തിരുവനന്തപുരം: കിഫ്ബി പദ്ധതികളിൽ മെല്ലെപ്പോക്കാണെന്ന വിമർശനവുമായി കെ.ബി. ഗണേഷ്‌കുമാർ നിയമസഭയിൽ. 2017-18ൽ അനുവദിച്ച റോഡുകൾപോലും നിർമാണം തുടങ്ങിയിട്ടില്ല. അനാവശ്യ നിബന്ധനകളുമായി കിഫ്ബി ഉദ്യോഗസ്ഥർ തടസ്സംനിൽക്കുകയാണ്.

പൊതുമരാമത്ത് വകുപ്പിലെ എൻജിനിയർമാരെക്കാൾ കൺസൽട്ടൻസിക്കാരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. കിഫ്ബിയുടെ സമ്പത്തെല്ലാം കൺസൽട്ടൻസി കൊണ്ടുപോകുകയാണ്. പദ്ധതിനിർവഹണം കിഫ്ബിക്കു വേണ്ടിയാണോ നാട്ടുകാർക്കു വേണ്ടിയാണോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈകാരികമായായാണ് ഗണേഷ്‌കുമാർ സംസാരിച്ചത്. അമ്മയ്ക്ക് ഹൃദയാഘാതമുണ്ടായി എന്നറിഞ്ഞ് അവിടേക്കു പോയ താൻ 20 മിനിറ്റ് ഗതാഗതക്കുരുക്കിലായി. വീട്ടിലെത്തിയപ്പോഴേക്കും അമ്മ മരിച്ചിരുന്നുവെന്നു പറഞ്ഞപ്പോൾ ഗണേഷിന്റെ വാക്കുകൾ ഇടറി.

നടപടിയെടുക്കണമെന്ന് ഷംസീർ

ഗണേഷ് ഉന്നയിച്ച വിഷയം പൊതുവികാരമായി കണ്ട് മന്ത്രി നടപടിയെടുക്കണമെന്ന് എ.എൻ. ഷംസീറും ആവശ്യപ്പെട്ടു.

അഭിമാനത്തോടെ പുറത്തിറങ്ങാനായി

കിഫ്ബി പദ്ധതികൾ വന്നശേഷമാണ് ജനപ്രതിനിധികൾക്ക് അഭിമാനത്തോടെ പുറത്തിറങ്ങി നടക്കാനായതെന്ന് മന്ത്രി മുഹമ്മദ് റിയാസ് മറുപടി നൽകി. ചില തടസ്സങ്ങളുടെ പേരിൽ നിബന്ധനകൾ മാറ്റാനാവില്ല. പൊതുമരാമത്ത് വകുപ്പും കിഫ്ബിയും ഒരുമിച്ചാണ് പോകുന്നത്. രണ്ടായി തിരിക്കാനുള്ള ശ്രമം നടക്കില്ല. ഗുണനിലവാരം ഉറപ്പുവരുത്താനാണ് ചില നിബന്ധനകൾ. പരിഹരിക്കാൻ നിർദേശിച്ചിട്ടും നടപ്പായില്ലെങ്കിൽ പ്രവൃത്തി സസ്പെൻഡ് ചെയ്യുന്നുണ്ട്. നിർവഹണം വേഗത്തിലാക്കാൻ എല്ലാ മാസവും കിഫ്ബി-പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.