തിരുവനന്തപുരം: കണ്ണൂർ രാഷ്ട്രീയത്തിലെ ചതുരംഗത്തിൽ ആസൂത്രിത നീക്കങ്ങളാണ് ഏറെയും. ഒന്നുപിഴച്ചാൽ കാലാൾ മാത്രമല്ല, രാജാവും വീഴും. പോയവഴിയിലൂടെ തിരിച്ചുവരാത്ത യാത്രകൾ, നേതാവിനെ കാക്കാൻ ചാവേറുകളായി അനുയാത്ര ചെയ്യുന്ന അനുയായികൾ. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞ ഈ വാചകങ്ങളിലുണ്ട് കണ്ണൂരിലെ കഴിഞ്ഞകാല രാഷ്ട്രീയപോരിന്റെയും ഒളിപ്പോരിന്റെയും അന്തഃസത്ത. അപ്രതീക്ഷിത ഘട്ടത്തിലാണ് പിണറായി-സുധാകരൻ പോര് പ്രത്യക്ഷപ്പെട്ടത്. പതിറ്റാണ്ടിനപ്പുറമുള്ള കലാലയത്തിലെ കഥപറഞ്ഞുള്ള ‘കുട്ടിക്കലഹ’മായി തോന്നാമെങ്കിലും ഇതിന് പിന്നിലും ഒരു രാഷ്ട്രീയ ‘ആക്‌ഷൻപ്ലാനുണ്ട്’. കണ്ണൂർ നേതാക്കളുടെ രാഷ്ട്രീയശൈലി കണ്ണൂരിന് പുറത്ത് അത്രപരിചിതമോ സ്വീകാര്യമോ ആയിരുന്നില്ല.

കെ. സുധാകരൻ കെ.പി.സി.സി. പ്രസിഡന്റായതോടെ സ്ഥിതിമാറി. കണ്ണൂരിലെ നേതാക്കൾ ഏറിയകാലവും അമരത്തിരുന്നത് സി.പി.എമ്മിലാണ്. അതിനാൽ, ‘കണ്ണൂർ ലോബി’, ‘കണ്ണൂർ ശൈലി’ എന്നിവയെല്ലാം സി.പി.എം. നേതാക്കൾക്ക് ചാർത്തിക്കിട്ടിയ വിശേഷങ്ങളുമാണ്. കോൺഗ്രസിൽ എൻ. രാമകൃഷ്ണൻ തുടക്കമിട്ട് കെ. സുധാകരൻ ഏറ്റെടുത്തത് ഇതേ ശൈലിയാണ്. പക്ഷേ, അവർ കണ്ണൂരിലെ നേതാക്കളെന്ന പേരിൽ നിലകൊണ്ടതിനാൽ, അത് കോൺഗ്രസ് ശൈലിയായി മാറിയില്ല.

പാർട്ടിസെക്രട്ടറിയായി സി.പി.എമ്മിലും മുഖ്യമന്ത്രിയായി കേരളജനതയിലും സ്വീകാര്യമുണ്ടാക്കിയത് പിണറായി വിജയന്റെ കാർക്കശ്യ ശൈലിയാണെന്നാണ് പൊതുവിലയിരുത്തൽ. മുഖ്യമന്ത്രിയുടെ ‘ഇരട്ടച്ചങ്കൻ’ പരിവേഷം ഇടതുപക്ഷ രാഷ്ട്രീയ ഹീറോയിസമായി മാറിയ ഘട്ടമാണിത്. ഈ ഘട്ടത്തിലാണ് എതിർപാളയത്തിൽ അതേ വീര്യത്തോടെ പോര് നയിക്കാൻ സുധാകരനെത്തുന്നത്.

’ഫോക്കസ്’ സുധാകരൻ

സെമികേഡർ പാർട്ടിയായി കോൺഗ്രസിനെ മാറ്റുമെന്ന സുധാകരന്റെ പ്രഖ്യാപനം സുധാകര ശൈലിയിലേക്ക് കോൺഗ്രസിനെ കൊണ്ടുവരുമെന്ന സൂചനയായാണ് സി.പി.എം. കണക്കാക്കിയത്. എന്നാലിത് കോൺഗ്രസ് നേതാക്കൾക്ക് അത്ര സ്വീകാര്യമായ രീതിയാവില്ലെന്ന് സി.പി.എമ്മിന് അറിയാം. ആ നീക്കം തകർക്കാനാണ് സുധാകരനെ ‘ഫോക്കസ്’ ചെയ്തുള്ള വിമർശനങ്ങൾ സി.പി.എം. ശക്തമാക്കിയത്. വാരികയിൽ സുധാകരന്റേതായി വന്ന പരാമർശങ്ങൾ ആയുധമാക്കി മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചതും ഇതുകൊണ്ടാണ്. സുധാകരന്റെ ‘ബി.ജെ.പി. അനുകൂല മനസ്സ്’ ആണ് സി.പി.എം. ആദ്യം ഉന്നയിച്ചത്.

പതിയെ നേടിയ സ്വീകാര്യത

പഠനകാലത്തെ പരസ്പര കലഹത്തെക്കുറിച്ചുള്ള സുധാകരന്റെ പരാമർശം വേണ്ടായിരുന്നുവെന്നാണ് പല കോൺഗ്രസ് നേതാക്കളുടെയും നിലപാട്. എന്നാൽ, സുധാകരന്റെ പ്രതികരണം വന്നതോടെ ഈ നിലപാടിൽ മാറ്റം വന്നു. ‘ബ്രണ്ണൻ വീരകഥകളി’ൽ ഊന്നാതെ രാഷ്ട്രീയമായി മുഖ്യമന്ത്രിയുടെ പരാമർശത്തെ നേരിട്ടതാണ് ഇതിന് കാരണമായത്. ഒരു ആരോപണമോ വിമർശനമോ ഉണ്ടായാൽ ഉടനെ എതിർ പ്രസ്താവന എന്ന കോൺഗ്രസ് രീതി സുധാകരൻ സ്വീകരിച്ചില്ല. പറയാനുള്ളത് ആലോചിച്ച് ഉറപ്പിച്ച് മറുപടി എന്നതായിരുന്നു തീരുമാനം. പിണറായി വിജയന്റെ രണ്ടാം അധ്യായം തുറക്കാൻ ഞങ്ങളെക്കൊണ്ട് നിർബന്ധിക്കരുതെന്ന പ്രസ്താവന കൂടിയായപ്പോൾ ആദ്യ ഇന്നിങ്‌സിൽ യു.ഡി.എഫ്. പാളയത്തിന് ഊർജം നൽകാനും സുധാകരനായി.