മൂന്നാര്‍: മുന്‍ കേന്ദ്രമന്ത്രി കെ.വി.തോമസിന്റെ മക്കളുടെപേരിലും വട്ടവടയില്‍ ഭൂമി. മൂന്നുമക്കളുടെയും പേരിലായി ഒന്‍പതേക്കറോളം ഭൂമിയാണ് 2015-ല്‍ വാങ്ങിയത്. കോവിലൂരില്‍നിന്നു ചിലന്തിയാറിലേക്കു പോകുന്ന വഴിവക്കില്‍ നിര്‍ദിഷ്ട കുറിഞ്ഞി ഉദ്യാനത്തോടുചേര്‍ന്നാണ് ഭൂമി.

ദേവികുളം സബ്രജിസ്ട്രാര്‍ ഓഫീസില്‍ 2015 ഒക്ടോബറിലാണ് ഭൂമി രജിസ്‌ട്രേഷന്‍ നടന്നത്. മക്കള്‍ രേഖാ തോമസിന്റെയും ബിജു തോമസിന്റെയും ജോ തോമസിന്റെയും പേരുകളിലായി ഏഴു ഭൂമിയിടപാടു നടന്നു. ഒരു പ്രമുഖ വ്യാപാരിയുടെ കൈവശമിരുന്ന ഭൂമി ഒന്നായിവാങ്ങി മൂന്നുമക്കളുടെപേരിലും രജിസ്റ്റര്‍ചെയ്യുകയായിരുന്നു. ബിജു തോമസിന് മൂന്നരയേക്കറും ജോ തോമസിന് 2.33 ഏക്കറും രേഖാ തോമസിന് 2.68 ഏക്കറുമാണുള്ളത്.

ഒറ്റപ്ലോട്ടായി കിടക്കുന്ന ഭൂമി ഏഴടി ഉയരത്തില്‍ വേലികെട്ടിത്തിരിച്ചിട്ടുണ്ട്. ഈ ഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
 
ഭൂമിയുണ്ടെന്നതു ശരി - കെ.വി.തോമസ്

തന്റെ മക്കള്‍ക്ക് വട്ടവടയില്‍ ഭൂമിയുണ്ടെന്ന് കെ.വി.തോമസ് എം.പി. സമ്മതിച്ചു. ഇക്കാര്യത്തില്‍ ഒന്നും മറച്ചുവെക്കാനില്ല. മക്കള്‍ നേരിട്ടാണ് ഭൂമി വാങ്ങിയത്. എല്ലാ രേഖകളും പരിശോധിച്ചശേഷമാണ് ഭൂമി വാങ്ങിയതെന്നും കെ.വി.തോമസ് അവകാശപ്പെട്ടു.