കോട്ടയം: പാലാ ബിഷപ്പിനെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിപ്പറഞ്ഞ സാഹചര്യത്തിൽ ജോസ് കെ.മാണി എൽ.ഡി.എഫിൽനിന്ന് രാജിവെച്ചിറങ്ങണമെന്ന് ജനപക്ഷം ചെയർമാൻ പി.സി.ജോർജ്. പാലാ ബിഷപ്പിെൻറ പ്രസ്താവനയെ ആദ്യം അനുകൂലിച്ച മുഖ്യമന്ത്രി മണിക്കൂറുകൾകൊണ്ട് അത് തിരുത്തിയത് കേരളത്തിന് അപമാനമാണെന്നും അദ്ദേഹം കോട്ടയത്ത്‌ പത്രസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തേക്ക് വൻതോതിൽ ലഹരിവസ്തുക്കളെത്തുന്നെന്ന വസ്തുത പിണറായി കണ്ടില്ലെന്ന് നടിക്കുകയാണ്. ബിഷപ്പ് ക്ഷണിച്ചിട്ടാണ് മന്ത്രി വി.എൻ.വാസവൻ പാലാ അരമനയിലെത്തിയതെന്ന മുഖ്യമന്ത്രിയുടെ വാദം കള്ളമാണ്. വാസവൻ അങ്ങോട്ട്‌ പോയി കണ്ടതാണ്.

വിശ്വാസിസമൂഹത്തിന് ബിഷപ്പ് മുന്നറിയിപ്പ് നൽകുകയായിരുന്നു. ബിഷപ്പ് പറഞ്ഞ വിഷയത്തിൽ സമഗ്രാന്വേഷണം നടത്തണം. നർക്കോട്ടിക് ജിഹാദ് ഒരു സമുദായത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. ഹിന്ദു, മുസ്‍ലിം, ക്രൈസ്തവ സമുദായങ്ങളിലെ യുവതീയുവാക്കളെയാണ് ലഹരിമാഫിയ ലക്ഷ്യംവെയ്ക്കുന്നത്. എല്ലാ മതത്തിലുമുള്ളവർ ലഹരി കച്ചവടത്തിലുണ്ട്. ഇവരെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. വി.ഡി.സതീശനാണ് പ്രശ്നം വഷളാക്കിയത്. വിഷയത്തിൽ കോൺഗ്രസ് ആത്മസംയമനം പാലിക്കണമായിരുന്നെന്നും ജോർജ് പറഞ്ഞു.

Content Highlights: Jose k Mani should resign from LDF says pc george