: ‘‘ആ വിവരം ഇടിവെട്ടൽ പോലെയാണ് എനിക്കനുഭവപ്പെട്ടത്. ഉറക്കെ കരഞ്ഞുകൊണ്ട് ഞാൻ നിൽക്കില്ല, നിൽക്കില്ല എന്ന് ഭ്രാന്തിയെപ്പോലെ പറഞ്ഞുകൊണ്ടിരുന്നു. അകത്തേക്ക് ഓടി കട്ടിലിൽകിടന്ന് മതിയാവോളം കരഞ്ഞു. സന്ധ്യയായിക്കഴിഞ്ഞാണ് എഴുന്നേറ്റത്’’ -ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിപ്പിക്കുമെന്ന വിവരമറിഞ്ഞപ്പോൾ കെ.ആർ. ഗൗരിയമ്മ പ്രതികരിച്ചത് ഇങ്ങനെ.
1948 ജനുവരിയിലായിരുന്നു അത്. തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശത്തോടെ ആദ്യ തിരഞ്ഞെടുപ്പ്. സി.പി.ഐ. സംസ്ഥാന സെക്രട്ടറി പി. കൃഷ്ണപിള്ളയാണ് ഗൗരിയെ ചേർത്തലയിൽ സ്ഥാനാർഥിയാക്കാൻ പാർട്ടി തീരുമാനിച്ച വിവരം അറിയിച്ചത്. വിപ്ളവനായിക അതോടെ പൊട്ടിക്കരഞ്ഞു. മത്സരിക്കില്ലെന്ന് കട്ടായം പറഞ്ഞു.
പുന്നപ്ര-വയലാർ സമരത്തെത്തുടർന്ന് കമ്യൂണിസ്റ്റ് നേതാക്കൾ മിക്കവരും ജയിലിലായ കാലമായിരുന്നു അത്. കമ്യൂണിസ്റ്റുകാരനായ കെ.ആർ. സുകുമാരന്റെ സഹോദരിയും സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകയുമായിരുന്നു ഗൗരി. അവരുടെ വാടകവീട് സമ്മതംപോലും ചോദിക്കാതെ പി. കൃഷ്ണപിള്ള തന്റെയും പാർട്ടിയുടെയും ആസ്ഥാനമാക്കി. ഒളിവിലായ അദ്ദേഹം കോഴിക്കോട്ട് സി.പി.ഐ. മുഖപത്രത്തിന്റെ തിരുവിതാംകൂർ എഡിറ്ററായി പ്രവർത്തിക്കുകയായിരുന്നു. ഈ വിവരം അറിയിക്കാതെ സുകുമാരന്റെ ചെലവിനെന്നു പറഞ്ഞ് ഗൗരിയമ്മയുടെ വരുമാനം മുഴുവൻ പാർട്ടിക്കാർ വാങ്ങിക്കൊണ്ടുപോകും.
അങ്ങനെയിരിക്കെ ഗൗരിയമ്മ ഒരുദിവസം വീട്ടിലെത്തുമ്പോൾ മുറ്റത്തുനിറയെ നേതാക്കൾ. കൃഷ്ണപിള്ളയ്ക്കുപുറമേ ടി.വി. തോമസും പി.ടി. പുന്നൂസും ഇ.എം.എസുമെല്ലാമുണ്ട്. തിരുവിതാംകൂർ കമ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയുടെ ദ്വിദിനയോഗം. യോഗത്തിന്റെ പിറ്റേന്നാണ് ഗൗരിയോട് സ്ഥാനാർഥിത്വത്തെക്കുറിച്ച് പറയുന്നത്.
മത്സരിക്കില്ലെന്ന് തീർത്തുപറഞ്ഞ ഗൗരിയോട് കൃഷ്മപിള്ള പറഞ്ഞു- ‘സി.കെ. കുമാരപ്പണിക്കരാണ് യഥാർഥ സ്ഥാനാർഥി. ഭയപ്പെടേണ്ട. സി.കെ. അതിനകം ജയിലിൽനിന്നിറങ്ങിയില്ലെങ്കിലേ ഗൗരി മത്സരിക്കേണ്ടതുള്ളൂ’. സി.കെ. ജയിൽമോചിതനായില്ല. പകരം പത്രിക നൽകാൻ ഗൗരി നിർബന്ധിതയായി. കൃഷ്ണപിള്ളതന്നെ ഗൗരിയുടെ തിരഞ്ഞെടുപ്പുകമ്മിറ്റി സെക്രട്ടറി. കൃഷ്ണപിള്ളയുടെ ഭാര്യ തങ്കമ്മ, വയലാർ രവിയുടെ അമ്മ ദേവകികൃഷ്ണൻ തുടങ്ങിയവർക്കായിരുന്നു വീടുകയറിയുള്ള പ്രചാരണത്തിന്റെ ചുമതല. ദേവകി പിന്നീട് കോൺഗ്രസ് നേതാവായി.
വോട്ടെടുപ്പ് കഴിഞ്ഞതിന്റെ അടുത്തദിവസം കൃഷ്ണപിള്ള ചോദിച്ചു- ‘ജയിക്കുമോ’. ഇല്ലെന്ന് മറുപടി. ഫലം വന്നപ്പോൾ കോൺഗ്രസിലെ കൃഷ്ണനയ്യപ്പനോട് 13,000 വോട്ടിന് തോറ്റു. ആകെയുള്ള 108 സീറ്റിൽ 40-ലാണ് കമ്യൂണിസ്റ്റ് മുന്നണി മത്സരിച്ചത്. ഇതിൽ കെട്ടിവെച്ച കാശുകിട്ടിയത് ഗൗരിയമ്മയുൾപ്പെടെ നാലുപേർക്കുമാത്രം. 108-ൽ ഒരു സീറ്റ് ഒഴികെയെല്ലാം കോൺഗ്രസിന്. പിന്നീട് ഗൗരിയമ്മയുടെ സ്ഥിരംമണ്ഡലമായ അരൂരിൽ സ്വതന്ത്രനായി മത്സരിച്ച ഉർമീസ് തരകനാണ് കോൺഗ്രസല്ലാതെ ജയിച്ച ഒരേയൊരാൾ. എന്നാൽ സത്യപ്രതിജ്ഞയ്ക്ക് മുമ്പുതന്നെ അദ്ദേഹം കോൺഗ്രസിൽ ചേർന്നു.
നാലുപതിറ്റാണ്ടോളം എം.എൽ.എ. അഞ്ചുവട്ടം മന്ത്രി
ആദ്യതിരഞ്ഞെടുപ്പിൽ വലിയ നിർബന്ധത്തിന് വഴങ്ങി മത്സരിച്ച ഗൗരിയമ്മ 1952-ൽ തുറവൂരിൽനിന്ന് ജൈത്രയാത്ര തുടങ്ങി. കേരളനിയമസഭ വന്നശേഷം രണ്ടുതവണ ചേർത്തലയിൽനിന്നു ജയിച്ചു. പിന്നീട് അരൂരിനെ ‘കുത്തകമണ്ഡലം’പോലെയാക്കി. 1948-നുശേഷം 1977-ലും 2006-ലും മാത്രമാണ് പരാജയപ്പെട്ടത്. 12 തിരഞ്ഞെടുപ്പുകളിൽ വിജയിച്ച് അഞ്ചുമന്ത്രിസഭകളിൽ അംഗമായി. നൂറ്റിരണ്ടാം വയസ്സിൽ പ്രായാധിക്യത്താൽ വിശ്രമിക്കുകയാണെങ്കിലും രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചിട്ടില്ല.