കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ.വി. തോമസ് യു.ഡി.എഫ്. പാളയം വിടുമോ എന്ന ചർച്ച ചൂടുപിടിക്കുകയാണ്. കെ.പി.സി.സി. നേതൃത്വവും ഹൈക്കമാൻഡും തോമസിനെ അവഗണിക്കുമ്പോൾ അദ്ദേഹത്തിന്റെ നിലപാട് നിർണായകമാവുകയാണ്. ഇരുപത്തിനാലിനുശേഷം നിലപാട് പറയുമെന്നാണ് കെ.വി. തോമസ് വ്യക്തമാക്കിയിരിക്കുന്നത്.

കെ.വി. തോമസ് വന്നാൽ ഇടതുപക്ഷം സന്തോഷത്തോടെ സ്വീകരിക്കും. അദ്ദേഹം എറണാകുളത്ത് മത്സരിക്കുന്നതിനുള്ള സാധ്യതകളും തെളിയുന്നുണ്ട്. ഇടതുമുന്നണിക്ക് ഒരു പ്രതീക്ഷയുമില്ലാത്ത മണ്ഡലമാണ് എറണാകുളം. അവിടെ കോൺഗ്രസ് വോട്ടുകൾ വിഭജിച്ച് ജയിക്കുന്നതിനുള്ള സാധ്യതകൾ മുന്നണി പ്രയോജനപ്പെടുത്തും.

കുറച്ചായി കെ.വി. തോമസ് കോൺഗ്രസ് നേതൃത്വവുമായി ഇടച്ചിലിലാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എറണാകുളം സീറ്റ് നിഷേധിച്ചപ്പോൾ അദ്ദേഹം എ.ഐ.സി.സി. അധ്യക്ഷ സോണിയാഗാന്ധിയെ കണ്ട് പരാതിപറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയിൽ ഉചിതമായ സ്ഥാനംകിട്ടുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാൽ, വിചാരിച്ച സ്ഥാനങ്ങളൊന്നും കിട്ടിയില്ല. പാർട്ടിപത്രത്തിന്റെയും ചാനലിന്റെയും എം.ഡി.സ്ഥാനമാണ് അദ്ദേഹത്തിന് വെച്ചുനീട്ടിയത്.

നിയമസഭാതിരഞ്ഞെടുപ്പിൽ കൊച്ചിയിൽ മത്സരിക്കാനുള്ള ആഗ്രഹം അദ്ദേഹം നേരത്തേതന്നെ വെളിവാക്കിയിരുന്നു. എന്നാൽ, ഇരുഗ്രൂപ്പുകളും തോമസിനെ ഒതുക്കാനായി ഒന്നിച്ചുനീങ്ങുകയാണ്. കോൺഗ്രസിൽ ഇനിയൊരു ഉയിർത്തെഴുന്നേൽപ്പ് അസാധ്യമാകുന്ന വിധത്തിൽ അദ്ദേഹത്തെ ഇടിച്ചുതാഴ്ത്താനാണ് ഗ്രൂപ്പ് നേതൃത്വം ശ്രമിക്കുന്നത്. ഇത് വ്യക്തമായി മനസ്സിലാക്കിയാണ് കെ.വി. തോമസ് പാർട്ടിവിടുമെന്ന ചില സൂചനകൾ നൽകിയത്. തോമസ് പോകുന്നെങ്കിൽ പോകട്ടെ എന്ന ലൈനിലാണ് ഗ്രൂപ്പ് നേതൃത്വം. ആറുതവണ ലോക്‌സഭയിലേക്കും രണ്ടുതവണ നിയമസഭയിലേക്കും മത്സരിക്കുകയും കേന്ദ്രമന്ത്രിയും സംസ്ഥാനമന്ത്രിയുമെല്ലാം ആവുകയും ചെയ്തിട്ടുള്ള തോമസിന് ഇനി എന്താണ് കൊടുക്കേണ്ടതെന്നാണ് ഗ്രൂപ്പുനേതാക്കൾ ചോദിക്കുന്നത്.

ഗ്രൂപ്പുകളുടെ ഒതുക്കലുകൾക്ക് വഴങ്ങിക്കൊടുക്കാൻ തോമസും തയ്യാറല്ല. അവസാനഘട്ടംവരെ ശ്രമിച്ചശേഷം ആവശ്യമെങ്കിൽ കടുത്ത നിലപാടിലേക്ക് പോകാമെന്ന നിലപാടിലാണ് അദ്ദേഹം. ഇടതുപക്ഷത്തേക്ക് പോകുന്നതിന് കെ.വി. തോമസിനുമുന്നിൽ വിലങ്ങുതടികളൊന്നുമില്ല. സി.പി.എം. നേതൃത്വവുമായി നല്ലബന്ധം നേരത്തേതന്നെ അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. ഒരുവർഷംമുമ്പ് അദ്ദേഹം സി.പി.എം. അഖിലേന്ത്യസെക്രട്ടറി സീതാറാം യെച്ചൂരിയെയും പി.ബി.അംഗം എം.എ. ബേബിയെയും വസതിയിലേക്ക് ക്ഷണിച്ച് ഒരു ദിവസം താമസിപ്പിക്കുകവരെ ചെയ്തിരുന്നു. ഡൽഹിയിൽ വലിയ ചർച്ചയായ സംഭവത്തിനുശേഷം തോമസിന്റെ നീക്കങ്ങൾ ഹൈക്കമാൻഡ്‌ ശ്രദ്ധിച്ചുവരുകയാണ്.

ഇടതുപക്ഷത്തേക്ക് പോകുമെന്ന തോമസിന്റെ വിലപേശൽ അംഗീകരിക്കേണ്ടെന്നാണ് ഹൈക്കമാൻഡ്‌ നിലപാട്. നിയമസഭാതിരഞ്ഞെടുപ്പിന്റെ പ്രചാരണസമിതി ചെയർമാൻ ആക്കാനുള്ള കെ.പി.സി.സി. നേതൃത്വത്തിന്റെ നിർദേശവും ഹൈക്കമാൻഡ്‌ ഇതിനാൽ മരവിപ്പിച്ചു. പന്ത് ഇപ്പോൾ കെ.വി. തോമസിന്റെ കൈയിലാണ്. അദ്ദേഹം ഇടതുവശത്തേക്ക് ചാഞ്ഞാൽ, എറണാകുളം മണ്ഡലത്തിലെ ഇടതുസ്വതന്ത്രസ്ഥാനാർഥിയായി മത്സരരംഗത്തുണ്ടാവും. ഇടത്‌ തുടർഭരണത്തിനുള്ള സാധ്യതകൾ പ്രവചിക്കപ്പെടുന്ന കാലത്ത്, തോമസിന് അത് രാഷ്ട്രീയമായി ഗുണംചെയ്യുമെന്ന് കരുതുന്നവരുമുണ്ട്.