തിരുവനന്തപുരം: അപകീർത്തികരമായി പോസ്റ്റിട്ട യുവാവിനെ യു.എ.ഇ.യിൽനിന്നു നാട്ടിലെത്തിക്കാൻ കോൺസുലേറ്റുമായി മന്ത്രി കെ.ടി. ജലീൽ ഇടപെട്ടത് പ്രോട്ടോകോൾ ലംഘനം. മന്ത്രിക്കെന്നല്ല ആർക്കും നിയമവിധേയമായല്ലാതെ ഇത്തരമൊരു നീക്കംനടത്താൻ ചട്ടങ്ങൾ അനുവദിക്കുന്നില്ലെന്നാണ് വിദഗ്ധാഭിപ്രായം.

കുറ്റകൃത്യം തെളിയിക്കാതെ പരാതി നൽകിയതുകൊണ്ടുമാത്രം ഒരാളെ നാട്ടിലെത്തിക്കാനാവില്ലെന്ന്‌ മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ പറഞ്ഞു. ഇതിനു കൃത്യമായ നിയമവഴികളുണ്ട്. ആദ്യം പോലീസിൽ പരാതിനൽകണം. കോടതി ശിക്ഷിക്കുകയും വേണം. തുടർന്ന് ഇന്റർപോൾ വഴിയാണ് വിദേശരാജ്യവുമായി ബന്ധപ്പെടേണ്ടത്. വിദേശരാജ്യത്തെ കോടതിയിലും വിചാരണ നടക്കണം. ശിക്ഷിക്കപ്പെടുന്ന വ്യക്തിയുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന്‌ ഉറപ്പുനൽകിയല്ലാതെ മാതൃരാജ്യത്തേക്ക്‌ കൊണ്ടുവരാനാവില്ലെന്നതാണ് വ്യവസ്ഥ. ഇങ്ങനെയല്ലാതെയുള്ള മറ്റുനീക്കങ്ങൾ നിയമവിരുദ്ധമാണ്. ‘‘ഒരു മന്ത്രിക്കും കോൺസുലേറ്റുമായി നേരിട്ട് ഇടപെടാനാവില്ല. സ്വപ്നയുടെ മൊഴി ശരിയാണെങ്കിൽ മന്ത്രിചെയ്തത് വലിയ കുറ്റമാണ്’’ -ടി.പി. ശ്രീനിവാസൻ പറയുന്നു.

യാസർ അരാഫത്ത് എന്ന യുവാവിനെ നാടുകടത്താൻ യു.എ.ഇ. കോൺസുലേറ്റുമായി ഇടപെട്ടെന്ന് സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ മൊഴി പുറത്തായതിനെത്തുടർന്ന് മന്ത്രിക്കെതിരേ യുവാവിന്റെ പിതാവും രംഗത്തെത്തിയിരുന്നു. എന്നാൽ, സമൂഹത്തിൽ സ്പർധവളർത്താൻ ശ്രമിച്ചയാളെ നാട്ടിലെത്തിച്ച് നിയമപരമായ ശിക്ഷ ഉറപ്പാക്കാനാണ് ശ്രമിച്ചതെന്നായിരുന്നു കഴിഞ്ഞദിവസം മന്ത്രിയുടെ പ്രതികരണം.