കണ്ണൂര്‍: കൗമാര കലാകേരളത്തിന്റെ കനകക്കിരീടം തുടരെ പതിനൊന്നാം തവണയും കോഴിക്കോടിന്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പൊരുതിയ പാലക്കാടിനെ മൂന്നുപോയന്റിന് മറികടന്നാണ് കോഴിക്കോട് (939) നൂറ്റിപ്പതിനേഴര പവന്‍ സ്വര്‍ണക്കപ്പ് കൈവിടാതെ കാത്തത്.
1959-ല്‍ ചിറ്റൂരില്‍ നടന്ന മൂന്നാമത് സംസ്ഥാന കലോത്സവത്തില്‍ കിരീടം നേടിയ കോഴിക്കോട് പത്തൊമ്പതാം തവണയാണ് ഒന്നാമതെത്തുന്നത്. കഴിഞ്ഞവര്‍ഷം രണ്ടാമതാവുകയും 2015-ല്‍ കോഴിക്കോടിനൊപ്പം കിരീടം പങ്കിടുകയും ചെയ്ത പാലക്കാട് ഇത്തവണ അവസാന നിമിഷം പിന്തള്ളപ്പെട്ടു. ആതിഥേയരായ കണ്ണൂര്‍ കഴിഞ്ഞ വര്‍ഷത്തേതുപോലെ മൂന്നാംസ്ഥാനം നേടി (933).

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടിയത് ഇടുക്കി ജില്ലയിലെ കുമാരമംഗലം എം.കെ.എന്‍.എം. സ്‌കൂളാണ്-131 പോയന്റ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ രണ്ടാംസ്ഥാനവും നേടി (83). പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ബി.എസ്.എസ്. ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (113) ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനവും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ (123) രണ്ടാംസ്ഥാനവും നേടി.

സംസ്‌കൃതോത്സവത്തില്‍ 95 വീതം പോയന്റുനേടി മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം ജില്ലകള്‍ ഒന്നാമതെത്തി. കൊല്ലം പാരിപ്പള്ളി എ.എസ്.എച്ച്.എസ്.എസാണ് കൂടുതല്‍ പോയന്റ് നേടിയ സ്‌കൂള്‍ (48). ഇടുക്കി നരിയംപാറ എം.എം. ഹൈസ്‌കൂള്‍ (47) രണ്ടാമതും.
അറബിക് കലോത്സവത്തില്‍ 95 വീതം പോയന്റ് നേടി കണ്ണൂര്‍, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകള്‍ ഒന്നാംസ്ഥാനം പങ്കിട്ടു. ഇടുക്കി കള്ളാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (56) ഒന്നാമതും കൊല്ലം തഴവ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (40) രണ്ടാമതുമെത്തി.

സമാപനസമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. അധ്യക്ഷത വഹിച്ച വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ട്രോഫികള്‍ വിതരണം ചെയ്തു.