കാക്കനാട്: അപ്രതീക്ഷിതമായുണ്ടായ ദുരിതത്തിന്റെ വേദനയിലാണ് കാക്കനാട് പടമുഗള്‍ സാറ്റലൈറ്റ് ടൗണ്‍ഷിപ്പിലെ അക്ഷയ വീട്. യു.എസില്‍ കാറില്‍ ഒഴുക്കില്‍പ്പെട്ടെന്ന സന്ദേശം ലഭിച്ചപ്പോഴും മകളും കുടുംബവും സുരക്ഷിതമായി തിരികെയെത്തണേയെന്ന പ്രാര്‍ത്ഥനയിലായിരുന്നു ഈ കുടുംബം. എന്നാല്‍, മരണവാര്‍ത്തയെത്തിയതോടെ ജീവനെക്കാള്‍ സ്‌നേഹിച്ചവരെ അവസാനമായി ഒരുനോക്ക് കാണാന്‍ പോലും കഴിയില്ലെന്നത് സോമനാഥ പിള്ളയേയും രത്‌നലതയേയും തളര്‍ത്തുന്നു.

രണ്ടാഴ്ച മുന്‍പാണ് യു.എസിലെ ഡോറാക്രീക്കിലുണ്ടായ വെള്ളപ്പൊക്കത്തില്‍, ഈല്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ട് ദമ്പതിമാരുടെ മകള്‍ സൗമ്യ (38), ഭര്‍ത്താവ് പറവൂര്‍ തോട്ടപ്പള്ളി സന്ദീപ് (42), മക്കളായ സിദ്ധാന്ത് (12), സാച്ചി (ഒന്‍പത്) എന്നിവര്‍ അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാര്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെടുകയായിരുന്നു. ഉറ്റവരെ നഷ്ടപ്പെട്ട വ്യാധിയില്‍ ഉറക്കമില്ലാത്ത രാത്രികള്‍ കൊണ്ട് ഇവിടെ ദുഃഖം പെയ്തിറങ്ങുകയായിരുന്നു. ഇതിനിടെയാണ് ബന്ധുക്കള്‍ വഴി മൂന്ന് പേരുടെ മൃതദേഹം കിട്ടിയ വിവരം കാക്കനാട് അറിയിക്കുന്നത്. നദിയിലെ വെള്ളം താഴ്ന്നപ്പോള്‍ സൗമ്യയുടെ മൃതദേഹം ആദ്യം കണ്ടെത്തുകയായിരുന്നു. അതിനു ശേഷം കഴിഞ്ഞ ദിവസമാണ് കാറ് കണ്ടെത്തിയത്. കാറിനുള്ളില്‍ നിന്നാണ് പെണ്‍കുട്ടി സാച്ചിയുടെയും പിതാവ് സന്ദീപിന്റെയും മൃതദേഹം ലഭിച്ചത്. മകളെ രക്ഷിക്കാനായി ഡോര്‍ തുറക്കാന്‍ ശ്രമിക്കുന്ന രീതിയിലാണ് ഇരിക്കുന്ന സന്ദീപിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് സൗമ്യയുടെ പിതാവ് പറഞ്ഞു.

സൗമ്യയുടെ മകന്റെ മൃതദേഹം ഇനിയും കണ്ടെത്തിയിട്ടില്ല. കണ്ടെത്തിയ മൃതദേഹങ്ങളുടെ അവസ്ഥ മോശമായതിനാല്‍ ഇന്ത്യയിലെത്തിക്കാന്‍ കഴിയില്ലെന്ന് ബന്ധുക്കള്‍ മുഖേന നാട്ടില്‍ അറിയിച്ചു. മൃതദേഹങ്ങള്‍ 15 ദിവസത്തില്‍ കൂടുതല്‍ മോര്‍ച്ചറിയിലും സൂക്ഷിക്കാന്‍ കഴിയില്ല. അതിനാല്‍ അവിടെ തന്നെ സംസ്‌കാരിക്കാനുള്ള സംവിധാനം ഒരുക്കേണ്ടതുണ്ട്. എന്നാല്‍ യു.എസിലേക്ക് പോകാന്‍ കഴിയുമോയെന്ന സംശയത്തിലാണ് സൗമ്യയുടെ മാതാപിതാക്കള്‍. മകളെ കാണാന്‍ ഇതുവരെ യു.എസിലേക്ക് പോകാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടില്ല. മൂന്ന് കൊല്ലം കൂടുമ്പോള്‍ മകളും കുടുംബവും കാക്കനാട്ടുള്ള വീട്ടിലെത്തി ഒരു മാസം താമസിക്കും. 2016-ലാണ് ഇങ്ങനെ അവസാനമായി നാട്ടിലെത്തിയത്. സൂററ്റിലുള്ള സന്ദീപിന്റെ കുടുംബവും കാക്കനാട്ടുള്ള വീട്ടില്‍ അന്നെത്തിയിരുന്നു. രണ്ട് മാസക്കാലം നാട്ടില്‍ ചെലവഴിച്ച ശേഷമാണ് സൗമ്യയും കുടുംബവും യു.എസിലേക്ക് മടങ്ങിയത്. അടുത്ത കൊല്ലം വരാനിരിക്കെയാണ് അപകടമുണ്ടായത്. മകളുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനുള്ള അവസാന ശ്രമത്തിലാണ് സോമനാഥന്‍ പിള്ള. ഇവരുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി അവസാനിച്ചിരിക്കുകയാണ്. ഇത് പുതുക്കാനായി ഓടി നടക്കുകയാണ് അപകടമറിഞ്ഞ് ഗള്‍ഫില്‍ നിന്നെത്തിയ മകന്‍ ലിഖിത്. കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ട് പുതുക്കിയിട്ടും വേണം, ചെന്നൈയില്‍ എത്തി വിസ ശരിയാക്കാന്‍. അതിന് ശേഷം വേണം യു.എസിലേക്ക് പോകാന്‍. എന്നാല്‍ ഇത് സാധിക്കുമെന്ന് സോമനാഥന്‍ പിള്ളയ്ക്ക് ഉറപ്പില്ല. സൂററ്റിലുള്ള സൗമ്യയുടെ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും ഇടയ്ക്കിടെ അമേരിക്കയില്‍ പോയി മകനെയും കുടുംബത്തെയും സന്ദര്‍ശിക്കാറുണ്ടെന്ന് സൗമ്യയുടെ അച്ഛന്‍ പറഞ്ഞു. ഇതെല്ലാം പറയുമ്പോള്‍ മകളുടെ കുടുംബത്തിന്റെ ഫോട്ടോ ടാബില്‍ നോക്കി കരയുകയായിരുന്നു രത്‌നലത. അപകടത്തിന് രണ്ടു ദിവസം മുന്‍പ് അയച്ചുകൊടുത്ത ഫോട്ടോകള്‍ നോക്കിയാണ് അമ്മ സങ്കടപ്പെട്ടിരുന്നത്. അന്നാണ് അവസാനമായി അവരോട് വീഡിയോ കോളിലൂടെ സംസാരിച്ചതെന്നും അച്ഛന്‍ പറഞ്ഞു. പിന്നീട് അവര്‍ കേള്‍ക്കുന്നത് മകളുടെ കുടുംബം അപകടത്തില്‍പ്പെട്ട വാര്‍ത്തയാണ്.

യു.എസിലെ ഓറിഗോണിലെ പോര്‍ട്ട്‌ലാന്‍ഡില്‍ നിന്ന് സനോസെയിലേക്ക് പോകുന്നതിനിടെയായിരുന്നു സന്ദീപിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഈല്‍ നദിയില്‍ വീഴുകയായിരുന്നു. ദക്ഷിണ കാലിഫോര്‍ണിയയിലെ വലന്‍സിയയിലായിരുന്നു സന്ദീപിന്റെയും കുടുംബത്തിന്റെയും താമസം. കാര്‍ ഒഴുക്കില്‍പ്പെട്ടത്, തൊട്ടുപിറകിലുണ്ടായിരുന്ന പ്രൊഫസറും കുടുംബവും നേരില്‍ കണ്ടിരുന്നു. എന്നാല്‍, മുന്‍പെ പോയിരുന്ന കാര്‍, ചുവന്ന കാര്‍ മാത്രമാണെന്ന് അവര്‍ക്ക് ഓര്‍മയുള്ളത്. സംഭവം കണ്ടയുടന്‍ അവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടനെ പോലീസും ഹെലികോപ്ടറും എത്തി ഈല്‍ നദിയില്‍ ഒരുപാട് നേരം നിരീക്ഷണ പറക്കല്‍ നടത്തിയെങ്കിലും കൂടുതല്‍ വിവരം ലഭിക്കാനോ കാര്‍ കിടന്ന സ്ഥലം കണ്ടെത്താനോ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഈ കുടുംബം അപകടത്തില്‍പ്പെട്ടതിന്റെ ലക്ഷണമൊന്നും ആദ്യം അവര്‍ക്ക് ലഭിച്ചില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സൗമ്യയുടെ ഹാന്‍ഡ് ബാഗാണ് ആദ്യം ലഭിച്ചത്. അതില്‍ പേര് കുത്തിയ വിവാഹമോതിരം മറ്റും ഉണ്ടായിരുന്നു. അതില്‍ നിന്നുമാണ് നദിയില്‍പ്പെട്ട കുടുംബത്തിന്റെ തിരിച്ചറിയാനുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ദിവസങ്ങള്‍ക്ക് ശേഷം കാര്‍ കണ്ടെടുക്കുമ്പോള്‍ നദിയിലെ ചെളിയില്‍ പൂണ്ട നിലയിലായിരുന്നു.