കണ്ണൂർ: ഒരു മുറിയിൽ ചെറുകഥയുടെ ‘ഇൻട്രോ’ ജനിക്കുമ്പോൾ അടുത്ത മുറിയിൽ അപസർപ്പക നോവലിലെ വെടിയൊച്ചകൾ മുഴങ്ങും. ചുവരിനപ്പുറം ചുരുളഴിയുന്നതാകട്ടെ നേരനുഭവങ്ങളുടെ ഏട്. ധർമടം ഗവ. ബ്രണ്ണൻ കോളേജിനോട് ചേർന്ന ‘ജഹനാര’ എന്ന വീടിന്റെ അകത്തളം നിറയെ കഥകളാണ്. കഥകൾ പിറക്കുന്ന ഇൗ വീട്ടിലെ ഗൃഹനാഥ ജിസ ജോസും മക്കൾ അവസാനവർഷ ബിരുദവിദ്യാർഥി ഹിരണ്വതിയും പത്താംതരം കഴിഞ്ഞ സ്വരൺദീപും എഴുത്തുകാരാണ്; ഒപ്പം ഗ്രന്ഥകർത്താക്കളും.

തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്‌ ഇൗ വർഷം എസ്.എസ്.എൽ.സി. പഠിച്ചിറങ്ങിയ സ്വരൺദീപ് എട്ടാംക്ലാസിൽ പഠിക്കുമ്പോൾ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിലാണ് അപസർപ്പക നോവലെഴുതിയത്. 24 അധ്യായങ്ങളിലായി ‘കെ.കെ.-ചില അന്വേഷണക്കുറിപ്പുകൾ’ എന്നപേരിൽ. ഏറെ വായനക്കാരെ ആകർഷിച്ച ഇത് അടുത്തുതന്നെ പുസ്തകരൂപത്തിൽ പുറത്തിറങ്ങും. മറ്റൊരു ഓൺലൈൻ മാധ്യമത്തിൽ ആനുകാലിക സംഭവങ്ങളെക്കുറിച്ച് അൻപതോളം കുറിപ്പുകളെഴുതിയിരുന്നു. ഒരു കുട്ടിയുടെ വീക്ഷണത്തിലുള്ള ആനുകാലിക സംഭവങ്ങളുടെ വിശകലനം അന്നേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കൊച്ചി രാജഗിരി കോളേജ് വിദ്യാർഥിനിയായ ഹിരണ്വതിയുടെ ചെറുകഥാ സമാഹാരമായ ‘ഫുഡ്ബോളാ’ണ് ഏറ്റവും ഒടുവിലായി ഇൗ വീട്ടിൽനിന്ന്‌ പുസ്തകരൂപത്തിൽ പുറത്തിറങ്ങിയത്. ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിലെ ‘കോളേജ് മാഗസിൻ’ പംക്തിയിൽ പ്രസിദ്ധീകരിച്ചതുൾപ്പെടെയുള്ള 10 കഥകളാണ് ഇൗ സമാഹാരത്തിലുള്ളത്. കോട്ടയം സ്വദേശിയും ബ്രണ്ണൻ കോളേജ് മലയാളവിഭാഗം മേധാവിയും വൈസ് പ്രിൻസിപ്പലുമായ ജിസ ജോസിന്റെ അവസാനമിറങ്ങിയ നോവൽ ‘മുദ്രിത’ മാതൃഭൂമി ബുക്സാണ് പ്രസിദ്ധീകരിച്ചത്. ‘ഡാർക്ക് ഫാന്റസി’ (നോവൽ), ‘ഇരുപതാംനിലയിൽ ഒരു പുഴ’, ‘സർവമനുഷ്യരുടെയും രക്ഷയ്ക്കുവേണ്ടിയുള്ള കൃപ’(കഥാസമാഹാരങ്ങൾ), ‘സ്വന്തം ഇടം’(പഠനങ്ങൾ) എന്നിവയുൾപ്പെടെ നിരവധി പുസ്തകങ്ങളുണ്ട് ഇവരുടേതായി.

വീട്ടിലെ ഗൃഹനാഥനായ എ.പ്രദീപ്‌കുമാറും സാഹിത്യവുമായി ബന്ധമുള്ള വ്യക്തിതന്നെ. ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപകനായ ഇദ്ദേഹം നാടകപ്രവർത്തകനും ഹ്രസ്വചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ്. ഇദ്ദേഹം സംവിധാനം ചെയ്ത ‘ഖദ്യോതഃ’ എന്ന സംസ്കൃത ഹ്രസ്വചിത്രം 2018-ൽ മികച്ച ഹ്രസ്വചിത്രത്തിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന പുരസ്കാരം നേടി.