
തൃശ്ശൂർ: കുടിയന്റെ കുമ്പസാരം’ എന്ന പുസ്തകത്തിലൂടെ സ്വന്തം മദ്യാസക്തി തുറന്നുപറഞ്ഞ ജോൺസ് കെ. മംഗലം (ജോൺസൺ മാഷ്-58) അന്തരിച്ചു. 16 വർഷം മുൻപ് ജോൺസ് കെ. മംഗലം എന്ന ജോൺസൺ മാഷ് പൂമല എന്ന മലയോര ഗ്രാമത്തിലാരംഭിച്ച പുനർജനി നൂണ്ട് പുതുജന്മം നേടിയവരേറെ. മദ്യത്തിൽ മുങ്ങിത്താഴ്ന്ന് ചിതറിപ്പോയ ആയിരക്കണക്കിന് ജീവിതങ്ങളെയാണ് വാത്സല്യത്തിന്റെ വിരൽ പിടിച്ച് ജോൺസൺ മാഷ് കരകയറ്റിയത്.
മരുന്നും മന്ത്രവുമില്ലാത്ത 21 ദിവസത്തെ ചികിത്സയാണ് പുതിയ ജീവിതത്തിനായി അദ്ദേഹം തന്നെ തേടിയെത്തുന്നവർക്കായി നിർദേശിച്ചിരുന്നത്. ഫിലോസഫിയിൽ ഡോക്ടറേറ്റ് നേടിയ ജോൺസ് കെ. മംഗലം എൽ.എൽബി.യും നേടി. പത്ത് വർഷത്തോളം കേരളവർമ കോളേജിൽ അധ്യാപകനായും മൂന്നു വർഷം വകുപ്പ് തലവനായും സേവനമനുഷ്ഠിച്ചു. പിന്നീട് 10 വർഷം അഭിഭാഷക കുപ്പായവും അണിഞ്ഞു. 2004-ലാണ് പുനർജനിയുടെ തുടക്കം.
ചികിത്സയ്ക്ക് പുറപ്പെടും മുൻപേ ജോൺസൺ മാഷ് തന്റെ പ്രിയപ്പെട്ടവർക്കായി തയ്യാറാക്കിയിരുന്ന കത്ത് അദ്ദേഹം പൂർത്തിയാക്കിയിരിക്കുന്നതിങ്ങനെയാണ്. ‘‘ഞാൻ കുറേക്കാലം കൂടി ജിവിച്ചിരിക്കണമെന്നാഗ്രഹിക്കുന്നവരുടെ പ്രാർഥനയും സഹായവുമെനിക്കുണ്ടാകുമെന്ന പ്രത്യാശയുണ്ട്. ആ പ്രത്യാശ വിഫലമാകില്ലെന്ന് കരുതട്ടെ. അഥവാ വിഫലമായാലും എനിക്ക് ഖേദമില്ല, എനിക്കറിയാം എന്റെ നാളിതുവരെയുള്ള ജീവിതം സഫലമാണ്.’’
കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച രാവിലെ 9.50-ന് കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് അന്തരിച്ചത്. പൂമല മംഗലം പി.യു. കുരിയാക്കോസിന്റെയും മറിയാമ്മയുടെയും മകനാണ്. ഭാര്യ: രാജി ജോർജ്. മകൻ: സൂരജ് ജോൺസ്. മരുമകൾ: ജീന സൂരജ്. ശവസംസ്കാരം വ്യാഴാഴ്ച 11-ന് പൂമല പറമ്പായ സെയ്‌ന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ.
content highlights: johns k mangalam passed away