തിരുവനന്തപുരം: കൂടത്തായി കേസിലെ റിമാൻഡ് പ്രതി ജോളി ജയിലിൽനിന്ന് ബന്ധുക്കളെ ഫോണിൽ ബന്ധപ്പെടുന്നത് നിയമാനുസൃതമാണെന്ന് ജയിൽമേധാവി ഋഷിരാജ് സിങ്. തടവുകാർക്ക് അനുവദിച്ച ഫോൺസൗകര്യമാണ് ജോളി ഉപയോഗിക്കുന്നത്. എല്ലാ ജയിലുകളിലും തടവുകാർക്ക് അവരുടെ ബന്ധുക്കളെയും അഭിഭാഷകരെയും വിളിക്കാൻ ജയിൽവകുപ്പ് ഫോൺ സജ്ജീകരിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലാജയിലിൽ വനിതാതടവുകാർക്ക് അനുവദിച്ച ഫോണാണ് ജോളി ഉപയോഗിച്ചത്. ജോളിയുടെ അപേക്ഷപ്രകാരം മകന്റെയും അഭിഭാഷകന്റെയും ഉൾപ്പെടെ മൂന്നുനമ്പറുകളിലേക്ക് വിളിക്കാൻ ഫോൺ കാർഡ് നൽകിയിട്ടുണ്ട്. മാസം 350 മിനിറ്റ് സംസാരിക്കാം.
കോവിഡ് പശ്ചാത്തലത്തിൽ തടവുകാർക്ക് ബന്ധുക്കളുമായി സംസാരിക്കാൻ കൂടുതൽസമയം അനുവദിച്ചിട്ടുണ്ട്. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലാണിത്. തടവുകാരുടെ മാനസിക സംഘർഷം ഒഴിവാക്കാനാണ് ഫോൺ ഉപയോഗിക്കാൻ കൂടുതൽസമയം അനുവദിച്ചതെന്നും ജയിൽമേധാവി അറിയിച്ചു.