മഞ്ചേശ്വരം: മഞ്ചേശ്വരത്ത് 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 89 വോട്ടിന് മാത്രം കാലിടറിയ കെ. സുരേന്ദ്രനെ ഇത്തവണയും മണ്ഡലം കൈവിട്ടു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിന്റെ പരിവേഷത്തിൽ ഹെലികോപ്റ്ററിൽ പറന്നിറങ്ങി വലിയതോതിൽ പ്രചാരണം നടത്തിയെങ്കിലും സുരേന്ദ്രന് ഇവിടെ താമര വിരിയിക്കാനായില്ല. വോട്ടെണ്ണലിന്റെ ആദ്യാവസാനത്തിൽ ഒരു ഘട്ടത്തിൽപോലും ലീഡ് ചെയ്യാൻ സുരേന്ദ്രന് കഴിഞ്ഞില്ല.

അന്ന് 89 വോട്ടിന് സുരേന്ദ്രനെ പരാജയപ്പെടുത്തിയ പി.ബി. അബ്ദുൾ റസാഖിന്റെ മരണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റുകൂടിയായ യു.ഡി.എഫിലെ എം.സി. ഖമറുദ്ദീൻ നല്ല വിജയം നേടിയിരുന്നു. ഖമറുദ്ദീന് കിട്ടിയ ഭൂരിപക്ഷം 7923 ആണ്. ഉപതിരഞ്ഞെടുപ്പിന്റെ കണക്കല്ല, മറിച്ച് അഞ്ചുവർഷം മുൻപിലുള്ള 89-ന്റെ കണക്കുപറഞ്ഞാണ് സുരേന്ദ്രനും എൻ.ഡി.എ.യും ആത്മവിശ്വാസത്തിലും പ്രതീക്ഷിയലുമെത്തിയത്.

പ്രചാരണത്തിന്റെ അവസാനനിമിഷത്തിലും വോട്ടെടുപ്പ് കഴിഞ്ഞും ഒടുവിൽ വോട്ടെണ്ണുന്ന മണിക്കൂറുകളിലും ഈ പ്രതീക്ഷ എൻ.ഡി.എ. നേതാക്കൾ കൈവിട്ടില്ല. താമര വിരിയുമെന്നുതന്നെ അവസാന നിമിഷംവരെ അവർ കരുതി. കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ചതാണ് സുരേന്ദ്രന് വിനയായതെന്ന അടക്കംപറച്ചിലും ബി.ജെ.പി. കേന്ദ്രങ്ങളിൽനിന്നുയരുന്നു. മഞ്ചേശ്വരത്ത് മാത്രം ശ്രദ്ധപതിപ്പിച്ചിരുന്നെങ്കിൽ ജയിക്കുമായിരുന്നുവെന്ന വിലയിരുത്തലാണ് പാർട്ടി ജില്ലാനേതൃത്വത്തിന്.

യു.ഡി.എഫ്. സ്ഥാനാർഥി എ.കെ.എം. അഷ്റഫിന് കിട്ടിയത് 745 വോട്ടിന്റെ ഭൂരിപക്ഷമാണ്. എത്രയോ വർഷമായി ഈ മണ്ഡലത്തിൽ സജീവ സാന്നിധ്യമാണ് അഷ്റഫ്. ഓരോ യു.ഡി.എഫ്. സ്ഥാനാർഥിയും ഇവിടെ വിജയിക്കുമ്പോൾ പിന്നണിയിൽ അദ്ദേഹമുണ്ടായിരുന്നു. മണ്ഡലത്തിലെ ആളുകളുമായുള്ള പരിചയവും സൗഹാർദവും വോട്ടായി മാറുകയും ചെയ്തു. 2016-ൽ 56,870 വോട്ടാണ് യു.ഡി.എഫ്. സ്ഥാനാർഥിക്ക് കിട്ടിയിരുന്നത്. ഉപതിരഞ്ഞെടുപ്പിൽ 65,407-ഉം. ഇക്കുറി 65,758 ആയി.

എൻ.ഡി.എ.ക്ക് 2016-ൽ 56781, ഉപതിരഞ്ഞെടുപ്പിൽ 57484, ഇക്കുറി 65013 എന്നിങ്ങനെയാണ് വോട്ട് കിട്ടിയത്. ഇടതുമുന്നണി സ്ഥാനാർഥി സി.പി.എം ജില്ലാകമ്മിറ്റിയംഗം കൂടിയായ വി.വി. രമേശന് കിട്ടിയത് 40,639 വോട്ടാണ്. 2016-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടതുപക്ഷത്തിന് വോട്ട് കുറഞ്ഞു. അന്ന് 42,565 വോട്ടാണ് കിട്ടിയത്. അതേസമയം ഉപതിരഞ്ഞെടുപ്പിൽ കിട്ടിയതിനേക്കാൾ വോട്ട്‌ വർധിപ്പിക്കാൻ രമേശന് കഴിഞ്ഞു. അന്ന് 38,233 വോട്ടാണ് എൽ.ഡി.എഫിലെ ശങ്കർ റൈയ്ക്ക് കിട്ടിയത്.