കൊച്ചി: തിരുവനന്തപുരം കളിയിക്കാവിള ചെക്ക്പോസ്റ്റിൽ തമിഴ്നാട് സ്പെഷ്യൽ എസ്.ഐ.യെ വെടിവെച്ചുകൊന്ന കേസിൽ പ്രതികൾ ഉപയോഗിച്ച തോക്ക് എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനു സമീപത്തുനിന്നു കണ്ടെത്തി. സ്റ്റാൻഡിനു പിന്നിൽ റെയിൽപ്പാളത്തിനു സമീപമുള്ള അഴുക്കുചാലിൽനിന്നാണ് തോക്ക് കണ്ടെത്തിയത്. സൈന്യത്തിൽ ഉപയോഗിക്കുന്ന തരത്തിലുള്ള 7.65 കാലിബർ ഇറ്റാലിയൻ നിർമിത തോക്കാണു ലഭിച്ചത്.

പ്രതികളായ അബ്ദുൾ ഷമീം, തൗഫീക്ക് എന്നിവരുടെ മൊഴിയനുസരിച്ചാണ് തമിഴ്‌നാട് ക്യുബ്രാഞ്ച് അഴുക്കുചാലിൽ പരിശോധിച്ചത്. ഈ തോക്ക് എങ്ങനെ പ്രതികളുടെ കൈവശം വന്നുവെന്ന് അന്വേഷിക്കുമെന്ന് കന്യാകുമാരി ക്യുബ്രാഞ്ച് ഡി.എസ്.പി. കെ.പി. ഗണേശൻ പറഞ്ഞു.

തോക്കിൽ അഞ്ച് തിരകൾ ബാക്കിയുണ്ടായിരുന്നു. പോലീസുകാരനെ വെടിവെച്ചപ്പോൾ അഞ്ച് തിരകൾ ഉപയോഗിച്ചതായി പ്രതികൾ പറയുന്നുണ്ട്. ഫൊറൻസിക് പരിശോധനയ്ക്കുശേഷമേ ആ തോക്കുതന്നെയാണ് ഇതെന്ന് ഉറപ്പിക്കാൻ കഴിയൂവെന്ന് പോലീസ് പറഞ്ഞു. പ്രതികൾ ബസ്‌സ്റ്റാൻഡിൽ കയറിയ കടകളിലെത്തിച്ചും തെളിവെടുത്തു.

Content Highlight: Kaliyikkavila ASI murder case: Gun found near by KSRTC bus stand kochi