കോട്ടയം: കേരള കോൺഗ്രസിലെ ഭിന്നിപ്പ് രൂക്ഷമാക്കി ജോസ് കെ. മാണിവിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷന് ബദൽ നിവേദനം നൽകി. ചെയർമാൻ കെ.എം. മാണി മരിച്ചതിനാൽ പാർട്ടി ഭരണഘടനപ്രകാരം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിന് ചെയർമാൻസ്ഥാനം ലഭിച്ചതായി സംഘടനാച്ചുമതലയുള്ള ജോയ് ഏബ്രഹാം കമ്മിഷന് കത്തുനൽകിയിരുന്നു. ഇതിനു ബദലായാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ നീക്കം.
പി.ജെ. ജോസഫിനോട് സംസ്ഥാനകമ്മിറ്റി വിളിച്ചുചേർക്കാൻ കമ്മിഷൻ നിർദേശിക്കണമെന്നാണ് ആവശ്യം. ജോസഫിന് ചെയർമാൻസ്ഥാനം നൽകേണ്ടത് സംസ്ഥാനകമ്മിറ്റിയാണ്. അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. ജോയ് ഏബ്രഹാമിന് സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറിസ്ഥാനം നൽകിയിട്ടില്ല. ജോയ് ഏബ്രഹാം 25 ജനറൽ സെക്രട്ടറിമാരിൽ ഒരാൾ മാത്രമാണെന്നും നിവേദനത്തിൽ പറയുന്നു.
ജോസ് കെ. മാണിയാണ് നിവേദനത്തിൽ ആദ്യം ഒപ്പിട്ടിരിക്കുന്നത്. നിയുക്ത എം.പി. തോമസ് ചാഴികാടൻ, എം.എൽ.എ.മാരായ റോഷി അഗസ്റ്റിൻ, എൻ. ജയരാജ് എന്നിവരും ഒപ്പിട്ടിട്ടുണ്ട്.
അതേസമയം, സംസ്ഥാന കമ്മിറ്റി സമവായമില്ലാതെ വിളിച്ചുചേർക്കില്ലെന്ന് പി.ജെ. ജോസഫ് വ്യക്തമാക്കി. ചെയർമാൻ അന്തരിച്ചാൽ അധികാരം വർക്കിങ് ചെയർമാനാണ്. ഇക്കാര്യം അംഗീകരിക്കുന്നുവോയെന്ന് വ്യക്തമാക്കണമെന്നും ജോസഫ് പറഞ്ഞു.
ഔദ്യോഗിക പാർലമെന്ററി പാർട്ടിയോഗം യഥാസമയം വിളിക്കുമെന്ന് ജോസഫ് പറഞ്ഞു. വിളിച്ചാൽ വിമതപക്ഷം വരുമോയെന്നറിയണം. നിലവിൽ പാർട്ടിയിൽ അനിശ്ചിതത്വമില്ല. തിരഞ്ഞെടുപ്പ് കമ്മിഷനിൽ കൃത്യമായ രേഖകളുണ്ട്. കത്തയച്ചതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അവർ പിളർപ്പിന്റെ പക്ഷത്ത്
കേരള കോൺഗ്രസ് എനിക്കൊപ്പമാണ്. ഞാൻ സമവായത്തിന്റെ പക്ഷത്തും ജോസ് കെ. മാണിയും കൂട്ടരും പിളർപ്പിന്റെ പക്ഷത്തുമാണ്. ചെറിയസമിതിയിൽ ചർച്ചചെയ്ത് സംസ്ഥാന സമിതിയിൽ അത് പാസാക്കുന്നതാണ് കെ.എം. മാണിയുടെ കീഴ്‌വഴക്കം. ഇത് ജോസ് കെ. മാണി ലംഘിക്കുകയാണ്. ചെയർമാനാണ് യോഗം വിളിക്കേണ്ടത്. എന്നെ ചെയർമാനായി അംഗീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണം -പി.ജെ. ജോസഫ്
ജനാധിപത്യത്തിൽ ജോസഫിന് ഭയം
കെ.എം. മാണിയെയും എന്നെയും അപമാനിക്കുന്നതാണ് ജോസഫിന്റെ പരാമർശം. ചെയർമാനാകാൻ ഞാൻ ആവശ്യപ്പെട്ടിട്ടില്ല. സംസ്ഥാനകമ്മിറ്റി വിളിക്കണമെന്നതാണ് ആവശ്യം. താനാണ് ചെയർമാനെന്ന് പ്രഖ്യാപിച്ചശേഷം സമാവായം എന്ന് പറയുന്നതിൽ കാര്യമില്ല. സംസ്ഥാന കമ്മിറ്റി വിളിക്കാത്തത് ജനാധിപത്യത്തിൽ ഭയം ഉള്ളതുകൊണ്ടാണ് -ജോസ് കെ. മാണി
content highlights: jose k mani faction approaches election commission