കല്പറ്റ: പ്രൗഢമായ സദസ്സിനെ സാക്ഷിനിര്‍ത്തി കവി വി. മധുസൂദനന്‍ നായര്‍ പത്മപ്രഭാ പുരസ്‌കാരം ഏറ്റുവാങ്ങി. കഥാകാരന്‍ എം. മുകുന്ദനാണ് ആധുനിക വയനാടിന്റെ ശില്പികളിലൊരാളായ എം.കെ. പത്മപ്രഭാഗൗഡരുടെ പേരിലുള്ള പുരസ്‌കാരം മധുസൂദനന്‍ നായര്‍ക്ക് സമ്മാനിച്ചത്. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
 
1996 മുതല്‍ തുടര്‍ച്ചയായി ഈ പുരസ്‌കാരം നല്കിവരുന്നുണ്ട്. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കവി പ്രഭാവര്‍മ പത്മപ്രഭാ സ്മാരകപ്രഭാഷണം നടത്തി.

ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.ബി. സുരേഷ്, എഴുത്തുകാരി പി.ജി. ലത എന്നിവര്‍ സംസാരിച്ചു. പുരസ്‌കാരജേതാവ് മധുസൂദനന്‍ നായരെ മാതൃഭൂമി ഡയറക്ടര്‍ എം.ജെ. വിജയപത്മനും എം. മുകുന്ദനെ സ്വാഗതസംഘം ചെയര്‍പേഴ്‌സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ടി. ഉഷാകുമാരിയും പൊന്നാട അണിയിച്ചു. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡുനേടിയ പ്രഭാവര്‍മയെ ചടങ്ങില്‍ ആദരിച്ചു. കല്പറ്റ നഗരസഭാധ്യക്ഷ ഉമൈബ മൊയ്തീന്‍കുട്ടി അദ്ദേഹത്തെ പൊന്നാട അണിയിച്ചു.

ചില വ്യക്തികള്‍ നമ്മുടെ കൈയിലുള്ള അളവുകോലുകളെയെല്ലാം അതിലംഘിച്ച് വളര്‍ന്നുപന്തലിക്കുന്ന ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമകളായിമാറുമെന്ന് പത്മപ്രഭാ സ്മാരകപ്രഭാഷണം നടത്തിയ പ്രഭാവര്‍മ പറഞ്ഞു. അതിലൊരാളാണ് പത്മപ്രഭ. മേഘജ്യോതിസ്സുപോലെ ക്ഷണികമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. പക്ഷേ, കാലത്തെയും തലമുറകളെയും വികസനത്തിന്റെയും ക്ഷേമത്തിന്റെയും ദീപ്തിയിലേക്ക് അദ്ദേഹം നയിച്ചു.

നാടിനുവേണ്ടി മഹത്തായ സംഭാവനകള്‍ നല്കുന്നവര്‍ക്ക് മരണമില്ല. വൈദേശികാധിപത്യത്തില്‍ ഞെരിഞ്ഞമര്‍ന്ന് ക്ഷേമവും വികസനവുമെല്ലാം സങ്കല്പംമാത്രമായിരുന്ന കാലത്താണ് ഇരുളിലാണ്ടൊരു നാടിനെ അദ്ദേഹം വെളിച്ചത്തിലേക്കു നയിച്ചത്. കണ്ണിമുറിയാതെ അദ്ദേഹത്തിന്റെ ചൈതന്യപരമ്പര തുടരുന്നത് സന്തോഷകരമാണ്.

വിസ്മയിപ്പിക്കുംവിധമുള്ള വ്യക്തിത്വത്തിന്റെ ഉടമായിരുന്നു പത്മപ്രഭ. ശരിയെന്നുതോന്നിയത് അദ്ദേഹം മുഖംനോക്കാതെ പറഞ്ഞു. നിലപാടുകള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ ഉറച്ചുനിന്നു. ചങ്ങമ്പുഴയ്ക്കുശേഷം മലയാള കവിതയെ ജനപ്രിയമാക്കുകയും ഭാവഗരിമകൊണ്ട് ദീപ്തമാക്കുകയുംചെയ്ത കവിയാണ് മധുസൂദനന്‍ നായരെന്നും പ്രഭാവര്‍മ പറഞ്ഞു.

ഭൂസ്വത്തും പണവുമുണ്ടെങ്കിലും പാവങ്ങള്‍ക്കൊപ്പംനിന്നു പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു പത്മപ്രഭാ ഗൗഡരെന്ന് അധ്യക്ഷപ്രസംഗത്തില്‍ പി.വി. ചന്ദ്രന്‍ പറഞ്ഞു. സമ്പന്നരുടെ പരമ്പരാഗതവഴിയില്‍നിന്ന് മാറി സോഷ്യലിസ്റ്റായ അദ്ദേഹം തൊഴിലാളികളെ സ്‌നേഹിച്ചു. വയലാര്‍ കവിതകളെപ്പോലെ മലയാളികള്‍ ഏറെ സ്‌നേഹിക്കുന്ന കവിതകളാണ് മധുസൂദനന്‍ നായരുടെതെന്നും അദ്ദേഹം പറഞ്ഞു.

കരുത്തുറ്റ കവിതകളായിരിക്കുമ്പോള്‍തന്നെ മാനവികവുമാണ് മധുസൂദനന്‍ നായരുടെ കവിതകളെന്ന് പി.ജി. ലത പറഞ്ഞു. വയനാടിന്റെ ദേശീയപുരസ്‌കാരമാണ് പത്മപ്രഭാ പുരസ്‌കാരമെന്ന് ടി.ബി. സുരേഷ് പറഞ്ഞു.

ജനഹൃദയങ്ങളിലേക്ക് ആഴത്തിലിറങ്ങാനായ കവിയാണ് മധുസൂദനന്‍ നായരെന്ന് സ്വാഗതപ്രസംഗത്തില്‍ മാതൃഭൂമി ഡയറക്ടര്‍ (മാര്‍ക്കറ്റിങ് ആന്‍ഡ് ഇലക്ട്രോണിക്‌സ് മീഡിയ) എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു. സ്വാഗതസംഘം ജന.കണ്‍വീനര്‍ വി.കെ. സജികുമാര്‍ നന്ദി പറഞ്ഞു.

എഴുത്തുകാരന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ അനുവദിക്കരുത് - എം. മുകുന്ദന്‍

കല്പറ്റ: എഴുത്തുകാരന്റെ ശബ്ദം അടിച്ചമര്‍ത്താനും അപഹരിക്കാനും ആരെയും അനുവദിക്കരുതെന്ന് പത്മപ്രഭാ സ്മാരക പുരസ്‌കാരസമര്‍പ്പണം നടത്തിയ എം. മുകുന്ദന്‍ പറഞ്ഞു. അടിച്ചമര്‍ത്താന്‍ എല്ലാക്കാലത്തും എല്ലാ രാജ്യങ്ങളിലും ശ്രമം നടന്നിട്ടുണ്ട്. മതേതരമായാണ് കേരളം പഴയകാലങ്ങളില്‍ ജീവിച്ചിരുന്നത്. അത് നഷ്ടപ്പെട്ടുപോവുന്നു എന്ന് സംശയമുണ്ട്. പരസ്​പരം സംശയിക്കുന്ന ജനതയായി നമുക്കു മുന്നോട്ടുപോവാനാവില്ല.

ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് എഴുത്തുകാരന്‍ ചിന്തിക്കണം. ജനങ്ങളുടെ ശബ്ദം എഴുത്തുകാരാണ്. എഴുത്തുകാരന്റെ ശബ്ദം നിലനില്ക്കണം. അതപഹരിക്കാന്‍ ആരൊക്കെയോ ശ്രമിക്കുന്നുണ്ട്. അതിനെതിരെ ശബ്ദമുയര്‍ത്തണം. മറ്റു സംസ്ഥാനങ്ങള്‍ക്ക് സാധിക്കാത്ത പുരോഗതി കേരളം സാധ്യമാക്കിയിട്ടുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങളും 'മാതൃഭൂമി' പോലുള്ള പ്രസ്ഥാനങ്ങളും അതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ മറ്റിടങ്ങളില്‍ കലാപം ആളിക്കത്തിയപ്പോള്‍ കേരളം ശാന്തമായിരുന്നു. ആ നല്ല കേരളത്തെ തകര്‍ക്കാന്‍ ആരെയും അനുവദിക്കരുത്. അതിന് മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം നാടിന്റെ ഉച്ചാരണം നശിക്കാതിരിക്കാന്‍ ആത്മാര്‍ഥമായ ശ്രമങ്ങള്‍ വേണമെന്ന്് മറുപടി പ്രസംഗത്തില്‍ വി. മധുസൂദനന്‍ നായര്‍ പറഞ്ഞു. അക്ഷരം പുരസ്‌കാരത്തിനുള്ളതാണെന്ന് കരുതിയിട്ടില്ല. പെയ്യാതിരിക്കാനാവാത്തതിനാലാണ് മേഘം പെയ്യുന്നത്.
 
പെയ്തുകഴിഞ്ഞാല്‍ അതിന്റെ കര്‍മം കഴിഞ്ഞു. അതുപോലെത്തന്നെയാണ് കവിതയെഴുതുന്നതും. പ്രപഞ്ചത്തോട് മുഴുവന്‍ കടപ്പാടുള്ളവനാണ് എഴുത്തുകാരന്‍. കാരുണ്യത്തിന്റെപേരില്‍ കച്ചവടം നടക്കുന്ന കാലമാണിത്. എഴുത്തും അങ്ങനെതന്നെ ആയിപ്പോയേക്കാം.
സഹജീവിയോട് കാരുണ്യമല്ല, നീതിയാണ് കാണിക്കേണ്ടത്. കാരുണ്യം വലിയവന്‍ ചെറിയവനുകൊടുക്കുന്ന ഭിക്ഷയാണ്. സൂക്ഷിച്ചാണ് എഴുതുന്നത്. അങ്ങനെ എഴുതുമ്പോഴും പക്വമായോ എന്ന പേടി ഇപ്പോഴുമുണ്ട്. അടുത്ത തലമുറ കൂടുതല്‍ കരുത്തരാവണം. അക്ഷരത്തിലാണ് സമൂഹത്തിന്റെ വിത്തുള്ളത്. അതില്‍ നിന്നേ മുളയ്കൂ.

ആത്മസംസ്‌കരണത്തിന്റെ ഉച്ചാരണം നഷ്ടപ്പെട്ട കുട്ടി അസ്വതന്ത്രനാവും. അന്യജീവനുവേണ്ടി സ്വജീവിതം സമര്‍പ്പിക്കുന്നവരാണ് അമരന്മാരാവുന്നത്. ആ അമരത്വമാണ് പത്മപ്രഭയെ സ്വീകാര്യനാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.