കൊച്ചി: ചട്ടങ്ങൾ ലംഘിച്ച് മെട്രോയിൽ ജനകീയയാത്ര നടത്തിയ സംഭവത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൊഴി രേഖപ്പെടുത്തി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്.

2017 ജൂൺ 20-നാണ് കേസിനാസ്പദമായ സംഭവം. ആലുവമുതൽ എറണാകുളംവരെ യു.ഡി.എഫ്. നേതാക്കൾ ചട്ടങ്ങൾ ലംഘിച്ച് മെട്രോയിൽ യാത്രചെയ്തെന്നാണു കേസ്. ആലുവ പോലീസാണ് കേസെടുത്തത്.

മെട്രോയ്ക്കകത്ത് മുദ്രാവാക്യം മുഴക്കിയും മറ്റും യാത്രക്കാർക്ക് അലോസരമുണ്ടാക്കുന്ന വിധത്തിലായിരുന്നു ഇവരുടെ യാത്ര. സുരക്ഷാവീഴ്ചയുണ്ടായതായും ആരോപണമുയർന്നിരുന്നു. 27 നേതാക്കൾക്കെതിരേയാണു കേസെടുത്തത്. ആര്യാടൻ മുഹമ്മദ്, അനൂപ് ജേക്കബ്, വി.ഡി. സതീശൻ, ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ, വി.കെ. ഇബ്രാഹിംകുഞ്ഞ്, ഹൈബി ഈഡൻ എന്നിവർ ഉൾപ്പെടെയാണിത്.

അൻവർസാദത്ത് എം.എൽ.എ.യുടെ മൊഴിയും തിങ്കളാഴ്ച രേഖപ്പെടുത്തി. മറ്റു നേതാക്കളുടെ മൊഴി വരുംദിവസങ്ങളിലെടുക്കും.