ആലപ്പുഴ: കേരളത്തിന്റെ വിപ്ലവനായിക കെ.ആർ.ഗൗരിയമ്മ ഞായറാഴ്ച നൂറാംവയസ്സിലേക്ക്. ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ രാവിലെ 11ന് കേക്ക് മുറിച്ച് ഗൗരിയമ്മ പിറന്നാൾ മധുരം നുണയും. ശനിയാഴ്ച ആശംസ അറിയിക്കാൻ വൻ നിരയാണ് ഗൗരിയമ്മയുടെ വീട്ടിലെത്തിയത്. കെ.പി.സി.സി.പ്രസിഡന്റ് എം.എം.ഹസൻ കുടുംബസമേതമെത്തി ആശംസ നേർന്നു.

മന്ത്രി മേഴ്സിക്കുട്ടിയമ്മയും ആശംസയുമായി ഗൗരിയമ്മയുടെ ആലപ്പുഴ ചാത്തനാട്ടെ വസതിയിലെത്തി. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രനും ഗൗരിയമ്മയെ കാണാനെത്തി. പലരും ഫോണിലൂടെ വിളിച്ച് ആശംസ അറിയിക്കാൻ ശ്രമിച്ചെങ്കിലും ഫോൺനമ്പർ നിലവിലില്ലെന്ന മറുപടിയാണ് ലഭിച്ചത്.

എം.എം. ഹസൻ, ഭാര്യ എ.കെ. റഹിയയ്ക്കൊപ്പമാണ് ചാത്തനാട്ടെ വീട്ടിലെത്തിയത്. ഹസൻ ഭാര്യയെ പരിചയപ്പെടുത്തിയപ്പോൾ ഗൗരിയമ്മയുടെ ചുണ്ടിൽ ചിരി വിടർന്നു. ഭാര്യയുമായി എത്തിയതിലെ സന്തോഷം ഗൗരിയമ്മ പങ്കുവച്ചു. മകളുടെ വിവാഹത്തിന് ഗൗരിയമ്മ എത്തിയ കാര്യം ഹസന്റെ ഭാര്യ ഓർമിപ്പിച്ചപ്പോൾ ഗൗരിയമ്മ തലയാട്ടി ചിരിച്ചു.

പീന്നീട് എത്തിയത് മന്ത്രി മേഴ്സിക്കുട്ടിയമ്മയാണ്. മന്ത്രിക്ക് 100 രൂപ പിറന്നാൾ സമ്മാനമായി ഗൗരിയമ്മ നൽകി. മന്ത്രിയുടെ കൈയിൽനിന്ന് മിഠായി വാങ്ങി കഴിച്ചു. വന്നവർക്കെല്ലാം ഉണ്ണിയപ്പവും ഹൽവയും മിഠായിയും നൽകിയാണ് ഗൗരിയമ്മ സ്വീകരിച്ചത്.