തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശക്കേസിൽ ദേവസ്വം ബോർഡിന് സ്വതന്ത്ര തീരുമാനമെടുക്കാമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ.

ആചാരവിഷയങ്ങളിൽ ഹൈന്ദവപണ്ഡിതരുടെ അഭിപ്രായം തേടണമെന്നാണ് കേസ് ആദ്യം സുപ്രീംകോടതിയിൽ വന്നപ്പോൾമുതൽ സ്വീകരിച്ച നിലപാട്. സർക്കാർ കൈകടത്തില്ല. ഹിന്ദുമതത്തിൽ അഗാധപാണ്ഡിത്യമുള്ളവരാണ് ആചാരങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

വിശ്വാസികളുടെ താത്പര്യമനുസരിച്ചുള്ള നിലപാടെടുക്കും -എൻ. വാസു

കൊട്ടാരക്കര: യുവതീപ്രവേശ വിഷയത്തിൽ വിശ്വാസികളുടെ താത്പര്യമനുസരിച്ചുള്ള നിലപാടാകും സ്വീകരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു. മുൻ ബോർഡ് സ്വീകരിച്ച നിലപാടിനു മറുപടിപറയാൻ താൻ ബാധ്യസ്ഥനല്ല. വിശ്വാസവും ആചാരവും പ്രായോഗികതയും പരിഗണിച്ച് തീരുമാനമെടുക്കും. വിശ്വാസം ആരുടെയും കുത്തകയല്ല. വിശ്വാസികളുടെ താത്പര്യമനുസരിച്ചാണ് ദേവസ്വം ബോർഡ് പ്രവർത്തിക്കേണ്ടത്. ഹിന്ദുമത പണ്ഡിതരുടെ അഭിപ്രായം തേടുമെന്ന മന്ത്രിയുടെ അഭിപ്രായം മുൻസർക്കാരെടുത്ത നിലപാടാണ്‌. അതുതന്നെയാണ് ഇപ്പോഴത്തെ സർക്കാരും സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കമ്മിഷനെ നിയോഗിക്കണം

ഹിന്ദു ധർമശാസ്ത്രത്തിൽ ആധികാരിക പരിജ്ഞാനമുള്ള പ്രമുഖ പണ്ഡിതരും അഴിമതിയില്ലാത്തവരും ബഹുമാന്യരുമായ സാമൂഹിക പരിഷ്‌കർത്താക്കളും ഉൾപ്പെട്ട കമ്മിഷനെ നിയോഗിക്കണം. പ്രായവ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകൾക്കും ക്ഷേത്രാരാധന അനുവദിക്കാമോ എന്നതിൽ കമ്മിഷന്റെ നിർദേശങ്ങളും കാഴ്ചപ്പാടുകളും ലഭ്യമാക്കണം.

(2018 ഒക്ടോബർ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞത്)

Content Highlight : kadakampally surendran over sabarimala women entry