Ameerul

അമീറുല്‍ ഇസ്‌ലാമിനെ കോടതിയിലെത്തിച്ചപ്പോള്‍
കൊച്ചി:പ്രതിക്ക് സംശയത്തിന്റെ ഒരു കണിക പോലും നല്‍കാനില്ല. ഡി.എന്‍.എ. സാങ്കേതിക വിദ്യയും ഹാജരാക്കിയ ഡേറ്റകളും അത്രമേല്‍ പൂര്‍ണമാണ്.' പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസിലെ വിധിന്യായത്തില്‍ കുറിച്ച വരികള്‍.

ദൃക്സാക്ഷികളില്ലാത്ത കൊലപാതകത്തില്‍ അന്വേഷണ സംഘവും പ്രോസിക്യൂഷനും എല്ലാ പ്രതീക്ഷയും പുലര്‍ത്തിയിരുന്നത് ഡി.എന്‍.എ. പരിശോധന ഫലത്തിലായിരുന്നു. അതുശരിവെച്ചാണ് പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.

വിചാരണയില്‍ 74 ദിവസമായി 100 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 291 രേഖകളും 36 തൊണ്ടിമുതലും അന്വേഷണസംഘം ഹാജരാക്കി.

പ്രതിഭാഗത്ത് അഞ്ച് സാക്ഷികളും 19 രേഖകളുമാണ് ഉണ്ടായിരുന്നത്. 2016 സെപ്റ്റംബര്‍ 17നാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അമീറുല്‍ ഇസ്ലാം തന്നെയാണ് പ്രതിയെന്ന് കരുതാന്‍ കോടതി കണ്ടെത്തിയ പ്രധാനപ്പെട്ട 10 തെളിവുകള്‍ ഇവയാണ്.

1. കൊല്ലപ്പെട്ട യുവതിയുടെ നഖങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ പ്രതിയുടെ ഡി.എന്‍.എ.

2. ചുരിദാറിന്റെ ടോപ്പില്‍ നിന്ന് കണ്ടെത്തിയ ഉമിനീരില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്രതിയുടെ ഡി.എന്‍.എ.

3. ചുരിദാറിലെ രക്തക്കറയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്രതിയുടെ ഡി.എന്‍.എ.

4. യുവതിയുടെ വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന വാതിലില്‍ കണ്ടെത്തിയ രക്തക്കറയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്രതിയുടെ ഡി.എന്‍.എ.

5. പ്രതി കൃത്യത്തിന് ഉപയോഗിച്ച കത്തിയില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ. ഇതില്‍ നിന്ന് വേര്‍തിരിച്ചെടുത്ത യുവതിയുടെ ഡി.എന്‍.എ.

6. പ്രതിയുടെ ചെരുപ്പില്‍നിന്ന് കണ്ടെത്തിയ യുവതിയുടെ ഡി.എന്‍.എ

7. പ്രതിയുടെ ചെരുപ്പില്‍നിന്ന് കണ്ടെത്തിയ മണലിന് യുവതിയുടെ വീടിന്റെ പിന്‍വശത്തുള്ള മണലുമായുള്ള സാദൃശ്യം

8. സംഭവത്തിനുശേഷം പ്രതി യുവതിയുടെ വീടിന്റെ പടിഞ്ഞാറുഭാഗത്തുള്ള വട്ടമരത്തില്‍ പിടിച്ച് കനാലിലേക്ക് ഇറങ്ങുന്നതു കണ്ട ശ്രീലേഖയുടെ മൊഴിയും പിന്നീട് തിരിച്ചറിയല്‍ പരേഡില്‍ ശ്രീലേഖ പ്രതിയെ തിരിച്ചറിഞ്ഞതും.

9. യുവതിയുടെ വീടിന്റെ പിന്‍ഭാഗത്തുനിന്ന് കണ്ടെത്തിയ ബീഡിയും സിഗററ്റ് ലാമ്പും പ്രതിയുടേതാണെന്ന സാക്ഷിമൊഴികള്‍.

10. പ്രതിയെ പരിശോധിച്ച സമയത്ത് വലതുകൈവിരലിലെ മുറിവ് സംബന്ധിച്ച് ഡോക്ടറോട് പറഞ്ഞ മൊഴി. പെണ്‍കുട്ടി കടിച്ചതാണെന്ന് പ്രതി ഡോക്ടറോട് പറഞ്ഞിരുന്നു.
ചെയ്തത് കടമ

യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനെത്തിയപ്പോള്‍ സാധാരണ ചെയ്യുംപോലെ പരമാവധി തെളിവുകള്‍ കണ്ടെത്താനാണ് ശ്രമിച്ചത്. അതെല്ലാം ഇപ്പോള്‍ കോടതിവിധിയില്‍ നിര്‍ണായകമായതായി പറയുന്നു. ഈ കേസിന് പ്രത്യേകതയൊന്നും കല്‍പിച്ചല്ല ഞങ്ങള്‍ ജോലി ചെയ്തത്. പരമാവധി തെളിവുകള്‍ ശേഖരിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയെന്നത് ഒരു സര്‍ജന്റെ ഉത്തരവാദിത്വമാണ്

ഡോ.ലിസാ ജോണ്‍, ആലപ്പുഴ മെഡിക്കല്‍ കോളേജ്
 
കണ്ടെത്താനാകാതെ വസ്ത്രവും കത്തിയും

കൊച്ചി: തെളിവുനശിപ്പിക്കല്‍ കുറ്റത്തില്‍ പ്രധാനമായി ചൂണ്ടിക്കാട്ടിയിരുന്നത് രക്തക്കറപുരണ്ട പ്രതിയുടെ വസ്ത്രങ്ങളും കത്തിയുമായിരുന്നു.

കൊലയ്ക്കുശേഷം പ്രതി തീവണ്ടിമാര്‍ഗം അസമിലേക്കുപോയി. ആ സമയത്ത് തീവണ്ടിയില്‍നിന്ന് രക്തംപുരണ്ട വസ്ത്രങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇത് കൃത്യമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ തെളിവുനശിപ്പിക്കല്‍ കുറ്റമായ ഐ.പി.സി. 210 പ്രതിയില്‍ ആരോപിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.