എടപ്പാൾ: മന്ത്രി കെ.ടി. ജലീലിനെതിരേ ഗൾഫിൽനിന്ന് സാമൂഹികമാധ്യമങ്ങളിൽ സന്ദേശമിട്ട യുവാവിന്റെ വീട്ടിൽ ആറുമാസംമുൻപ്‌ രണ്ടുതവണ പോലീസ് റെയ്ഡ് നടത്തി. ദുബായിൽ ജോലിചെയ്യുന്ന വട്ടംകുളത്തെ മുസ്‌ലിംലീഗ് നേതാവ് എം.കെ.എം. അലിയുടെ മകൻ യാസർ അറാഫത്തിന്റെ വീട്ടിലാണ് പോലീസ് തിരച്ചിലിനെത്തിയത്.

കോൺസലേറ്റുമായി ബന്ധപ്പെട്ട് യുവാവിനെ നാടുകടത്താൻ മന്ത്രി കെ.ടി. ജലീൽ ഇടപെട്ടതായ വാർത്ത പുറത്തുവന്നതോടെയാണ് യുവാവിന്റെ വീട്ടുകാർ ഇക്കാര്യം വെളിപ്പെടുത്തിയത്. യുവാവിനെ നാടുകടത്താൻ മന്ത്രി ശ്രമിച്ചുവെന്ന് സ്വർണക്കടത്തിന്റെ പേരിൽ ജയിലിലുള്ള സ്വപ്‌ന സുരേഷ് മൊഴിനൽകിയിരുന്നു. സ്വന്തം മണ്ഡലത്തിൽപ്പെട്ട ഒരു യുവാവിനെ ഇത്തരത്തിൽ നാടുകടത്താൻ മന്ത്രി ഇടപെട്ടതിനെതിരേ യുവാവിന്റെ വീട്ടുകാരും പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

യാസർ അറാഫത്തിനെ (യാസർ എടപ്പാൾ) നാടുകടത്താൻ കോൺസൽ ജനറലുമായും സ്വപ്‌നാസുരേഷുമായും മന്ത്രി ബന്ധപ്പെട്ടെന്നായിരുന്നു മൊഴി. ഇത്തരമൊരു വാർത്ത തങ്ങളെ ഞെട്ടിച്ചെന്ന് എം.കെ.എം. അലി പറഞ്ഞു. മകൻ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ എന്തുശിക്ഷയും നൽകാം. എന്നാൽ നാടുകടത്തുന്ന രീതിയിലുള്ള നടപടി അംഗീകരിക്കാനാവില്ല. വിദേശത്തും സ്വദേശത്തുമുള്ള നിരവധിപേർ അംഗങ്ങളായ കൊണ്ടോട്ടി കൂട്ടായ്മ എന്ന പേജിൽ പലരെയുംപോലെ യാസറും രാഷ്ട്രീയപോസ്റ്റുകൾ ഇടാറുണ്ട്. ഇതിന്റെ പേരിൽ ആറുമാസം മുൻപ് പാസ്‌പോർട്ടിന്റെ പകർപ്പിനെന്നുപറഞ്ഞ് രണ്ടുതവണ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. ഇത്തരത്തിൽ പീഡിപ്പിക്കാൻ തങ്ങളെന്തുതെറ്റാണ് ചെയ്തത് -അലി ചോദിച്ചു. നിയമവിരുദ്ധമായ ഇടപെടലുകളും തന്റെ മകനെ നാടുകടത്താനുമുള്ള ശ്രമവുമുണ്ടായിട്ടുണ്ടെങ്കിൽ അതിനെതിരേ നിയമപോരാട്ടം നടത്തുന്ന കാര്യം പാർട്ടിയുമായി ആലോചിച്ച് ചെയ്യുമെന്നും എം.കെ.എം. അലി പറഞ്ഞു.

മന്ത്രി നടത്തിയത് ഹീനമായ നടപടിയാണെന്നും ഇതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ വീടിനുമുന്നിൽ കുടുംബം വ്യാഴാഴ്ച ധർണ നടത്തുമെന്നും യാസറിന്റെ പിതാവ് എം.കെ.എം. അലി അറിയിച്ചു.

നിരപരാധിയെ ശിക്ഷിക്കാനല്ല ശ്രമിച്ചത് -മന്ത്രി കെ.ടി. ജലീൽ

നിരപരാധിയായ ഒരാളെ നാടുകടത്തി തൂക്കിക്കൊല്ലാനല്ല താൻ ശ്രമിച്ചത്. സമൂഹത്തിൽ സ്‌പർധ വളർത്താൻ നിരന്തരം ശ്രമിച്ച ഒരാളെ നാട്ടിലെത്തിച്ച് നിയമപരമായ ശിക്ഷ നൽകാനാണ്. ഇതുസംബന്ധിച്ച് മന്ത്രി കെ.ടി. ജലീൽ പ്രതികരിച്ചു.

തനിക്കെതിരേ മാത്രമല്ല സമൂഹത്തിൽ സ്‌പർധ വളർത്താൻ ശ്രമിക്കുന്ന രീതിയിലാണ് ഇയാളുടെ ഇടപെടലുകളെല്ലാം. താനൂരിൽ ഒരു കൊലപാതകം നടന്ന സമയത്ത് ഇയാൾ സാമൂഹികമാധ്യമത്തിലിട്ട വീഡിയോ ഇത്തരത്തിലുള്ളതാണെന്ന് കണ്ടെത്തി താനൂർ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. തനിക്കെതിരേ അപകീർത്തികരമായ പോസ്റ്റിട്ടതിന്റെ പേരിൽ മലപ്പുറം എസ്.പിക്ക് നൽകിയ പരാതിയിൽ ചങ്ങരംകുളം പോലീസും രാഷ്ട്രീയ എതിരാളികൾക്കെതിരേ മോശം പരാമർശം നടത്തിയതിന്റെ പേരിൽ 2019 മാർച്ചിൽ കുറ്റിപ്പുറം പോലീസും ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്.

ഇത്തരമൊരാളെ നാട്ടിലെത്തിച്ച് ഇന്ത്യൻ ശിക്ഷാനിയമമനുസരിച്ച് ശിക്ഷിപ്പിക്കാനുള്ള നടപടികൾ മാത്രമാണ് താൻ കൈക്കൊണ്ടത്. ഇതിൽ എന്താണിത്ര തെറ്റ് ? മന്ത്രി ചോദിച്ചു.