തിരുവനന്തപുരം: മുസ്‌ലിം ലീഗിനെയും ലീഗിന്റെ സ്ഥാപനങ്ങളെയും കള്ളപ്പണം വെളുപ്പിക്കാനുള്ള സംവിധാനമായി പി.കെ. കുഞ്ഞാലിക്കുട്ടി മാറ്റിയെന്ന് കെ.ടി. ജലീൽ ആരോപിച്ചു. പാണക്കാട് തങ്ങൾ കുടുംബത്തെ കുഞ്ഞാലിക്കുട്ടി ചതിക്കുഴിയിൽ ചാടിച്ചു. ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യംചെയ്യാനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അയച്ച നോട്ടിസിന്റെ പകർപ്പും പത്രസമ്മേളനത്തിൽ കെ.ടി. ജലീൽ പുറത്തുവിട്ടു.

വി.കെ. ഇബ്രാഹിം കുഞ്ഞാണ് കള്ളപ്പണം വെളുപ്പിക്കാനുള്ള ഇടപാടുകൾക്ക് ഒത്താശ ചെയ്യുന്നതെന്നും ജലീൽ ആരോപിച്ചു. പാർട്ടി പത്രത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ച രേഖയില്ലാത്ത പണത്തിന്റെ പേരിൽ വി.കെ. ഇബ്രാഹിംകുഞ്ഞിനെ ഏജൻസികൾ ചോദ്യംചെയ്തിരുന്നു. അതിനുശേഷമാണ് പത്രത്തിന്റെ ചുമതലയുള്ള ആളെന്ന നിലയിൽ ഹൈദരലി ശിഹാബ് തങ്ങളെ ഇ.ഡി. ഉദ്യോഗസ്ഥർ പാണക്കാട്ടെ വസതിയിലെത്തി ചോദ്യംചെയ്തത്.

പത്രത്തിന്റെ ദൈനംദിന കാര്യങ്ങളിൽ താൻ ഇടപെടാറില്ലെന്നാണ് തങ്ങൾ മറുപടികൊടുത്തത്. ബാങ്കിൽനിന്ന് കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരിലുള്ള പണമടക്കം 110 കോടി രൂപ ഏജൻസികൾ കണ്ടുകെട്ടിയിട്ടുണ്ട്. ഏഴു കോടിയുടെ രേഖകൾ മാത്രമാണ് ഹാജരാക്കാനായത്. കുഞ്ഞാലിക്കുട്ടിയുടെയും മകന്റെയും ദുരൂഹമായ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഇ.ഡി.ക്ക് പരാതി നൽകുമെന്നും ജലീൽ പറഞ്ഞു.

തങ്ങളെ ഇ.ഡി. ചോദ്യംചെയ്തിട്ടില്ല, മകന്റേത് നിയമപരമായ ഇടപാടുകൾ-കുഞ്ഞാലിക്കുട്ടി

പാണക്കാട് ൈഹദരലി ശിഹാബ് തങ്ങളെ ഇ.ഡി. ചോദ്യംചെയ്തിട്ടില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. ജലീലിന്റെ ആരോപണങ്ങൾ ‘ഒരു കോപ്പു’മില്ലാത്തതാണെന്നും കുഞ്ഞാലിക്കുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു. ചില കാര്യങ്ങളിൽ വ്യക്തതതേടി തങ്ങൾക്ക് നോട്ടീസ് നൽകുക മാത്രമാണുണ്ടായത്. പത്രവുമായി ബന്ധപ്പെട്ട ദൈനംദിന കാര്യങ്ങളിൽ തങ്ങൾ ഭാഗമല്ല എന്ന് ഇ.ഡിക്ക് ചന്ദ്രിക മാനേജ്‌മെന്റ് മറുപടി നൽകുകയും ചെയ്തു. അതോടെ തുടർനടപടി അവസാനിപ്പിച്ചു. തങ്ങളെ ഇതിലേക്ക് വലിച്ചിഴച്ചത് വേദനാജനകമാണ്.

തന്റെ മകൻ വർഷങ്ങളായി വിദേശത്ത് ബിസിനസ് നടത്തുന്നതായി എല്ലാവർക്കുമറിയാം. മകന്റെ പേരിലുള്ള ‘എൻ.ആർ.ഇ.’ അക്കൗണ്ടിൽ ദുരൂഹതയില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി നൂറു ശതമാനം നിയമാനുസൃത പണമിടപാട് മാത്രമാണ് നടത്തിയിട്ടുള്ളത്. നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി നിർബന്ധിച്ചപ്പോളാണ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ മകനായതുകൊണ്ട് ബിസിനസ് നടത്താൻ പാടില്ല എന്നാണോ ജലീലിന്റെ വാദമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ചോദിച്ചു.

ജലീൽ തന്റെ പിന്നാലെ നടന്നയാൾ

ജലീൽ വർഷങ്ങളോളം തന്റെ പിന്നാലെ നടന്നയാളാണ്. അടുത്ത അഞ്ചുവർഷം താൻ കുഞ്ഞാലിക്കുട്ടിയുടെ പുറകേയുണ്ടാകുമെന്ന ജലീലിന്റെ പരാമർശത്തോടായിരുന്നു പ്രതികരണം. എന്നെയും ലീഗിനെയും പറ്റി പറഞ്ഞു നടന്നാൽ ജനശ്രദ്ധ കിട്ടുമെന്നാണ് കരുതുന്നത് -കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സമൻസ് പഴയ സംഭവമെന്ന് ഇ.ഡി.

കൊച്ചി: ഹൈദരാലി ശിഹാബ് തങ്ങളുടെ മൊഴിയെടുത്തത് പഴയ സംഭവമാണെന്ന് ഇ.ഡി. അധികൃതർ. വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരേയുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. മുസ്‌ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമെന്ന നിലയിലാണ് തങ്ങളുടെ അടുക്കലെത്തി മൊഴിയെടുത്തത്.

പാലാരിവട്ടം പാലം നിർമാണ അഴിമതിയിലൂടെ ലഭിച്ച 10 കോടി ചന്ദ്രികയുടെ അക്കൗണ്ട് വഴി ഇബ്രാഹിംകുഞ്ഞ് വെളുപ്പിച്ചെടുക്കാൻ ശ്രമിച്ചെന്ന പരാതിയിലെ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. 2020 ജൂലായിൽ സമൻസ് അയച്ചു. ഓഗസ്റ്റിൽ മൊഴിയെടുത്തു.

പത്രത്തിന്റെ ചെയർമാൻ നാമമാത്രമായ പദവിമാത്രമാണെന്നും പത്രത്തിന്റെ അതത് പ്രാദേശിക ഗവേണിങ് ബോഡികളാണ് വരുന്ന ഫണ്ട് ഉൾപ്പടെ കൈകാര്യം ചെയ്യുന്നതെന്നുമാണ് ഇ.ഡി.ക്ക് ലഭിച്ച മൊഴി. 10 കോടിയിൽ ഭൂരിഭാഗവും പത്രത്തിന്റെ ചെലവുകളിലേക്കാണ് ഉപയോഗിച്ചതെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞതെന്നാണ് സൂചന.