തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളിൽ താൻ മാപ്പുപറഞ്ഞിട്ടില്ലെന്ന് ദേവസ്വം മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ.

മാപ്പുപറഞ്ഞെന്നാണ് തിരഞ്ഞെടുപ്പുകാലത്ത് മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. ശബരിമലയിലുണ്ടായ ക്രമസമാധാന പ്രശ്നങ്ങളിൽ ഖേദിക്കുന്നുവെന്നാണ് ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞത്. അതിനെയാണ് വളച്ചൊടിച്ചത്.

തിരുത്തിയാൽ കടകംപള്ളി മാപ്പുപറയില്ല എന്നാവുമായിരുന്നു പ്രചാരണം. ആ കെണിയിൽ വീഴേണ്ടതില്ലെന്ന് തീരുമാനിച്ചതുകൊണ്ടാണ് തിരുത്താൻ പോകാഞ്ഞത്.

കടകംപള്ളി മാപ്പുപറഞ്ഞതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ ശബരിമലപ്രശ്നം വീണ്ടും ഉയർന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞതും ശരിയല്ല. താൻ ഏപ്രിലിലാണ് ഇക്കാര്യത്തിൽ പ്രതികരിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണോ മാർച്ചിൽ ഉമ്മൻചാണ്ടി ശബരിമല പ്രശ്നം തിരഞ്ഞെടുപ്പ് വിഷയമായി വീണ്ടും ഉയർത്തിക്കൊണ്ടുവന്നതെന്ന് കടകംപള്ളി ചോദിച്ചു.