തിരുവനന്തപുരം: ഗുജറാത്ത് ജയിലിൽ കഴിയുന്ന എ.എസ്.പി. സഞ്ജീവ് ഭട്ടിന് നീതിലഭിക്കാനുള്ള പോരാട്ടത്തിൽ പിന്തുണതേടി അദ്ദേഹത്തിന്റെ ഭാര്യ ശ്വേതാ ഭട്ടും മകൻ ശാന്തനു ഭട്ടും കേരളത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരെ നേരിട്ടുകണ്ട് സഹായം തേടി.

സത്യസന്ധമായി ജോലിചെയ്ത സഞ്ജിവ് ഭട്ടിനെ ചെയ്യാത്ത തെറ്റിന്റെ പേരിലാണ് ജയിലിലടച്ചതെന്ന് ഭാര്യ പറഞ്ഞു. 30 വർഷം മുമ്പുനടന്ന കസ്റ്റഡിമരണത്തിന്റെ പേരിലാണ് അറസ്റ്റുചെയ്തത്. എൽ.കെ. അദ്വാനിയുടെ രഥയാത്ര തടഞ്ഞതുമായി ബന്ധപ്പെട്ടുനടന്ന ബന്ദിന്റെയും തുടർന്നുണ്ടായ കലാപത്തിന്റെയും പേരിൽ അറസ്റ്റുചെയ്തയാൾ കസ്റ്റഡിയിൽ മരിച്ചുവെന്നാണ് പരാതി.

സഞ്ജീവ് ഭട്ട് ഇദ്ദേഹത്തെ അറസ്റ്റുചെയ്യുകയോ ചോദ്യംചെയ്യുകയോ ഉണ്ടായിട്ടില്ല. ജാമ്യത്തിലിറങ്ങി 18-ാം ദിവസമാണ് അയാൾ മരിക്കുന്നത്. ഒരു സാക്ഷിമൊഴിപോലും സഞ്ജീവിനെതിരേ ഉണ്ടായിട്ടില്ല. ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിച്ച നാനാവതി കമ്മിഷനുമുന്നിൽ സർക്കാരിന്റെ വീഴ്ചയെക്കുറിച്ച് മൊഴിനൽകിയതാണ് ഭട്ടിനു വിനയായതെന്നും ശ്വേത പറഞ്ഞു.

ഇതിനുശേഷമാണ് പഴയ സംഭവത്തിന്റെപേരിൽ സ്വകാര്യ അന്യായം ഫയൽചെയ്ത്, സഞ്ജീവ് ഭട്ടിനെതിരേ കേസെടുക്കുന്നത്. സംഘപരിവാർ സംഘടനകൾ അദ്ദേഹത്തിന്റെ വീട് തകർത്തു. കണ്ടെയ്‌നർ വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമംനടന്നു. നീതിക്കുവേണ്ടിയുള്ള പോരാട്ടം കേരളത്തിൽനിന്നു തുടങ്ങും. മുഖ്യമന്ത്രിയെ കാണുന്നത് ഇതിനുള്ള സഹായം തേടാനാണെന്നും അവർ പറഞ്ഞു.

ശ്വേതാ ഭട്ടിന്‌ ‌എല്ലാ സഹായങ്ങളും നൽകുമെന്ന് മുഖ്യമന്ത്രി ‌ഉറപ്പുനൽകി. സമാനമനസ്കരായ മുഖ്യമന്ത്രിമാരുമായും രാഷ്ട്രീയനേതാക്കളുമായും ഇക്കാര്യം ചർച്ചചെയ്യും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, എച്ച്.ഡി. ദേവഗൗഡ, എം.കെ. സ്റ്റാലിൻ എന്നിവരുമായി ബന്ധപ്പെടും. കേരളത്തിലെ എം.പി.മാരെ ഒന്നിപ്പിച്ച് പാർലമെന്റിൽ ഇടപെടും.

നിയമസഭാ സമ്മേളനത്തിൽ ‌പ്രമേയം അവതരിപ്പിക്കുന്നകാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ്, സംസ്ഥാന സെക്രട്ടറി എ.എ. റഹീം, പ്രസിഡന്റ് എസ്. സതീഷ് തുടങ്ങിയവർക്കൊപ്പമാണ് ശ്വേത മുഖ്യമന്ത്രിയെ കണ്ടത്.

കോൺഗ്രസിന്റെ പിന്തുണതേടിയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ കണ്ടത്. പാർലമെന്റിലുൾപ്പെടെ ഇക്കാര്യത്തിൽ കോൺഗ്രസിന്റെ എല്ലാ സഹായവും ചെന്നിത്തല ഉറപ്പുനൽകി. ഇടതുപക്ഷത്തിന്റെ പിന്തുണ കോടിയേരി ബാലകൃഷ്ണനും വാഗ്ദാനം ചെയ്തു.

content highlights: Jailed Cop Sanjiv Bhatt's Wife Meets Pinarayi, Assured Support