കോട്ടയം: മയക്കുമരുന്ന് എന്ന സാമൂഹികവിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരേ ജാഗ്രതാ നിർദേശം നൽകുകയുമാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ചെയ്തതെന്ന് കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. സാമൂഹിക തിന്മകൾക്കെതിരേ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവത്‌കരിക്കാനുള്ള ഉത്തരവാദിത്വം എക്കാലവും സഭാനേതൃത്വം നിർവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിന് സഹായകരമായ ആഹ്വാനത്തിന്റെ പേരിൽ ബിഷപ്പിനെ ആക്ഷേപിക്കുന്നവർ കേരളത്തിന്റെ മതസാഹോദര്യവും സമാധാനാന്തരീക്ഷവുമാണ് തകർക്കാൻ ശ്രമിക്കുന്നത്. പിതാവിന്റെ വാക്കുകൾ വളച്ചൊടിച്ച് ഉപയോഗിക്കുന്നത് സമൂഹത്തിന്റെ പൊതുവായ താത്‌പര്യങ്ങൾക്ക് വിപരീതമാണെന്നും ജോസ് കെ. മാണി പറഞ്ഞു.

മുഖ്യമന്ത്രിയെയും കോൺഗ്രസിനെയും വിമർശിച്ച് ദീപിക ലേഖനം

പാലാ ബിഷപ്പിന്റെ പ്രസംഗവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തെയും കോൺഗ്രസ് നിലപാടിനെയും വിമർശിച്ച് ദീപിക ദിനപത്രത്തിൽ ലേഖനം. “മുഖ്യമന്ത്രിക്ക് ഇത്രയും ഉപദേശകർ ഉണ്ടായിട്ടും ഇതുവരെ ലഹരി ജിഹാദിനെക്കുറിച്ച് കേട്ടിട്ടുപോലുമില്ല. മുസ്‌ലിം തീവ്രവാദികളെ ഭയന്ന് നടത്തിയതാകാം ആ പ്രതികരണം. പക്ഷേ, അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കേരള കോൺഗ്രസ് മാണി കൂടെയുള്ള മുന്നണിയുടെ ശബ്ദവുമാണ്.

ലൗജിഹാദും നാർക്കോട്ടിക് ജിഹാദും പാലാ മെത്രാൻ കണ്ടുപിടിച്ച വാക്കുകളല്ല. മുസ്‍‌ലിം തീവ്രവാദികൾ ലോകമെങ്ങും നടപ്പാക്കുന്ന യുദ്ധതന്ത്രമാണത്. ലൗജിഹാദ് ഇല്ലെന്ന് പറയുന്നവർ അഫ്ഗാനിസ്താനിലെ ജയിലിൽ സോണിയ സെബാസ്റ്റ്യനും മെറിൻ ജേക്കബും എങ്ങനെയെത്തി എന്നതിന് ഉത്തരം പറയണം. ചരിത്രസത്യങ്ങൾപോലും പറയാൻ അനുവദിക്കാത്ത ഏകാധിപത്യ ഫാസിസമാണോ പി.ടി. തോമസും കോൺഗ്രസും ഉദ്ദേശിക്കുന്ന മതേതരത്വമെന്നും ലേഖനം ചോദിക്കുന്നു.

വി.ഡി. സതീശനും പി.ടി. തോമസും പിതാവിന്റെ വാക്കുകളെ അപലപിച്ചു. സതീശൻ പ്രതിപക്ഷനേതാവാണ്. കേരളത്തിലെ ജനാധിപത്യമുന്നണിയുടെ നേതാവ് കേരള കോൺഗ്രസ് അടക്കമുള്ള കക്ഷികൾ ചേർന്ന ജനാധിപത്യമുന്നണിയുടെ അഭിപ്രായമാകണം പറയുന്നത്. വിയോജിപ്പുള്ളവർ നിലപാട് പറയണം. അല്ലെങ്കിൽ സതീശനൊപ്പമെന്ന് കരുതേണ്ടിവരും.

കല്ലറങ്ങാട്ട് പിതാവ് പറഞ്ഞതാണ് സത്യമെന്ന് പറഞ്ഞ യൂത്ത് കോൺഗ്രസുകാരെ വിമർശിക്കാൻ ശബരീനാഥൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ തിടുക്കംകാട്ടി. പാലായിലെ യൂത്ത് കോൺഗ്രസുകാരെ ശബരീനാഥന് അറിയണമെന്നില്ല. നൂലിൽ കെട്ടി ഇറക്കപ്പെട്ടവനാണല്ലോ അദ്ദേഹമെന്നും” ലേഖനത്തിൽ പറയുന്നു.

പാലാ ബിഷപ്പിനെ പിന്തുണയ്ക്കുന്നില്ല -സിസ്റ്റർ അനുപമ

ലൗജിഹാദ്, ലഹരി ജിഹാദ് വിഷയങ്ങളിൽ പാലാ ബിഷപ്പിന്റെ പരാമർശത്തെ പിന്തുണയ്ക്കുന്നില്ലെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. സിസ്റ്റർ അനുപമയാണ് നിലപാട് അറിയിച്ചത്. ‘‘ബിഷപ്പ് പറഞ്ഞത് ശരിയോ തെറ്റോ എന്നൊന്നും വിലയിരുത്താൻ തയ്യാറല്ല. വിഷയം പഠിച്ചിട്ടില്ല. പക്ഷേ, ആ നിലപാടിനോട് യോജിപ്പില്ല’’ -സിസ്റ്റർ പറഞ്ഞു.