തിരുവനന്തപുരം: പാറാവുകാരെയും ക്യാമറക്കണ്ണുകളെയും വെട്ടിച്ച് പൂജപ്പുര സെൻട്രൽ ജയിലിലേക്കു ലഹരി കടത്തുന്ന തടവുകാരെ ഇനി ശ്വാനന്മാർ പിടികൂടും. ജയിലിലേക്കു കടത്തുന്ന ലഹരിവസ്തുക്കളും മൊബൈൽ ഫോണുകളും കണ്ടുപിടിക്കാൻ പരിശീലനം ലഭിച്ച ലാബ്രഡോർ ഇനത്തിലുള്ള രണ്ടു നായ്ക്കളുൾപ്പെട്ട ഡോഗ് സ്‌ക്വാഡാണ് ഇവിടെ തയ്യാറായിട്ടുള്ളത്. തൃശ്ശൂർ കേരള പോലീസ് അക്കാദമിയിലെ പരിശീലനത്തിനു ശേഷമാണ് കെയ്‌റ, റൂബി എന്നീ നായകൾ ജയിൽ ഡോഗ് സ്‌ക്വാഡിന്റെ ഭാഗമായി പൂജപ്പുരയിലെത്തിയത്.
തടവുകാർ പുറത്തുപോയി വരുമ്പോൾ ലഹരിമരുന്ന്, മൊബൈൽഫോൺ എന്നിവ ഒളിപ്പിച്ചു കടത്തുന്നതു തടയുക, പച്ചക്കറികളും മറ്റു സാധനങ്ങളുമായി ജയിലിലേക്കു വരുന്ന വാഹനങ്ങളിൽ ലഹരിയെത്തിക്കുന്നതു തടയുക തുടങ്ങിയവയാണ് ഇവരുടെ ദൗത്യം.
ലഹരിവസ്തുക്കൾ മണത്തു കണ്ടെത്താൻ പ്രത്യേക പരിശീലനമാണ് ഇവയ്ക്കു നൽകിയിട്ടുള്ളത്. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കാണ് സ്‌ക്വാഡിന്റെ ചുമതല. ദിവസവും സെല്ലുകളിലും ജയിൽ പരിസരത്തും പ്രവേശനകവാടത്തിലും സ്‌ക്വാഡ് പരിശോധന നടത്തും.
ലഹരിവസ്തു കടത്ത് തടയാൻ കണ്ണൂർ, തൃശ്ശൂർ സെൻട്രൽ ജയിലുകൾ കേന്ദ്രീകരിച്ചും ഡോഗ് സ്‌ക്വാഡ് പ്രവർത്തിക്കുന്നുണ്ട്. പുതിയ സ്‌ക്വാഡിന്റെ ഉദ്ഘാടനം ജയിൽ മേധാവി ഋഷിരാജ് സിങ് നിർവഹിച്ചു. ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽമാരായ എസ്.സന്തോഷ്, പി.അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.