നഴ്സിങ് മേഖലയില്‍ ഒഴിവ് 60,000

കേരളത്തില്‍ നോര്‍ക്കാ റൂട്‌സിന്റെ പരിശീലനം സൗജന്യം

തിരുവനന്തപുരം: ജപ്പാനിലേക്ക് വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഇന്ത്യയും ജപ്പാനും ചേര്‍ന്ന് ആരംഭിക്കുന്ന 'പ്രത്യേക വിദഗ്ധ തൊഴിലാളി പദ്ധതി' (സ്‌പെസിഫൈഡ് സ്‌കില്‍ഡ് വര്‍ക്കേഴ്സ്) കേരളത്തില്‍ നടപ്പാക്കുമ്പോള്‍ കൂടുതല്‍ പരിഗണന ലഭിക്കുക നഴ്സിങ് മേഖലയ്ക്ക്. ഏകദേശം 60,000 നഴ്സുമാരെയാണ് ജപ്പാനിലേക്ക് ആവശ്യം. വലിയൊരു ശതമാനവും കേരളത്തില്‍നിന്നാകുമെന്നാണ് പ്രതീക്ഷ. എന്‍ജിനിയറിങ് മേഖലയില്‍നിന്ന് ഒട്ടേറെ പേര്‍ക്ക് മികച്ച തൊഴില്‍ സാധ്യതയുണ്ട്.

കേരളത്തില്‍ നോര്‍ക്ക റൂട്‌സിനാണ് പരിശീലനത്തിന്റെ ചുമതല. പരിശീലനത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഒരുമാസത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് വ്യക്തമായ നിര്‍ദേശമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് നോര്‍ക്ക റൂട്‌സ് റെസിഡന്റ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ പറഞ്ഞു. ജപ്പാനില്‍നിന്ന് ഭാഷ പഠിപ്പിക്കാന്‍ പരിശീലകന്‍ എത്തുന്നതനുസരിച്ച് അപേക്ഷകരെ ക്ഷണിക്കും. പരിശീലനം സൗജന്യമായിരിക്കും. യോഗ്യതാ പരീക്ഷയില്‍ വിജയിച്ചാല്‍ ജപ്പാനിലേക്ക് കപ്പല്‍ കയറാം. വീട്ടുജോലി, അവിദഗ്ധ തൊഴില്‍ മേഖലകളിലും സാധ്യതകളുണ്ട്. അവിദഗ്ധ മേഖലയിലെ തൊഴിലവസരം വിദേശത്തുനിന്ന് ജോലി നഷ്ടപ്പെട്ട് തിരികെയെത്തിയവര്‍ക്കും പ്രയോജനപ്പെടുത്താം.

പദ്ധതി ഇരു സര്‍ക്കാരുകള്‍ തമ്മിലുള്ള കരാര്‍ പ്രകാരമായതിനാല്‍ കബളിപ്പിക്കപ്പെടുമെന്ന ആശങ്ക വേണ്ടാ. ആനുകൂല്യങ്ങളും നിയമ പരിരക്ഷയും തൊഴിലാളികള്‍ക്കു ലഭിക്കും. ഇടനിലക്കാരില്ലാത്തതിനാല്‍ മറ്റു ചെലവുകളുണ്ടാവില്ല. പരിശീലകന് ശമ്പളം നല്‍കുക ജപ്പാനായിരിക്കും.പരീക്ഷ ജയിച്ചാല്‍ അഞ്ചുവര്‍ഷത്തേക്കാണ് നിയമനം. കാലാവധി പൂര്‍ത്തിയാകുന്നതനുസരിച്ച് പുതുക്കാം. ജനുവരിയോടെ ആദ്യ ബാച്ചിന്റെ പരിശീലനം പൂര്‍ത്തിയാക്കാമെന്നാണു പ്രതീക്ഷിക്കുന്നത്.