ആലപ്പുഴ: സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ വിചാരണത്തടവുകാരായി മാനസികവെല്ലുവിളി നേരിടുന്ന 88 പേര്‍. ഇതില്‍ 51 പേര്‍ ജയിലില്‍ക്കഴിയുന്നു. 37 പേരെ വിവിധ മാനസികാരോഗ്യകേന്ദ്രങ്ങളിലാക്കിയിട്ടുണ്ട്. ആഭ്യന്തരവകുപ്പിന്റെ ആവശ്യപ്രകാരം 2016-ല്‍ സാമൂഹികനീതി വകുപ്പ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

1977 മുതല്‍ ജയിലില്‍ക്കഴിയുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്. മാനസികവെല്ലുവിളി നേരിടുന്നതിനാല്‍ വിചാരണ നടപടികള്‍ നടത്താനുമാകില്ല. സാധാരണ തടവുകാരെപ്പോലെ കഴിയുന്ന ഇവര്‍ക്ക് ചികിത്സയോ മറ്റു പരിഗണനയോ ലഭിക്കുന്നില്ല.

ഇവരുടെ ദുരിതംകണ്ട് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് മാറ്റുന്നതിന് സാമൂഹികനീതിവകുപ്പ് പദ്ധതി തയ്യാറാക്കിയിരുന്നു. തീരെ ബുദ്ധിമുട്ടിലായ 34 പേരെ കണ്ടെത്തി വിവിധ സ്ഥാപനങ്ങളിലേക്ക് അയക്കാനായിരുന്നു തീരുമാനം. 2016-ല്‍ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും ജയില്‍വകുപ്പിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് കാര്യങ്ങള്‍ മുന്നോട്ടുപോയില്ല.

തടവുകാരെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അയക്കാനാകില്ലെന്നും ജയിലില്‍ത്തന്നെ മാനസികവെല്ലുവിളി നേരിടുന്നവര്‍ക്ക് പ്രത്യേക കേന്ദ്രങ്ങള്‍ ഉണ്ടാക്കി സംരക്ഷിക്കാമെന്നുമാണ് അവര്‍ അറിയിച്ചത്. പീന്നീട് ഇക്കാര്യത്തില്‍ ജയില്‍വകുപ്പ് ഒരു നടപടിയുമെടുത്തിട്ടില്ല.

വിചാരണകൂടാതെ 35 വര്‍ഷം ജയിലില്‍

സാമൂഹികനീതി വകുപ്പിന്റെ കണ്ടെത്തല്‍ പ്രകാരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 35 വര്‍ഷമായി വിചാരണത്തടവുകാരനായി മാനസികവെല്ലുവിളി നേരിടുന്ന കൃഷ്ണകുമാര്‍ എന്നൊരാളുണ്ട്. ആര്‍.ടി. 9530 നമ്പറിലുള്ള ഇദ്ദേഹത്തിന്റെ വിവരങ്ങള്‍ ജയില്‍ അധികൃതര്‍ തന്നെയാണ് വകുപ്പിന് നല്‍കിയത്. ഇയാളുടെ കൃത്യമായ വിലാസം ലഭ്യമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. മാനോനില തെറ്റിയതിനാല്‍ വിചാരണ നടപടികള്‍ നടക്കില്ല. ഇയാളെ പുനരധിവസിപ്പിക്കണമെന്ന് സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ സാമൂഹികനീതി വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ജയില്‍വകുപ്പ് താത്പര്യം കാട്ടിയില്ലെന്ന് അധികൃതര്‍ പറഞ്ഞു.

മാനസികവെല്ലുവിളി നേരിടുന്ന വിചാരണത്തടവുകാര്‍
  • തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ 29
  • അട്ടക്കുളങ്ങര വനിതാ ജയില്‍ 4
  • വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ 34
  • കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ 21
പദ്ധതി സര്‍ക്കാര്‍ അംഗീകരിക്കണം

പല രോഗങ്ങള്‍ബാധിച്ച് 1977 മുതല്‍ ജയിലില്‍ കിടക്കുന്നവരാണിവര്‍. ഇനി മറ്റുജോലികള്‍ ചെയ്യാന്‍ ഇവര്‍ക്കാകില്ല. ജയില്‍ അധികൃതര്‍ ഇവര്‍ക്കായി ഒന്നും ചെയ്യുന്നില്ല. മാനസികവെല്ലുവിളി നേരിടുന്ന തടവുകാരെക്കുറിച്ചുള്ള എല്ലാരേഖകളും കൈവശമുണ്ട്. മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മതി.

-പി. ജയകുമാര്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്, പ്രൊബേഷണറി ഓഫീസര്‍

നിയമവിരുദ്ധം

സാധാരണതടവുകാരായി മാനസികവെല്ലുവിളി നേരിടുന്നവരെ പാര്‍പ്പിക്കുന്നത് നിയമവിരുദ്ധമാണ്. ഇക്കൊല്ലം ഏപ്രിലില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മാനസികാരോഗ്യ സംരക്ഷണ നിയമപ്രകാരം ഇവര്‍ക്ക് പരിരക്ഷനല്‍കേണ്ടത് കോടതിയുടെയും സര്‍ക്കാരിന്റെയും ബാധ്യതയാണ്. ഇവര്‍ക്ക് ചികിത്സ നല്‍കാതിരിക്കുന്നതും നിയമവിരുദ്ധമാണ്.

- അഡ്വ. കാളീശ്വരം രാജ്

സര്‍വേ സംബന്ധിച്ച് അറിയില്ല

സാമൂഹികനീതി വകുപ്പ് നടത്തിയ സര്‍വേ സംബന്ധിച്ച് അറിയില്ല. അതിനാല്‍ പ്രതികരിക്കുന്നില്ല.

- ആര്‍. ശ്രീലേഖ ജയില്‍ ഡി.ജി.പി.

പുനരധിവസിപ്പിക്കും

മാനസികവെല്ലുവിളി നേരിടുന്ന തടവുകാരെ പുനരധിവസിപ്പിക്കും. ഇതിനുള്ള പദ്ധതി ഉടന്‍ നടപ്പാക്കും. സമിതികള്‍ രൂപവത്കരിച്ചുകഴിഞ്ഞു. ചര്‍ച്ചകള്‍ നടക്കുകയാണ്. നടപടിക്രമം പാലിച്ച്, ജയിലില്‍ക്കഴിയുന്ന മാനസികവൈകല്യമുള്ള തടവുകാര്‍ക്ക് ചികിത്സയും പുനരധിവാസവും ഒരുക്കും.

- കെ.കെ. ശൈലജ ആരോഗ്യമന്ത്രി