കാളികാവ്: ആസ്​പത്രികളില്‍നിന്ന് ആസ്​പത്രികളിലേക്കോടി നൂറുകണക്കിന് ജീവന്‍രക്ഷിച്ച നജീബ് ബാബു ഇനി ഒരു പഞ്ചായത്തിന്റെ മുഴുവന്‍ നാഥനാവുന്നു. കാളികാവ് പഞ്ചായത്തിലെ പുതിയ പ്രസിഡന്റ് നജീബ് ബാബു ഒരു ആംബുലന്‍സ് ഡ്രൈവറും ചുമട്ടുതൊഴിലാളിയുമാണ്.

നാട്ടുകാരുടെ താത്പര്യപ്രകാരമാണ് നജീബ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മേലെകാളികാവ് വാര്‍ഡില്‍നിന്ന് മത്സരിച്ചത്. 20 വര്‍ഷത്തിലേറെയായി സി.പി.എമ്മിന്റെ കൈവശമുള്ള വാര്‍ഡ് പിടിച്ചെടുക്കാന്‍ കഴിഞ്ഞത് നാട്ടുകാരുടെ ഈ പിന്തുണകൊണ്ടുതന്നെ.

ലീഗും കോണ്‍ഗ്രസും ചേരിതിരിഞ്ഞ് മത്സരിച്ച പഞ്ചായത്തില്‍ പിന്നീട് മുന്നണിബന്ധമുണ്ടാക്കി. കോണ്‍ഗ്രസില്‍നിന്ന് പ്രസിഡന്റ് പദവിയിലേക്ക് തര്‍ക്കമില്ലാതെതന്നെ നജീബിനെ പരിഗണിക്കുകയുംചെയ്തു.

വ്യാപാരി വ്യവസായി ഏകോപനസമിതി കാളികാവ് യൂണിറ്റിന്റെ കീഴിലുള്ള ആംബുലന്‍സിലാണ് അദ്ദേഹം ജോലിചെയ്യുന്നത്. രോഗികളെ വാഹനത്തില്‍ കയറ്റാനും ഡോക്ടറുടെ അടുത്തെത്തിക്കാനും ബാബു ഉണ്ടെങ്കില്‍ മറ്റൊരാള്‍ വേണ്ട. വീട്ടുകാരെപ്പോലെ രോഗികളെ ശ്രദ്ധിക്കുമെന്നതിനാല്‍ തന്നെയാണ് പലരും ബാബുവിന്റെ സഹായം തേടുന്നത്. കാളികാവ് കവലയിലെ ചുമട്ടുപണിയും കൂടെയുണ്ട്.

ബാബു പ്രസിഡന്റ് പദവിയിലെത്തിയത് നാടിനെ ഒന്നടങ്കം സന്തോഷത്തിലാക്കിയിട്ടുണ്ട്. രണ്ടുവര്‍ഷമാണ് പ്രസിഡന്റ് പദവി ബാബുവിന് ലഭിക്കുക. പ്രസിഡന്റ് പണിയോടൊപ്പം ആംബുലന്‍സിലെ ജോലിയും തുടരുമെന്നാണ് നജീബ് ബാബു പറയുന്നത്.