കാസര്‍കോട്: കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കും അവതരിപ്പിച്ച ബജറ്റുകള്‍ കണ്‍കെട്ട് വിദ്യയായിരുന്നു എന്ന് കെ.സി.വേണുഗോപാല്‍ എം.പി. പറഞ്ഞു. ഇക്കാര്യത്തില്‍ ധനകാര്യമന്ത്രിമാര്‍ ചേട്ടന്‍വാവ അനിയന്‍വാവ ചമയുകയാണ്. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ജനശ്രീ സുസ്ഥിരവികസന മിഷന്‍ വാര്‍ഷികസമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരില്‍നിന്ന് ജനങ്ങള്‍ ഒരുപാട് സഹായം പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍, ആ പ്രതീക്ഷകള്‍ക്ക് വിപരീതമായാണ് പുതിയ ബജറ്റുകള്‍. ആരോഗ്യസുരക്ഷാപദ്ധതിയാണ് കേന്ദ്ര ബജറ്റില്‍ ഏറ്റവും കൂടുതല്‍ ഉറ്റുനോക്കിയിരുന്നത്. ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വഹിക്കുമെന്ന് പറഞ്ഞെങ്കിലും അതിന്റെ 40 ശതമാനം സംസ്ഥാനം വഹിക്കണം. ഇതിന് പുറമേ ഒരു ശതമാനം സെസ് കൊടുക്കുകയും വേണം. മാത്രമല്ല, പ്രഖ്യാപനം നടത്തിയതല്ലാതെ പദ്ധതിയില്‍ നടപടികള്‍ ഒന്നും ആയിട്ടുമില്ല. ഫലത്തില്‍ അടുത്ത തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടുള്ള വാചകക്കസര്‍ത്ത് മാത്രമാണിതെന്നും എം.പി. അഭിപ്രായപ്പെട്ടു.

സംസ്ഥാന ബജറ്റില്‍ കര്‍ഷകര്‍ക്കായി ഒന്നും മാറ്റിവെച്ചിട്ടില്ല. കാര്‍ഷിക ലോണുകള്‍ക്ക് ഏര്‍പ്പെടുത്തിയ പലിശയില്‍ ഇളവ് കൊടുക്കാന്‍ പോലും സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. സ്മാരകങ്ങള്‍ കെട്ടിപ്പൊക്കുന്നതിനാണ് ഈ ബജറ്റ് പ്രധാനമായും മുന്‍തൂക്കം നല്‍കുന്നതെന്നും ഇത് ഭാവിയില്‍ കേരളത്തെ വലിയ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനശ്രീ മിഷന്‍ ചെയര്‍മാന്‍ എം.എം.ഹസ്സന്‍ അധ്യക്ഷതവഹിച്ചു. യോഗത്തില്‍ ബാരിഭാഷയ്ക്ക് ലിപി തയ്യാറാക്കി നിഘണ്ടു രചിച്ച ഡോ. എ.എം.ശ്രീധരനെ ആദരിച്ചു.

കെ.നീലകണ്ഠന്‍, യു.ടി.ഖാദര്‍, എം.കെ.രാഘവന്‍ എം.പി., കെ.സി.ജോസഫ് എം.എല്‍.എ., തമ്പാനൂര്‍ രവി, ഷമാ മുഹമ്മദ്, ബി.എസ്.ബാലചന്ദ്രന്‍, ലതിക സുഭാഷ്, സൈമണ്‍ പള്ളത്തുകുഴി എന്നിവര്‍ സംസാരിച്ചു. ഉച്ചയ്ക്ക് നടത്തിയ സുസ്ഥിര വികസനസമ്മേളനത്തില്‍ ഡോ. ബി.എസ്.ബാലചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. മൈക്രോസംരംഭങ്ങളും ജൈവകൃഷിയും എന്ന വിഷയത്തില്‍ ക്ലാസ് നടത്തി. സി.പി.സി.ആര്‍.ഐ.യിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. പി.സുബ്രഹ്മണ്യന്‍ നേതൃത്വം നല്‍കി. പി.സുധീപ്, ബാബുമോഹന്‍ എം.പി., എം.ബി.രശ്മി എന്നിവര്‍ സംസാരിച്ചു.