കളിയിക്കാവിള: ചെക്‌ പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്‌ ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്നത് ആയുധം ഉപയോഗിക്കുന്നതിൽ വിദഗ്ധപരിശീലനം നേടിയവരാണെന്ന് തമിഴ്‌നാട് പോലീസ്. ആക്രമണം നടത്തുന്നതിനായി സ്ഥലം തിരഞ്ഞെടുക്കുന്നതിനുമുമ്പ് പ്രദേശത്തെക്കുറിച്ച് വ്യക്തമായി സംഘം പഠിച്ചിരുന്നതായും തമിഴ്‌നാട് പോലീസ് പറഞ്ഞു.

പോലീസ് ഡ്യൂട്ടിയുള്ള സ്ഥലങ്ങളും ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളും ഒഴിവാക്കിയാണ് സംഘം എത്തിയതും മടങ്ങിയതും. കളിയിക്കാവിളയിൽ ഏറെ തിരക്കുള്ള റോഡിലാണ് ആക്രമണം നടന്ന ചെക്‌പോസ്റ്റ്. രാത്രിയിൽ ഒൻപതരയെങ്കിലും കഴിഞ്ഞാണ് ഇവിടെ ജനസഞ്ചാരം കുറയാറ്. പ്രതികൾ രക്ഷപ്പെട്ട ആരാധനാലയവും ഒൻപതുമണിയോടെയാണ് വിജനമാകാറ്.

സംഭവത്തിനുമുമ്പുതന്നെ പ്രതികൾ സമീപത്തെ ആരാധനാലയത്തിന്റെ ഗേറ്റിനുമുന്നിലെത്തി പരിസരം നിരീക്ഷിക്കുന്നത് സുരക്ഷാക്യാമറാ ദൃശ്യങ്ങളിൽ വ്യക്തമാണ്. ആരാധനാലയത്തിൽ മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് ഇവർ വെടിവെച്ചത്. ചെക്‌പോസ്റ്റിനുമുന്നിൽ കസേരയിൽ ഇരിക്കുകയായിരുന്ന വിൽസന്റെ ശരീരത്തിലൂടെ മൂന്നു ഉണ്ടകളും തുളച്ച് പുറത്തേക്കുപോയ നിലയിലാണ് കണ്ടെത്തിയത്. തോക്കിൽനിന്ന് പുറത്തുവന്ന ഒരു വെടിയുണ്ടപോലും ലക്ഷ്യം തെറ്റാതിരുന്നത് പ്രതികൾ വിദഗ്ധ ആയുധപരിശീലനം നേടിയവരാണെന്ന് തെളിയിക്കുന്നതായി പോലീസ് പറഞ്ഞു. വെടിയുതിർത്തശേഷം ആരാധനാലയത്തിന്റെ ഗേറ്റിനുള്ളിലേക്ക് ഓടിക്കയറിയ സംഘം നേരെ മറുഭാഗത്തെ റോഡിലേക്കുള്ള ഗേറ്റിലൂടെയാണ് പുറത്തേക്ക് കടക്കുന്നത്. പുറത്തെത്തിയശേഷം ഇവർ വളരെ സാവധാനം നടന്നുപോകുന്നതാണ് സി.സി.ടി.വി. ദൃശ്യങ്ങളിൽ കാണുന്നത്.

തുടർന്ന് കേരളത്തിന്റെ ഭാഗത്തേക്ക് അരക്കിലോമീറ്ററോളം ദൂരം നടന്ന ഇരുവരും കാരാളി ഭാഗത്തേക്ക് പോകുന്നതായി വേബ്രിഡ്ജിൽനിന്ന് ലഭിച്ച അവസാന സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമാകുന്നു.

രണ്ടുപേരെക്കുറിച്ച് കേന്ദ്ര ഇന്റലിജൻസ് വിവരം നൽകിയിരുന്നു

തമിഴ്‌നാട്ടിലെ തീവ്രമതസംഘടനയിലെ അംഗങ്ങൾ കന്യാകുമാരി, തിരുവനന്തപുരം ജില്ലകൾ ലക്ഷ്യംവെക്കുന്നതായി കേന്ദ്ര ഇന്റലിജൻസ് വിഭാഗം നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. ഇവരിൽ നാലുപേരെക്കുറിച്ചുമാത്രമേ വ്യക്തമായ വിവരങ്ങളുണ്ടായിരുന്നുള്ളൂ. വിവരങ്ങൾ ലഭ്യമല്ലാതിരുന്ന മറ്റുരണ്ടുപേർ കേരളത്തിലേക്ക്‌ കടക്കാൻ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോർട്ട്. പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്നശേഷം രക്ഷപ്പെട്ടവർതന്നെയാണ് അവരെന്നാണ് സൂചന. ഇവരുടെ ചിത്രം ഉൾപ്പടെയുള്ള വിവരങ്ങൾ വിവിധ ജില്ലാ പോലീസ് മേധാവിമാർക്കും കൈമാറി. കളിയിക്കാവിള സംഭവത്തിനുപിന്നാലെ തിരുനെൽവേലിയിലെ ഒരുസ്ഫോടനക്കേസിൽ മുമ്പ് പ്രതിയായിരുന്ന തിരുവനന്തപുരം സ്വദേശിയായ ഒരാളെയും പോലീസ് വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

 Content Highlight : Kaliyikkavila ASI shot dead case, Police identified accused