കോട്ടയം: പാലായിലെ ജനവിധിയെ പൂർണമായും അംഗീകരിക്കുന്നെന്ന്‌ കേരള കോൺഗ്രസ്‌ എം. ചെയർമാൻ ജോസ്‌ കെ.മാണി. എന്നാൽ യു.ഡി.എഫ്. വിജയം ബി.ജെ.പി.യുമായി നടത്തിയ വ്യക്തമായ വോട്ടുകച്ചവടത്തിലൂടെയാണ്. 2016-ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ 24821 വോട്ടുകളും 2019-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാലാ അസംബ്ലി മണ്ഡലത്തിൽ നിന്ന്‌ 26,533 വോട്ടുകളും നേടിയ ബി.ജെ.പി.ക്ക് ഇത്തവണ 10,466 വോട്ടുകൾ മാത്രമാണ്. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ ബി.ജെ.പി.യും യു.ഡി.എഫും ചേർന്ന് കുതിരക്കച്ചവടം നടത്തിയെന്നും ജോസ് കെ.മാണി പറഞ്ഞു.

കേരളത്തിന്റെ ജനാധിപത്യചരിത്രം തിരുത്തിയെഴുതിയ ജനവിധിയാണ് ഉണ്ടായിരിക്കുന്നത്. കേരള കോൺഗ്രസ് (എം.), എൽ.ഡി.എഫിൽ ചേരാനെടുത്ത തീരുമാനം ശരിയായിരുന്നെന്ന് തെളിയിക്കുന്നതാണ് ഈ ഫലം. എൽ.ഡി.എഫിന്റെ തുടർഭരണം ഉറപ്പാക്കുന്നതിൽ നിർണായകമായ പങ്ക് വഹിക്കാൻ കേരള കോൺഗ്രസ് (എം.) പാർട്ടിക്ക് കഴിഞ്ഞെന്നതിൽ അഭിമാനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.