തിരുവനന്തപുരം: കേരള കോൺഗ്രസിലെ ആഭ്യന്തരകലഹത്തിനൊടുവിൽ ജോസ് കെ. മാണി വിഭാഗം യു.ഡി.എഫിൽനിന്ന് പുറത്തായി. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇരുവിഭാഗവും പങ്കുവെക്കണമെന്ന യു.ഡി.എഫ്. ധാരണ ജോസ് വിഭാഗം പാലിക്കാത്തതിനാലാണ് നടപടി.
തിരുവനന്തപുരത്തുചേർന്ന ഉന്നതതല ചർച്ചകൾക്കുശേഷം യു.ഡി.എഫ്. കൺവീനർ ബെന്നി ബെഹനാനാണ് തീരുമാനം പ്രഖ്യാപിച്ചത്. യു.ഡി.എഫ്. തീരുമാനത്തോട് വികാരഭരിതമായാണ് മാധ്യമങ്ങൾക്കുമുന്നിൽ ജോസ് കെ. മാണി പ്രതികരിച്ചത്. ഐക്യജനാധിപത്യമുന്നണി കെട്ടിപ്പടുത്ത കെ.എം. മാണിയെയാണ് പുറത്താക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആഴ്ചകളായി തുടരുന്ന മാരത്തൺ ചർച്ചകളും അതിനുശേഷമുണ്ടായ തീരുമാനവും ജോസ് കെ. മാണി പാലിക്കാതിരുന്നതോടെയാണ് തിങ്കളാഴ്ച യു.ഡി.എഫ്. നേതാക്കൾ ആലോചിച്ച് കടുത്ത തീരുമാനമെടുത്തത്. യു.ഡി.എഫ്. വിട്ടശേഷം കെ.എം. മാണിയുടെ നേതൃത്വത്തിൽ തിരിച്ചെത്തി രണ്ടുവർഷം പിന്നിടുന്നതിനിടെയാണ് പുറത്താകൽ. ഇതോടെ യു.ഡി.എഫിലുള്ള ഏക കേരള കോൺഗ്രസ് മാണിവിഭാഗമായി ജോസഫ് പക്ഷം മാറി.
പുറത്തേക്കുള്ള വഴി
- ജോസഫ് വിഭാഗവും ജോസ് പക്ഷവും കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി തർക്കം തുടങ്ങുന്നു
- എട്ടുമാസം ജോസ് വിഭാഗത്തിനും ആറുമാസം ജോസഫ് വിഭാഗത്തിനുമെന്ന് യു.ഡി.എഫിൽ ധാരണ
- എട്ടുമാസം പൂർത്തിയായിട്ടും ജോസ് വിഭാഗം സ്ഥാനമൊഴിഞ്ഞില്ല. യു.ഡി.എഫ്. അങ്ങനെയൊരു ധാരണയുണ്ടാക്കിയില്ലെന്ന് നിലപാട്
- പ്രതിഷേധവുമായി ജോസഫ്. ഉമ്മൻചാണ്ടിയും പി.കെ. കുഞ്ഞാലിക്കുട്ടിയും പലവട്ടം ഇരുവിഭാഗവുമായി ചർച്ചനടത്തി.
- പ്രസിഡന്റ് സ്ഥാനം വെച്ചുമാറണമെന്ന നിലപാടിൽത്തന്നെ യു.ഡി.എഫ്. നേതാക്കൾ. കഴിഞ്ഞ ശനിയാഴ്ചവരെ രാജിക്കു സമയംനൽകി. അംഗീകരിക്കില്ലെന്ന് ജോസ്
- രമേശ് ചെന്നിത്തല, ബെന്നി ബെഹനാൻ, ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ തിങ്കളാഴ്ച തിരുവനന്തപുരത്ത് ഒത്തുചേർന്നു. വിട്ടുവീഴ്ചവേണ്ടെന്ന നിലപാട്
- പി.ജെ. ജോസഫ്, മോൻസ് ജോസഫ്, സി.എഫ്. തോമസ് എന്നിവരെ കന്റോൺമെന്റ് ഹൗസിലേക്ക് പ്രതിപക്ഷനേതാവ് വിളിപ്പിച്ചു. ഇവരെക്കൂടി അറിയിച്ചശേഷം പുറത്താക്കൽ
ഇനി ചർച്ചയില്ല
39 വർഷം യു.ഡി.എഫിനെ പ്രതിസന്ധികളിൽ സംരക്ഷിച്ച കെ.എം. മാണിയുടെ രാഷ്ട്രീയത്തെയാണ് യു.ഡി.എഫ്. തള്ളിപ്പറഞ്ഞത്. ഇത് രാഷ്ട്രീയ അനീതിയാണ്. ഇനി ഇക്കാര്യത്തിൽ ചർച്ചയില്ല. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമല്ല പ്രശ്നം. ഇല്ലാത്ത ധാരണയുണ്ടെന്ന് പ്രഖ്യാപിച്ച് രാജിവെക്കണമെന്നായിരുന്നു ആവശ്യം -ജോസ് കെ. മാണി
ധാരണ അംഗീകരിച്ചാൽമാത്രം
യു.ഡി.എഫിന്റെ നിർദേശങ്ങൾ തള്ളിയ ജോസ് വിഭാഗത്തിന് മുന്നണിയിൽ തുടരാൻ അർഹതയില്ല. പുനഃപരിശോധന വേണമെങ്കിൽ ജോസ് കെ. മാണിയാണ് നിലപാട് എടുക്കേണ്ടത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈമാറണമെന്ന് യു.ഡി.എഫുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് അംഗീകരിക്കണം. ഇതിനൊപ്പം പ്രസിഡന്റുസ്ഥാനം രാജിവെക്കണം. അതിനുശേഷമേ പുനഃപരിശോധനതന്നെ ആലോചിക്കൂ -ബെന്നി ബെഹനാൻ, യു.ഡി.എഫ്. കൺവീനർ
നീതി നടപ്പായി
വൈകിയാണെങ്കിലും യു.ഡി.എഫില്‍ നീതി നടപ്പായി. ധാരണകള്‍ പാലിക്കുന്നതില്‍ എന്നും നല്ല നിലപാട് എടുത്തിരുന്ന നേതാവായിരുന്നു കെ.എം. മാണി. അദ്ദേഹമുണ്ടാക്കിയ ധാരണയും പാര്‍ട്ടി ഭരണഘടനയും തെറ്റിച്ചയാളാണ് ജോസ് കെ. മാണി. യു.ഡി.എഫ്. ഉണ്ടാക്കിയ ധാരണയെ, അങ്ങനെയൊന്നില്ലെന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചത് -പി.ജെ. ജോസഫ്.
content highlights: Jose K Mani factiion expelled from UDF, PJ Joseph, Kerala Congress