കാഞ്ഞാര്‍: കുടുബവഴക്കിനെത്തുടര്‍ന്ന് വീട്ടുജോലിതേടി ചെന്നൈക്കു തീവണ്ടി കയറിയ യുവതിയെ അറസ്റ്റുചെയ്തു. കാഞ്ഞാര്‍ ഞരളം പുഴയിലാണ് സംഭവം. ഞരളംപുഴ ഉപ്പുടുപാറയില്‍ നിഷ (28)യാണ് കുടുബവഴക്കിനെത്തുടര്‍ന്ന് ഒന്‍പതിലും നാലിലും പഠിക്കുന്ന ആണ്‍കുട്ടികളെ വീട്ടില്‍വിട്ട് നാടുവിട്ടത്. ജൂവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരമാണ് നിഷയുടെ പേരില്‍ കേസെടുത്തത്. മദ്യപാനിയായ ഭര്‍ത്താവിന്റെ ശല്യം സഹിക്കാതെയാണ് വീട്ടുജോലിക്കായി ചെന്നൈക്കു പോകുവാന്‍ തീരുമാനിച്ചതെന്ന് നിഷ പറഞ്ഞതായി പോലീസ് പറഞ്ഞു.

കഴിഞ്ഞ മൂന്നിന് നിഷയെ കാണാനില്ലെന്നുപറഞ്ഞ് ഭര്‍ത്താവ് രമേശ് പോലീസില്‍ പരാതി നല്‍കി.

ആലുവായിലുള്ള ഒരു വീട്ടില്‍ ജോലിക്കെത്തി. അവിടെനിന്ന് അവരുടെ ബന്ധുവിന്റെ വീട്ടുജോലിക്കായി ചെന്നൈക്കു പോകുന്നവഴി പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് കാഞ്ഞാര്‍ പോലീസ് അറസ്റ്റുചെയ്തത്. ഇവരുടെ മൊബൈല്‍ നമ്പര്‍ പിന്‍തുടര്‍ന്നാണ് പോലീസ് പാലക്കാട് എത്തിയത്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ നിഷയെ റിമാന്‍ഡുചെയ്തു.