തിരുവനന്തപുരം: ഭര്‍ത്താവിന്റെ ചികിത്സയ്ക്കുള്ള സഹായധനം അനധികൃതമായി കൈപ്പറ്റിയെന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് മന്ത്രി കെ.കെ. ശൈലജയുടെ ഓഫീസ്. മന്ത്രിമാരുടെ മെഡിക്കല്‍ റീഇമ്പേഴ്‌സ്‌മെന്റ് സംബന്ധിച്ച നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി മാത്രമാണ് അപേക്ഷ നല്‍കിയത്.

ചട്ടപ്രകാരം മന്ത്രിമാര്‍ക്ക്, ഭര്‍ത്താവ് അടക്കമുള്ള കുടുംബാംഗങ്ങളുടെ ചികിത്സാസഹായം ഈടാക്കാം. ഇതുപ്രകാരം പെന്‍ഷന്‍കാരുടെ ചികിത്സച്ചെലവ് ഈടാക്കുന്നതിനും തടസ്സമില്ല. മുന്‍ മുഖ്യമന്ത്രിയും മുന്‍ മന്ത്രിമാരും എല്ലാം ഇത്തരത്തില്‍ വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരായ പങ്കാളികളുടെ പേരില്‍ ചികിത്സച്ചെലവ് നിയമപരമായി ഈടാക്കിയിട്ടുണ്ട്. മന്ത്രിയെന്ന നിലയില്‍ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സ തേടുകയോ റീഇമ്പേഴ്‌സ്‌മെന്റ് നേടുകയോ ചെയ്തിട്ടില്ല. തുടര്‍ചികിത്സയ്ക്കുമാത്രമാണ് ഭര്‍ത്താവ് സ്വകാര്യ ആസ്​പത്രിയില്‍ പോയത്.

റീഇമ്പേഴ്‌സ്‌മെന്റിന് ഹാജരാക്കിയ ബില്ലുകളില്‍ ആഹാരസാധനങ്ങളുടെ തുക വാങ്ങിയെന്ന തെറ്റായ പ്രചാരണവും നടക്കുന്നുണ്ട്. ഭക്ഷണമുള്‍പ്പെടെ ബില്ല് ഒന്നിച്ചുനല്‍കുന്ന സംവിധാനമാണ് പല ആസ്​പത്രികളിലും. മന്ത്രിയുടെ ഭര്‍ത്താവിനെ ചികിത്സിച്ച ആസ്​പത്രിയില്‍നിന്ന് ഇത്തരത്തിലുള്ള ബില്ലായിരുന്നു നല്‍കിയിരുന്നത്. അങ്ങനെ ചെലവായ തുക അനുവദിക്കണമെന്ന് ആവശ്യപ്പെടുകയോ അത് അനുവദിച്ച് നല്‍കുകയോ ചെയ്തിട്ടില്ല. അത് ഒഴിവാക്കിക്കൊണ്ടുള്ള റീഇമ്പേഴ്‌സ്‌മെന്റാണ് അനുവദിച്ചത്.

കാഴ്ചയുമായി ബന്ധപ്പെട്ട് ഡോക്ടര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് അനുയോജ്യമായ കണ്ണടവാങ്ങിയത്. വ്യക്തിഹത്യമാത്രം ഉദ്ദേശിച്ചുള്ള വാര്‍ത്തകള്‍ക്കുപിന്നില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യമാണുള്ളതെന്നും മന്ത്രിയുടെ ഓഫീസ് അഭിപ്രായപ്പെട്ടു.