തിരുവനന്തപുരം: ശബരിമലയെ അക്രമവേദിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒത്തുകളിച്ചെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ശബരിമലയിൽ കേന്ദ്രസർക്കാരിന്റെ നിർദേശമനുസരിച്ചാണ് നിരോധനാജ്ഞ (144) പ്രഖ്യാപിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഇത് തെളിയിക്കുന്നതാണെന്ന് കേസരിസ്മാരക ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

ശബരിമലയെ രക്തപങ്കിലമാക്കിയ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളോടും വിശ്വാസികളോടും മാപ്പുപറയണം. അയ്യപ്പനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച് പ്രധാനമന്ത്രിതന്നെ പരിധിവിട്ട നാടകം കളിക്കുകയാണ്. ശബരിമലയെ സംരക്ഷിക്കാനായിരുന്നുവെങ്കിൽ കേന്ദ്രസർക്കാരിന് ഓർഡിനൻസ് കൊണ്ടുവന്നാൽ മതി. മുത്തലാഖിനെതിരേ ഓർഡിനൻസ് കൊണ്ടുവന്ന മോദി ശബരിമലവിഷയത്തിൽ മൗനം പാലിച്ചു. ശബരിമലയിൽ വിശ്വാസം സംരക്ഷിക്കാൻ കോൺഗ്രസ് അധികാരത്തിലെത്തിയാൽ നിയമനിർമാണം നടത്തും -വേണുഗോപാൽ പറഞ്ഞു.

രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിൽ സി.പി.എമ്മിന് എന്തിനാണ് അങ്കലാപ്പെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യകണ്ട ഏറ്റവും വലിയ പ്രതിരോധ അഴിമതിയായ റഫാൽവിഷയം ഉന്നയിക്കുന്നതിൽ ഇടതുപക്ഷം മൗനംപാലിക്കുകയാണ്. പാർലമെന്റിൽ ഒരിക്കൽപ്പോലും ഇത് ഉന്നയിക്കാതിരുന്നതിലെ അർഥം മനസ്സിലാകുന്നില്ല. പിണറായിക്കെതിരേ ഉയർന്ന ലാവലിൻ ആരോപണം ബി.ജെ.പി.യും പ്രചാരണ വിഷയമാക്കാതിരിക്കുമ്പോൾ ഇരുകൂട്ടരും തമ്മിലുള്ള ബന്ധം വ്യക്തമാകുമെന്നും വേണുഗോപാൽ പറഞ്ഞു.

പ്രിയങ്കയുടെ സ്ഥാനാർഥിത്വം ചർച്ച ചെയ്തിട്ടില്ല

വാരാണസിയിലെ പ്രിയങ്കാഗാന്ധിയുടെ സ്ഥാനാർഥിത്വം പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചർച്ചചെയ്തിട്ടില്ല. എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വാരാണസിയിൽ മത്സരിക്കുമെന്ന വാർത്തകളോട്‌ പ്രതികരിക്കുകയായിരുന്നു വേണുഗോപാൽ. ബി.ജെ.പി.യുടെ കോട്ടകൊത്തളങ്ങൾ തകർന്നടിയുമെന്നാണ് ആദ്യഘട്ട തിരഞ്ഞെടുപ്പോടെ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തെ പ്രചാരണത്തിൽ പാളിച്ചയില്ല

തിരുവനന്തപുരം മണ്ഡലത്തിലെ പ്രചാരണപ്രവർത്തനങ്ങളിൽ പാളിച്ചയില്ലെന്നും ഇതുസംബന്ധിച്ച് ഒരു പരാതിയും ശശി തരൂർ നൽകിയിട്ടില്ലെന്നും വേണുഗോപാൽ. ഡി.സി.സി. സെക്രട്ടറിമാരടക്കം പരാതി ഉന്നയിച്ചതായ ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. മണ്ഡലത്തിൽ കേന്ദ്ര നിരീക്ഷകനെ നിയമിച്ചത് പ്രത്യേകശ്രദ്ധ കിട്ടാനാണ്. എല്ലാ മണ്ഡലങ്ങളിലും നിരീക്ഷകരെ നിയമിച്ചിട്ടുണ്ട്. താൻ ആലപ്പുഴയിൽ മത്സരിക്കാതിരുന്നത് ജനറൽ സെക്രട്ടറിയെന്ന നിലയിൽ പാർട്ടി പറഞ്ഞിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

content highlights: k c venugopal criticises pinarayi vijayan and narendra modi over sabarimala issue