കണ്ണൂർ: കണ്ണൂരിലെ ഉന്നത പോലീസുദ്യോഗസ്ഥരെ പ്രസംഗത്തിലൂടെയും സാമൂഹിക മാധ്യമത്തിലൂടെയും ഭീഷണിപ്പെടുത്തിയെന്ന കേസിൽ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചു.

ഫെബ്രുവരി 14-ന് വീണ്ടും ഹാജരാകണമെന്ന് മജിസ്‌ട്രേറ്റ് എം.സി. ആന്റണി ഉത്തരവിട്ടു. കണ്ണൂർ കോടതി ജാമ്യം അനുവദിച്ചെങ്കിലും ശബരിമലയിൽ സ്ത്രീയെ ആക്രമിച്ചെന്ന കേസ് നിലനിൽക്കും. കോടതിനടപടിക്കുശേഷം സുരേന്ദ്രനെ കൊട്ടാരക്കര സബ്ജയിലിലേക്ക് കൊണ്ടുപോയി.

കൊട്ടാരക്കര സബ്ജയിലിൽനിന്ന് ഞായറാഴ്ച കോഴിക്കോട് സബ്ജയിലിലെത്തിച്ച സുരേന്ദ്രനെ രാവിലെ പത്തരയോടെയാണ് കണ്ണൂർ കോടതിയിലെത്തിച്ചത്. ബി.ജെ.പി. പ്രവർത്തകർ കോടതിക്കുപുറത്ത് മുദ്രാവാക്യം വിളിച്ചു. ഭാര്യ ഷീബ, മകൾ ഗായത്രി എന്നിവരും പാർട്ടി നേതാക്കളും കോടതിയിലെത്തി.

ഫസൽ വധക്കേസിൽ ആർ.എസ്.എസ്. പ്രവർത്തകൻ കുപ്പി സുബീഷിന്റെ (ചെമ്പ്ര സുബീഷ്) വെളിപ്പെടുത്തലിനെ തുടർന്ന് കണ്ണൂർ എസ്.പി. ഓഫീസിലേക്ക് ബി.ജെ.പി. നടത്തിയ മാർച്ചിൽ ഡിവൈ.എസ്.പി.മാരായ പി.പി. സദാനന്ദൻ, പ്രിൻസ് അബ്രഹാം എന്നിവർക്കെതിരേ സുരേന്ദ്രൻ ഭീഷണിസ്വരത്തിൽ പ്രസംഗിച്ചിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചു. തുടർന്നാണ് പോലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് വാറന്റ് പുറപ്പെടുവിച്ചു.

കള്ളക്കേസ് നേരിടും

ശബരിമല യുവതീപ്രവേശ വിഷയത്തിൽ ബി.ജെ.പി., സംഘപരിവാർ സംഘടനകൾ ശക്തമായ നിലപാട് സ്വീകരിച്ചതിലെ വൈരാഗ്യമാണ്‌ പോലീസും സർക്കാരും തനിക്കെതിരേ കാണിക്കുന്നത്. കള്ളക്കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. കണ്ണൂരിലെ രണ്ട് ഡിവൈ.എസ്‌.പി.മാരാണ്‌ കേസ് കെട്ടിച്ചമച്ചതിനുപിന്നിൽ. ഇതിന്‌ മുഖ്യമന്ത്രിയുടെ ഉപദേശികളിലൊരാളുടെ പിന്തുണയുമുണ്ട്. ഫസൽ വധക്കേസിൽ പ്രതികളായ സി.പി.എം. നേതാക്കളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും രക്ഷിക്കാനുള്ള ആസൂത്രിത ഗൂഢാലോചനയാണ് ഇതിനുപിന്നിൽ. -കെ. സുരേന്ദ്രൻ