തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതിക്കെതിരേ തലസ്ഥാനത്ത് ഭരണ-പ്രതിപക്ഷത്തിന്റെ രാഷ്ട്രീയംമറന്ന പ്രതിഷേധം. പാളയം രക്തസാക്ഷി മണ്ഡപത്തിനുമുന്നിൽ തിങ്കളാഴ്ച രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെ നടന്ന സംയുക്തസത്യാഗ്രഹം രാഷ്ട്രീയകേരളത്തിൽ വേറിട്ടൊരു പ്രതിരോധമായി.

നൂറുകണക്കിനുപേർ സമരത്തിന് പിന്തുണയുമായെത്തി. വിവിധസംഘടനകളും അഭിവാദ്യമർപ്പിച്ചെത്തിയതോടെ സത്യാഗ്രഹപന്തൽ സമരസാഗരമായി. മതനേതാക്കളും സാംസ്കാരികപ്രവർത്തകരും വിദ്യാർഥികളും പങ്കെടുത്തു.

സർക്കാരിന് പ്രതിബദ്ധത ഭരണഘടനയോട്

ഭരണഘടനയുടെ അടിസ്ഥാന നിലപാടുകളോടാണ് സർക്കാരിന് പ്രതിബദ്ധത. ഭരണഘടനാനിലപാടുകൾ അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരേ പൊരുതുന്നത് സത്യപ്രതിജ്ഞാലംഘനമല്ല, ഭരണഘടനയോട് കൂറുപുലർത്തലാണ്. കേരളത്തിൽ ന്യൂനപക്ഷത്തെ പൗരന്മാരായി കണക്കാക്കാൻ പറ്റില്ലെന്ന് ആരുപ്രഖ്യാപിച്ചാലും അതുനടപ്പാക്കാൻ സൗകര്യപ്പെടില്ല. സംസ്ഥാന സർക്കാരിന് ഇത്തരം തീരുമാനമെടുക്കാനാകുമോയെന്നാണ് ചിലരുടെ ആശങ്ക. എന്നാൽ സർക്കാരിന്റെ പ്രതിബദ്ധത ഭരണഘടനയോടാണ്. ആർ.എസ്.എസ് അജൻഡയോടല്ല

-പിണറായി വിജയൻ, മുഖ്യമന്ത്രി

രാജ്യത്ത് നിലനിൽക്കുന്നത് ഭയം

രാജ്യത്ത് ഭയമാണ് നിലനിൽക്കുന്നത്. പൗരത്വനിയമഭേദഗതി രാജ്യത്തെ വിഭജിക്കുന്നതാണ്. ഫാസിസത്തിനെതിരായ കൂട്ടായ്മ അനിവാര്യമായിരിക്കുകയാണ്. ആരാണ് ഇന്ത്യൻ പൗരനെന്ന് തീരുമാനിക്കുന്നത് അമിത്ഷാ ആണെന്നത് അംഗീകരിക്കാനാവില്ല. ഈ കരിനിയമം പിൻവലിക്കുംവരെ പോരാട്ടം തുടരണം. പ്രതിഷേധിക്കാനുള്ള അവകാശങ്ങളെ അടിച്ചമർത്തുകയാണ്. പാലർമെന്ററി ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന നടപടികളാണ് വ്യാപിക്കുന്നത്

-രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ്

Content Highlights: LDF and UDF joins in protest