കൊച്ചി: തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടയിലും പ്രിയനേതാവിന്റെ ആയുരാരോഗ്യത്തിനായി പ്രാർഥിച്ചുകൊണ്ട് പാർട്ടിപ്രവർത്തകർ ആശുപത്രിയിലും പരിസരത്തുമുണ്ടായിരുന്നു. വലുതും ചെറുതുമായ നേതാക്കൾ ഇടയ്ക്കിടെ വന്നുപോയി. രാവിലെ സ്ഥിതി മെച്ചമായെന്ന് വാർത്ത പരന്നതോടെ പലരും ആവേശത്തോടെ പ്രചാരണത്തിരക്കിലമർന്നു. എന്നാൽ സന്തോഷം അധികം നീണ്ടുനിന്നില്ല. നില അതിഗുരുതരമെന്നറിഞ്ഞതോടെ അപകടം മണത്ത അണികളും നേതാക്കളും ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരുന്നു.

മരണവിവരം പ്രഖ്യാപിച്ചശേഷം പ്രവാഹം ശക്തിപ്പെട്ടു. ആദ്യത്തെ തീരുമാനം ആശുപത്രിയിൽ കുറച്ചുസമയം പൊതുദർശനത്തിനുവെച്ചശേഷം പാലായിലേക്ക് കൊണ്ടുപോവുകയെന്നതായിരുന്നു. എന്നാൽ, പാർട്ടിയുടെ നേതാക്കൾ ജോസ് കെ. മാണിയും കുടുംബാംഗങ്ങളുമായി കൂടിയാലോചിച്ചശേഷം അത് മാറ്റി.

ആശുപത്രിയിലെ അടിയന്തര നടപടികൾക്കുശേഷം വൈകീട്ട് ആറരയോടെ ആശുപത്രിയുടെ പ്രധാന കവാടത്തിൽ പൊതുദർശനത്തിനായി വെച്ചു. മിക്ക നേതാക്കളും മൃതദേഹത്തിൽ ചുംബനം അർപ്പിച്ചാണ് ഇഷ്ടം പ്രകടമാക്കിയത്. പലരും ജോസ് കെ. മാണിയെ കെട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടി.

സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി ജി. സുധാകരൻ, കെ.വി. തോമസ്, എം.എൽ.എ.മാരായ സി.എഫ്. തോമസ്, എം.കെ. മുനീർ, പി.ടി. തോമസ്, മോൻസ് ജോസഫ്, വി.കെ. ഇബ്രാഹിം കുഞ്ഞ്, സ്ഥാനാർഥികളായ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, പി. രാജീവ്, തോമസ് ചാഴികാടൻ, പി.സി. തോമസ്, നേതാക്കളായ ജോണി നെല്ലൂർ, സ്റ്റീഫൻ ജോർജ്, ടി.യു. കുരുവിള, ഡൊമനിക് പ്രസന്റേഷൻ, കൊച്ചി മേയർ സൗമിനി ജെയിൻ തുടങ്ങി ഒട്ടേറെപ്പേർ ആദരമർപ്പിക്കാനെത്തി.

എറണാകുളം റേഞ്ച് ഐ.ജി. വിജയ് സാഖറേ, സിറ്റി പോലീസ് കമ്മിഷണർ എസ്. സുരേന്ദ്രൻ എന്നിവരും ആദരാഞ്ജലിയർപ്പിച്ചു. ലേക് ഷോർ ആശുപത്രിക്കുവേണ്ടിയും റീത്ത് സമർപ്പിച്ചു. അരണിക്കൂറിനുശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Content Highlights: K M Mani Passed Away