ആലപ്പുഴ: വലിയൊരു ചക്കയും ഒരുകൂട് ചക്കപ്പൊടിയും മേശപ്പുറത്തുവച്ച് ചക്കയുടെ ഗുണങ്ങളെപ്പറ്റി സ്റ്റാർട്ട് അപ്പ് സംരംഭകൻ ജെയിംസ് ജോസഫ് വിവരിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തലകുലുക്കി സമ്മതിക്കേണ്ടിവന്നു.

സ്റ്റാർട്ട് അപ്പ് ഇന്ത്യ മൂവ്മെന്റിന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്രാൻഡ് ഫിനാലെയുടെ ഭാഗമായിരുന്നു പരിപാടി. ഓൺലൈനായി നടത്തിയ യോഗത്തിൽ കേരളത്തിൽനിന്ന് പങ്കെടുക്കാൻ അവസരംകിട്ടിയത് ജെയിംസ് ജോസഫിനു മാത്രമായിരുന്നു. രാജ്യത്തുനിന്ന് ആകെ 15 സംരംഭകർ. പ്രധാനമന്ത്രിക്കുമുന്നിൽ കിട്ടിയ രണ്ടുമിനിറ്റുകൊണ്ട് ചക്കയുടെയും ചക്കപ്പൊടിയുടെയും പ്രാധാന്യം വിവരിക്കാൻകഴിഞ്ഞത് വലിയനേട്ടവും അഭിമാനകരവുമാണെന്ന് ഗോഡ്സ് ഓൺ ഫുഡ് സൊല്യൂഷൻസിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ ജെയിംസ് ജോസഫ് ‘മാതൃഭൂമി’യോടു പറഞ്ഞു.

കൃഷിക്കാരന് വരുമാനംകൂട്ടാൻ ചക്ക പ്രയോജനപ്പെടുന്നതെങ്ങനെ, ഭക്ഷണമെന്ന നിലയിൽ പ്രമേഹത്തെ പ്രതിരോധിക്കുന്നതിൽ ചക്കപ്പൊടിയുടെ പങ്ക് എന്നിവയെപ്പറ്റിയെല്ലാം വിശദീകരിച്ചു. പ്രധാനമന്ത്രി എല്ലാം ശ്രദ്ധിച്ചുകേട്ടു. അതുതന്നെ വലിയ അംഗീകാരമാണെന്ന് ജെയിംസ് ജോസഫ് പറഞ്ഞു.

ചക്കയെ പൊടിരൂപത്തിലാക്കി ഭക്ഷണത്തിൽ ഉപയോഗിക്കുന്നതിലൂടെ പ്രമേഹരോഗികൾക്ക് ഗുണമുണ്ടാകും. ചക്കപ്പൊടിക്ക് പ്രമേഹത്തെ പ്രതിരോധിക്കാൻ കഴിയുമെന്ന് ക്ളിനിക്കൽ പഠനത്തിലൂടെ തെളിയിച്ചിട്ടുണ്ട്. ‘ജാക്ക്ഫ്രൂട്ട് 365’ എന്ന തന്റെ ഉത്പന്നത്തിന് പേറ്റന്റും കിട്ടി. ദോശയും ചപ്പാത്തിയുമെല്ലാം ഉണ്ടാക്കുമ്പോഴും ചക്കപ്പൊടി ചേർക്കാമെന്ന് യോഗത്തിൽ താൻപറഞ്ഞപ്പോൾ പ്രധാനമന്ത്രി സമ്മതിച്ചത് വലിയ അംഗീകാരമാണെന്ന് ജെയിംസ് ജോസഫ് പറയുന്നു. പിറവം മൂലക്കാട്ടു കുടുംബാംഗമായ ഈ അൻപതുകാരൻ ഇപ്പോൾ ആലുവയിലാണ് താമസം.

content highlights: james joseph jack fruit and jackfruit powder narendra modi