കോട്ടയം: സങ്കടത്താൽ പിളർന്ന മനസ്സുകളെ രണ്ടിലയിലെ തണ്ടുപോലെ ചേർത്തുപിടിച്ച് ഒരിക്കൽക്കൂടി മാണിയെത്തി. കൈവീശിയും തോളിൽത്തട്ടിയും കണ്ണിറുക്കിച്ചിരിച്ചും പലവട്ടം നടന്നുകയറിയ തിരുനക്കരയും നനച്ച് വളർത്തിയ പാലാ പട്ടണവും പിന്നിട്ട് വീട്ടിലേക്ക്. കാട്ടിക്കുന്ന് മുതൽ കോട്ടയം വരെയും അവിടെനിന്ന് പാലായിലേക്കും വീഥികളിരുവശവും ആ മടക്കം കാത്തുനിന്നു. കേരള രാഷ്ട്രീയത്തിന്റെ പൂമുഖത്ത് ഇനി കെ.എം. മാണിയില്ല. കരിങ്ങോഴക്കൽ വീടും ഇനിയാ ചിരി മുഴങ്ങാത്ത ഇടമായി. വ്യാഴാഴ്ച വൈകീട്ട് നാലിന് ഇടവകയായ പാലാ സെയ്ന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ അന്ത്യശുശ്രൂഷകൾ നടക്കും.

മീനവെയിലിലെ പൊള്ളുന്ന കനൽച്ചൂടിനെ വകവെക്കാതെ കാത്തുനിന്നവരുടെ കണ്ണീർത്തുള്ളികൾക്ക് നടുവിലായിരുന്നു കെ.എം. മാണി. സ്ഫുടത വരുത്തി മുഴക്കമാർന്ന ശബ്ദത്തിൽ കുശലം ചോദിച്ചിരുന്ന നേതാവ് ഇതാദ്യമായി നിശ്ശബ്ദസാന്നിധ്യമായി. ആൾക്കൂട്ടത്തിൽ കണ്ടുമുട്ടി പേരുചൊല്ലി വിളിച്ചിരുന്ന മാണിസാറിനെ അദ്ദേഹം വിളിക്കാതെ മുന്നിലെത്തി കാണാൻ തിരക്ക് കൂട്ടിയവർ. പൂക്കൾ ആ പാദത്തിലർപ്പിച്ച് നടന്നുനീങ്ങവമേ അവരിൽ പലരും കണ്ണീരണിഞ്ഞു. ആ കണ്ണീരിൽ മാണിസാറിന്റെ സൗമ്യമുഖം പ്രതിഫലിച്ചു.

കേരള കോൺഗ്രസ് പിറന്നുവീണ തിരുനക്കര മൈതാനത്തെ മന്നം സ്മാരകവേദിയിൽ മാണിക്കൊപ്പം ബുധനാഴ്ച രാവിൽ രാഷ്ട്രീയത്തിലെ മുന്നണിക്കാരെല്ലാമുണ്ടായിരുന്നു. അകന്നും അടുത്തും നിന്നവരെ സ്നേഹത്തോടെ ഒപ്പംകൂട്ടിയ അദ്ദേഹത്തിനുമുന്നിൽ അവർ ഒാർമകളുടെ പിൻവഴി നടന്നു. കൊച്ചിയിൽനിന്നുള്ള മടക്കത്തിൽ വഴിമധ്യേ കടുത്തുരുത്തിയിൽ അദ്ദേഹത്തെ കാത്ത് മുഖ്യമന്ത്രി പിണറായി വിജയനും വി.എസുമുണ്ടായിരുന്നു. റെക്കോഡുകൾ കൊണ്ട് ജനാധിപത്യത്തെ അടയാളപ്പെടുത്തിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാൻ സഭാനാഥനായ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും കടുത്തുരുത്തിയിലാണെത്തിയത്. കോട്ടയത്ത് ഉമ്മൻചാണ്ടിയും തിരുവഞ്ചൂരും മൃതദേഹം ഏറ്റുവാങ്ങി.

രാവിലെ 10.30-ഒാടെ കൊച്ചിയിൽനിന്ന് വിലാപയാത്ര പുറപ്പെട്ടു. അതിനുമുന്പ് കൊച്ചി ലേക്‌ഷോർ ആശുപത്രിയിൽ പ്രതിപക്ഷ നേതാവ് രേമശ് ചെന്നിത്തല ഉൾപ്പെെടയുള്ളവർ അന്തിമോപചാരം അർപ്പിച്ചു. നൂറുകണക്കിന് വാഹനങ്ങളുടെയും കണ്ണീരടക്കാത്ത അനുയായികളുടെയും സാന്നിധ്യത്തിലായിരുന്നു വിലാപയാത്ര. ജനങ്ങളിൽനിന്ന് ഒരു നിമിഷംേപാലും അകലാൻ ആഗ്രഹിക്കാത്ത മാണി മടക്കയാത്രയും അവർക്കൊപ്പമാക്കി. കോട്ടയവും ജന്മനാടായ മരങ്ങാട്ടുപിള്ളിയും കർമഭൂമിയായ പാലായും നേരംവൈകിയിട്ടും കാത്തുനിൽക്കുകയായിരുന്നു. എവിടെപ്പോയാലും എന്റെ പാലായിലേക്ക് വരുമെന്നും അതിന് നല്ലനേരം നോക്കേണ്ടതില്ലെന്നുമുള്ള മാണിസാറിന്റെ വാക്കായിരുന്നു അവരുടെ ഉറപ്പ്. അവർക്കിടയിലെത്തി നേതാവ് അന്ത്യവിശ്രമത്തിന് കാത്തുകിടന്നു.

അന്തിമോപചാര ചടങ്ങുകൾ ഇങ്ങനെ

* ശവസംസ്കാര ശുശ്രൂഷ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് പാലായിലെ കൊട്ടാരമറ്റത്തെ കരിങ്ങോഴയ്ക്കൽ വീട്ടിൽ ആരംഭിക്കും.

* തുടർന്ന് മൃതദേഹം വിലാപയാത്രയായി പാലാ സെയ്ന്റ് തോമസ് കത്തീഡ്രൽ പള്ളിയിലേക്ക് കൊണ്ടുപോകും

* മൂന്നുമണിയോടെ പള്ളിയിലും സെമിത്തേരിയിലും പ്രാർഥനകൾ നടക്കും. കർദിനാൾ സിറിൽ മാർ ബസേലിയോസ്, മാർ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നല്കും.

* രാവിലെ പൊതുജനങ്ങൾക്ക് ആദരാഞ്ജലിയർപ്പിക്കാൻ വീട്ടിൽ സൗകര്യമൊരുക്കും.

* ശവസംസ്കാരച്ചടങ്ങുകൾക്കുശേഷം പാലാ കത്തീഡ്രൽ പള്ളി പാരീഷ് ഹാളിൽ അനുശോചനസമ്മേളനം.

Content Highlights: K M Mani Final Journey to Pala