കണ്ണൂര്‍: ഷുഹൈബിന്റെ കൊലപാതകത്തില്‍ സി.ബി.ഐ. അന്വേഷണമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഗൂഢാലോചനക്കാരെ സംരക്ഷിക്കാനാണെന്ന് കെ. സുധാകരന്‍ ആരോപിച്ചു.

ഷുഹൈബ് വധത്തിലെ ഗൂഢാലോചനയില്‍ സി.പി.എം. ജില്ലാ നേതൃത്വത്തിന് പങ്കുണ്ട്. കളക്ടറേറ്റില്‍ നടന്ന സമാധാനചര്‍ച്ചയില്‍ ഏതന്വേഷണവുമാകാമെന്ന മന്ത്രി ബാലന്റെ പ്രസ്താവന ജില്ലാനേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.

ഇതാണ് സി.ബി.ഐ. അന്വേഷണം വേണ്ടെന്ന പുനരാലോചനയ്ക്ക് സര്‍ക്കാരിനെ പ്രേരിപ്പിച്ചത് -സുധാകരന്‍ പറഞ്ഞു.

കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക് സി.പി.എം. ജില്ലാ നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്. അതിനാല്‍ നേതൃത്വത്തിന്റെ അറിവോടെയല്ലാതെ കൊലപാതകം നടക്കില്ല.

ഗൂഢാലോചനക്കാരെ കണ്ടെത്താന്‍ സി.ബി.ഐ. അന്വേഷണമുണ്ടാകണം. കോണ്‍ഗ്രസ് ധാര്‍മികസമരത്തിന്റെ പാതയിലാണ്. ഗാന്ധിയന്‍ സമരത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളാന്‍ സി.പി.എം. കിരാതന്മാര്‍ക്ക് കഴിയില്ല.

സമരത്തിന്റെ മുന്നോട്ടുള്ള കാര്യങ്ങള്‍ പാര്‍ട്ടിയുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കും. നാല്‍പ്പാടി വാസു വധക്കേസ് കുത്തിപ്പൊക്കുന്നത് പിണറായിയുടെ സമചിത്തത നഷ്ടപ്പെട്ടതിനാലാണ്. തനിക്കെതിരായ മുഖ്യമന്ത്രിയുടെ ആരോപണം പുച്ഛിച്ചുതള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു.