുവരുകയാണ്. കണക്കെടുപ്പ് പൂർത്തിയായാലേ കൊഴിഞ്ഞുപോയ കുട്ടികളുടെ എണ്ണം വ്യക്തമാകൂ.

പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മാത്രം 100 മുതൽ 150 വരെ വിദ്യാർഥികൾ കുറഞ്ഞു. ഇതിൽ ഭൂരിഭാഗവും ഗോത്രവിഭാഗത്തിൽപ്പെട്ടവരാണ്. പ്രളയത്തിൽ വൻനാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നാണിത്. 1508 വിദ്യാർഥികളാണ് ഇവിടെ ആകെയുള്ളത്.

55 ആദിവാസി കോളനികളാണ് പനമരം മേഖലയിലുള്ളത്. പഞ്ചായത്ത് അംഗങ്ങൾ, ട്രൈബൽ പ്രൊമോട്ടർമാർ, അധ്യാപകർ തുടങ്ങിയവരുടെ യോഗം വിളിച്ച് കുട്ടികളെ തിരിച്ചെത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി പനമരം ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപകൻ ജോഷി കെ. ജോസഫ് പറഞ്ഞു. ജില്ലയിലെ മറ്റ് സ്കൂളുകളിലും പ്രളയാനന്തരം ഗോത്രവിഭാഗം വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് വർധിച്ചതായി അധ്യാപകർ പറഞ്ഞു.

ജില്ലാ ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും പിന്തുണയോടെ നടപ്പാക്കിയ ‘ഡ്രോപ്പ് ഒൗട്ട് ഫ്രീ വയനാട്’ പദ്ധതി കുട്ടികളെ സ്കൂളിലെത്തിക്കുന്നതിൽ വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു. രണ്ടായിരത്തിലധികം കുട്ടികളെ ഇതിലൂടെ സ്കൂളുകളിൽ തിരികെ എത്തിക്കാനായി. പ്രളയാനന്തര സ്ഥിതിവിശേഷങ്ങൾ ഇതിനെയൊക്കെ പുറകോ‍ട്ട് വലിക്കുകയാണെന്ന്‌ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

കുട്ടികളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളിലാണ് എസ്.എസ്.എ.യും വിദ്യാഭ്യാസ വകുപ്പും. ഇതിനായി സഹവാസക്യാമ്പുകൾ സംഘടിപ്പിക്കും. സ്കൂളിലെത്താത്തവരെ വീടുകളിലെത്തി ബോധവത്കരിക്കും. വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ഊരുവിദ്യാകേന്ദ്രങ്ങളും ഇതിനായി ഉപയോഗപ്പെടുത്തും.

മടിയാകാം കാരണം

പ്രളയകാലത്ത് ഒരു മാസത്തോളം വിദ്യാലയങ്ങൾക്ക് അവധിയായിരുന്നു. ഇതുണ്ടാക്കിയ മടി കൊഴിഞ്ഞുപോക്കിന് കാരണമാവാം. ഏറെ കുട്ടികളും പ്രളയക്കെടുതിയിൽനിന്നും വിമുക്തരായിട്ടില്ല. വീടുകൾ നശിച്ചവരും പഠനോപകരണങ്ങൾ നഷ്ടപ്പെട്ടവരും ഇതിലുണ്ട്. ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.

-ജി.എൻ. ബാബുരാജ്, എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസർ